ചന്ദ്രചൂഡ പാഹി ശംഭോ 

രാഗം: 

ബിലഹരി

താളം: 

ത്രിപുട

ആട്ടക്കഥ: 

അംബരീഷചരിതം

കഥാപാത്രങ്ങൾ: 

ദുർവ്വാസാവ്

സ്തുതിപ്പദം
ചന്ദ്രചൂഡ പാഹി ശംഭോ ശങ്കര ദേഹി മേ ശംഭോ!
ചന്ദ്രികാഗൗരപ്രകാശ! ശാശ്വത ഹേ ഗിരീശാ!

ശൈവതത്വമറിവോർക്കു കൈവരും കൈവല്യസൗഖ്യം
ദൈവതാന്തരഭജനം ചെയ്‌വതോർത്താലഹോ മൗഢ്യം

ശ്രീമഹാദേവന്റെ ദിവ്യനാമമാത്രം ജപിപ്പോനു
ക്ഷേമമേറ്റം വരുത്തീടും കാമദൻ പാർവ്വതീകാന്തൻ

മുപ്പുരാരി ഭക്തന്മാർക്കു കല്പവൃക്ഷതുല്യനല്ലോ
നല്പദം വേണമെന്നുള്ളോർ തല്പദം സേവിച്ചുകൊൾവിൻ.

അർത്ഥം: 

ചന്ദ്രചൂഡ പാഹി ശംഭോ:- ചന്ദ്രക്കലാധരാ, ശംഭോ, ശങ്കരാ, നിലാവുപോലെ വെളുത്ത പ്രകാശത്തോടുകൂടിയവനേ, ഹേ ഗിരീശാ, രക്ഷിച്ചാലും, സുഖമേകിയാലും. ശിവതത്വം അറിയുന്നവർക്ക് മോക്ഷസൗഖ്യം കൈവരും. ചിന്തിച്ചാൽ, മറ്റുദേവതകളെ ഭജിക്കുന്നത് മൂഢത്വമാണ്. ശ്രീമഹാദേവന്റെ ദിവ്യനാമം മാത്രം ജപിക്കുന്നവന് ഇഷ്ടവരദായകനായ ആ പാർവ്വതീകാന്തൻ ഏറ്റവും സുഖം വരുത്തീടും. ത്രിപുരാന്തകൻ ഭക്തന്മാർക്ക് കല്പവൃക്ഷത്തെപ്പോലെയാണ്. മോക്ഷം വേണമെന്നുള്ളവർ അദ്ദേഹത്തിന്റെ പാദത്തെ സേവിച്ചുകൊള്ളുക.

അരങ്ങുസവിശേഷതകൾ: 

സ്തുതിപ്പദം കലാശിച്ച് ദുർവ്വാസാവ് ‘കിടതകധീം,താം’മേളത്തിനൊപ്പം മുന്നോട്ട് വരുന്നു.
ദുർവ്വാസാവ്:(ആത്മഗതമായി)’ഇനി രാജാവിനെ കാണുകതന്നെ’
ദുർവ്വാസാവിനെ കാണുന്നതോടെ ആശ്ചര്യപ്പെട്ട് എഴുന്നേൽക്കുന്ന അംബരീഷൻ ഭക്തിയോടെ മഹർഷിയെ വണങ്ങി, ബഹുമാനപൂർവ്വം വലതുഭാഗത്തേയ്ക്ക് ആനയിച്ചിരുത്തുന്നു. അനുഗ്രഹിച്ച് വലതുവശത്തേയ്ക്ക് വരുന്ന ദുർവ്വാസാവ് പീഠത്തിൽ ഇരിക്കുന്നു. മഹർഷിയെ കെട്ടിച്ചാടികുമ്പിട്ടശേഷം അംബരീഷൻ പദാഭിനയം ആരംഭിക്കുന്നു.