പങ്കജാക്ഷ നിന്നുടയ പാദസേവ

രാഗം: 

സൌരാഷ്ട്രം

താളം: 

ത്രിപുട

ആട്ടക്കഥ: 

രുഗ്മിണി സ്വയംവരം

കഥാപാത്രങ്ങൾ: 

ബ്രാഹ്മണൻ

പങ്കജാക്ഷ നിന്നുടയ പാദസേവ ചെയ്യുന്നോർക്കു

സങ്കടങ്ങൾ അകന്നീടും ശങ്കയെന്തതിനു പാർത്താൽ

വിശ്വനാഥ നിന്നെതന്നെ വിശ്വസിച്ചു വാണീടുന്ന

ആശ്രിതന്മാർക്കു നീ തന്നെ ആശ്രയം മറ്റെന്തു ചൊല്ലു

ഇന്ദുമുഖി രുഗ്മിണിതൻ സന്ദേശാൽ നിന്റെ സവിധേ

നന്ദസൂനോ വന്നു ഞാനും നന്ദനീയശീല

സന്തതം ഭാവാനെതന്നെ കാന്തഭാവേന കാമിനി 

ചിന്തിച്ചങ്ങു വാണീടുന്നു ചിന്തിത ഫലസന്താന

മുറിയടന്ത (കാലം തള്ളി)

ചേദിപനു നല്‍കുവാൻ തൽ സോദരനും നിശ്ചയിച്ചു

ത്രിപുട (കാലം താഴ്ത്തി)

ഖേദം പൂണ്ടു വാണീടുന്നു കേശവ നിൻ ജീവനാഥ 

നീയവളെ വെടികിലോ ജീവനെ അവൾ വെടിയും

ഏവം നിന്നോടു പറവാൻ ഏണമിഴി അയച്ചെന്നെ

അർത്ഥം: 

താമരക്കണ്ണാ, അങ്ങയുടെ പാദം ഭജിക്കുന്നവർക്ക് സർവദു:ഖങ്ങളും അകന്നു പോകും. ആലോചിച്ചാൽ അതിൽ സംശയിക്കുവാൻ എന്തുള്ളു? ലോകനാഥാ, അങ്ങയെത്തന്നെ വിശ്വസിച്ചിരിക്കുന്ന ആശ്രിതന്മാർക്ക് അങ്ങു തന്നെയാണ് ആശ്രയം. മറ്റെന്തു പറയട്ടെ. നന്ദനന്ദനാ, അഭിനന്ദിക്കത്തക്ക സ്വഭാവഗുണത്തോടു കൂടിയവനേ, ചന്ദ്രമുഖിയായ രുഗ്മിണിയുടെ സന്ദേശവുമായിട്ടാണ് ഞാൻ അങ്ങയുടെ സമീപത്തു വന്നിരിക്കുന്നത്. ആഗ്രഹിച്ചതു കൊടുക്കുന്ന കല്പവൃക്ഷമേ, എപ്പൊഴും അങ്ങയെത്തന്നെ ഭർത്താവെന്ന നിലയിൽ ആ സുന്ദരി വിചാരിച്ചുകൊണ്ടിരിക്കുന്നു. അവളുടെ ജ്യേഷ്ഠൻ (രുഗ്മി) അവളെ ചേദിരാജാവിനു (ശിശുപാലൻ) കൊടുക്കുവാൻ നിശ്ചയിച്ചിരിക്കുന്നു. കേശവാ, അങ്ങയുടെ പ്രാണനാഥ ദു:ഖത്തിൽ മുഴുകിയിരിക്കുകയാണ്. അങ്ങ് അവളെ ഉപേക്ഷിക്കുകയാണെങ്കിൽ അവൾ പ്രാണൻ കളയും. ഇപ്രകാരം അങ്ങയോട് പറയുവാനായി ആ മാന്മിഴിയാൾ എന്നെ അയച്ചതാണ്.