പാർത്ഥിവഹതക! നീ സമ്പ്രതി ചെയ്തതു

രാഗം: 

ബിലഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

അംബരീഷചരിതം

കഥാപാത്രങ്ങൾ: 

ദുർവ്വാസാവ്

ശ്ലോകം
അതിരൂഢമജം ഗരുഢം ജഗതാം
ശരണം സ മഹീനമഹീനഭുജം
വിമൃശം തമവോചദുപേത്യമുനി-
ശ്ശരണം സ മഹീനമഹീന ഭുജം

പദം

പാർത്ഥിവഹതക! നീ സമ്പ്രതി ചെയ്തതു പാർക്കിലെത്ര ചിത്രം

അത്രിമഹാമുനിപുത്രനഹം തവ ചിത്തേ കരുതുക കുടിലതരമതേ
ച1
അതിഥിയതായ് വന്നീടിനൊരെന്നെ ആതിഥ്യേന നിമന്ത്രിച്ചുടനേ
ഹന്ത വെടിഞ്ഞു ഭുജിച്ചതിനുടെ ഫലമാലോകയ വിരവോടു ദുരാത്മൻ
ച2
വിപ്രന്മാരുടെ ഹേളനകൃത്യം വിഷ്ണുവിനോർത്താൽ സമ്മതമാമോ
അപ്രതിഹതമദമത്തന്മാരിൽ ക്ഷിപ്രം ദണ്ഡമതുചിതം നിയതം
ച3
കാലപ്രമഥനഫാലവിലോചന ലോലഹുതാശവിലാസവിലാസി
കരാളകളേബരമാകിയ കൃത്യാ കാലാനലമിഹ കല്പയാമ്യഹം

അർത്ഥം: 

അതിരൂഢമജം ഗരുഢം:- അതുല്യനും ജന്മമില്ലാത്തവനും സർപ്പശ്രേഷ്ഠന്മാരെ ഭക്ഷിക്കുന്നവനായ ഗരുഡനിൽ കയറിയിരിക്കുന്നവനും ലോകങ്ങൾക്ക് ആശ്രയമായുള്ളവനുമായ മഹാവിഷ്ണുവിനെ ധ്യാനിച്ചിരിക്കുന്നവനും ബലിഷ്ഠങ്ങളായ കൈകളോടുകൂടിയവനുമായ അംബരീഷരാജാവിന്റെ വാസസ്ഥലത്തുവന്ന് ആ ദുർവ്വാസാവ് മഹർഷി ഇപ്രകാരം പറഞ്ഞു.

പാർത്ഥിവഹതക! നീ സമ്പ്രതി ചെയ്തതു:- രാജാധമാ, നീ ഇപ്പോൾ ചെയ്തത് എറ്റവും വിചിത്രമായി തോന്നുന്നു. മഹാവഞ്ചകാ, ഞാൻ അത്രിമാമുനിയുടെ പുത്രനാണന്ന് മനസ്സിലാക്കുക. ദുഷ്ടാത്മാവേ, കഷ്ടം! അതിഥിയായി വന്ന എന്നെ സൽക്കാരത്തിനായി ക്ഷണിച്ചിട്ട് എന്നെ കൂടാതെ ഭക്ഷിച്ചതിന്റെ ഫലം ഉടനെ കണ്ടുകൊൾക. ബ്രാഹ്മണരെ അവഹേളിക്കുന്നത് വിഷ്ണുവിന് സമ്മതമാകുമോ എന്ന് ആലോചിക്കു. എതിരില്ലാത്ത അഹങ്കാരത്തോടുകൂടിയവരെ പെട്ടന്ന് ശിക്ഷിക്കുന്നതാണ് ഉചിതമെന്നുറപ്പ്. കാലാന്തകനായ ശിവന്റെ നെറ്റിക്കണ്ണിൽ ചലിച്ചുകൊണ്ടിരിക്കുന്ന അഗ്നിജ്വാലപോലെ ശോഭിക്കുന്നവളും ഭയങ്കര ശരീരിയുമാകുന്ന കൃത്യയാകുന്ന പ്രളയാഗ്നിയെ ഞാനിപ്പോൾ സൃഷ്ടിക്കുന്നുണ്ട്.

അരങ്ങുസവിശേഷതകൾ: 

ശ്ലോകം കൊട്ടിക്കലാശിക്കുന്നതോടെ ക്രുദ്ധനായ ദുർവ്വാസാവ് വലത്തുഭാഗത്തുകൂടി ഓടി പ്രവേശിക്കുന്നു.
ദുർവ്വാസാവ്:(‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി നിന്നിട്ട്)’എവിടെ? ഞാൻ വരുംമുമ്പ് പാരണകഴിച്ച ആ രാജാവ് എവിടെ?’ (വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’വെച്ചുനിന്ന് അംബരീഷനെ കണ്ട് അത്യന്തം ക്രുദ്ധിച്ച്)’എടാ, ഞാൻ വരുംമുമ്പ് നീ ബ്രാഹ്മണർക്ക് ഭോജനവും നൽകി പാരണയും കഴിച്ചു അല്ലേ? ഇപ്രകാരം ചതി ചെയ്യുന്നത് സൂര്യവംശരാജാക്കന്മാർക്ക് ചേർന്നതാണോ? എന്നാൽ കണ്ടുകൊൾക’
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് ദുർവ്വാസാവ് പദം അഭിനയിക്കുന്നു.

പദം കാലാശിച്ചിട്ട് ദുർവ്വാസാവ് ‘കണ്ടുകൊൾക’ എന്നുകാട്ടി നാലാമിരട്ടിയെടുത്ത് കലാശിച്ചശേഷം ശ്ലോകത്തിന് വട്ടം വയ്ക്കുന്നു.