രാഘവ സഖേ വാക്കു

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പ

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

സുഗ്രീവൻ

ഏവം സുഗ്രീവവാക്യപ്രമുദിതഹൃദയൗ രാഘവോ ദുന്ദുഭേസ്തം

പാദാംഗുഷ്ഠേന കായം ഗുരുതരതരസൈവാക്ഷിപാന്നസ്ഥിശേഷം

താവൽ ശാഖാമൃഗാണാം മനസി സമജനിപ്രത്യയ കിഞ്ചനാർത്ഥം

സുഗ്രീവോസൗ കപീന്ദ്രാൻ സഖിബലമറിവാൻ സംശയാലേവമൂചേ

രാഘവ സഖേ വാക്കു കേള്‍ക്ക മമ വീരാ

ദുന്ദുഭി തന്നുടെ കായവിക്ഷേപണം

അന്നു ഖിന്നോപി ചെയ്തല്ലൊ ബാലി

മന്നവ നീയതിനെ മോദേനചെയ്തതിനു

ഇന്നി മമ വിശ്വാസം വന്നതില്ലല്ലൊ

ബാലി മമ സോദരന്‍ ഭീമബലധൈര്യവാന്‍

ബലമിയലും കയ്യൂക്കു കാട്ടുവതിന്നായി 

സാലാന്തികം പുക്കു താഡനം ചെയ്തുടന്‍

കൈത്തരിപ്പടക്കീടും സാലമിതല്ലൊ

ഉന്നതശാഖങ്ങളായ സാലങ്ങളില്‍

ഒന്നിനെ ഭേദിക്കവേണം ഭവാന്‍

എന്നാലതിനു മടികൂടാതെ ചെയ്‌വതി-

നുന്നിശ്ശരത്തെ നീ യാത്രയാക്കേണം

അർത്ഥം: 

ശ്ലോകം:- ഇപ്രകാരം സുഗ്രീവൻ പറഞ്ഞ വാക്കുകൾ കേട്ട് രാമലക്ഷ്മണന്മാർ സന്തോഷഭരിതരായി തീർന്നു. പിന്നെ ശ്രീരാമൻ ദുന്ദുഭിയുടെ അസ്ഥിമാത്രമായ ശരീരം കാൽ പെരുവിൽ കൊണ്ട് എടുത്തെറിഞ്ഞപ്പോൾ വാനരന്മാർക്കു അല്പം വിശ്വാസം തോന്നിയെങ്കിലും സുഗ്രീവൻ സംശയം മുഴുവൻ തീരാതെ ശ്രീരാമ ബലം അറിയാനായി വീണ്ടും ഇങ്ങനെ പറഞ്ഞു.

പദം:-കൂട്ടുകാരാ രാമ, എന്റെ വാക്കുകൾ വീരാ നീ കേൾക്കൂ. ദുന്ദുഭിയുടെ ശരീരം അന്ന് ബാലി ചെയ്തുവല്ലൊ. ഇന്നു നീയും അത് ചെയ്തെങ്കിലും എനിക്ക് പൂർണ്ണമായും വിശ്വാസം വന്നിട്ടില്ല. എന്റെ സഹോദരനായ ബാലി കയ്യൂക്കുകാട്ടാനായി, കൈത്തരിപ്പ് അകറ്റാനായി അടിയ്ക്കുന്ന ഈ സാലവൃക്ഷങ്ങളിൽ ഒന്നിനെ നീ അമ്പെയ്ത് വീഴ്ത്തണം. അതിനായി ഇപ്പോൾ അമ്പെയ്യുക.