ജളമതേ തവ വചനമഖിലമിതലമലം

രാഗം: 

കേദാരഗൌഡം

താളം: 

അടന്ത

ആട്ടക്കഥ: 

നരകാസുരവധം

കഥാപാത്രങ്ങൾ: 

നരകാസുരൻ

ജളമതേ ! തവ വചനമഖിലമിതലമലം രണഭൂമിയിൽ

ബലമശേഷവുമിന്നു കാട്ടുക വലരിപോ! വിരവോടു നീ

ചണ്ഡഭുജബലമിന്നു നീ മമ കണ്ടുകൊൾക സുരാധമ!

കണ്ഠനാളമതിന്നു നിന്നുടെ ഖണ്ഡനം ചെയ്തീടുവൻ!

അർത്ഥം: 

നാണമില്ലാത്തവനേ, വലരിപോ, നിന്റെ വാക്കുകൾ മതി, മതി. നിന്റെ ബലമെല്ലാം ഇന്ന് വഴിപോലെ രണഭൂമിയിൽ കാട്ടുക. വീരാ, യുദ്ധക്കളത്തിലേയ്ക്കു വരിക. എടാ, യുദ്ധക്കളത്തിലേയ്ക്കു വരിക. എന്റെ ക്രൂരമായ കരബലം ഇന്ന് നീ കണ്ടുകൊൾക. സുരാധമാ, നിന്റെ കണ്ഠനാളം ഇന്ന് മുറിക്കുന്നുണ്ട്.

അരങ്ങുസവിശേഷതകൾ: 

ഈ പദാഭിനയത്തിനു ശേഷം നരകാസുരനും ഇന്ദ്രനും തമ്മിലുള്ള യുദ്ധമാണ്. 

യുദ്ധവട്ടം-

നരകാസുരനും ഇന്ദ്രനും പരസ്പരം പോരുവിളിച്ച് അസ്ത്രമെയ്ത് യുദ്ധം ചെയ്യുന്നു. യുദ്ധാന്ത്യത്തിൽ ‘നോക്കിക്കൊൾക’ എന്നുകാട്ടി ഇരുവരും നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ നരകാസുരൻ വില്ലുകൊണ്ട് ഇന്ദ്രനെ പ്രഹരിക്കുന്നു. യുദ്ധത്തിൽ പരാജിതനാവുന്ന ഇന്ദ്രൻ ഓടി നിഷ്ക്രമിക്കുന്നു.
നരകാസുരൻ:(ഇന്ദ്രനെ ഓടിച്ച് തിരിഞ്ഞുവന്ന് ‘അഡ്ഡിഡ്ഡിക്കിട’വെച്ചു നിന്നിട്ട്)’ഇന്ദ്രൻ യുദ്ധത്തിൽ തോറ്റോടി. ആകട്ടെ ഇനി സ്വർഗ്ഗം ജയിക്കുകതന്നെ’

നരകാസുരന്റെ സ്വർഗ്ഗജയം ആട്ടം-
നരകാസുരൻ‍:(‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിയശേഷം വലത്തുഭാഗത്തായുള്ള പീഠത്തിൽ കയറിനിന്ന് ഇടത്തുകോണിലായി കണ്ടിട്ട്)’ഹോ!’ ഐരാവതം എന്ന നാൽക്കൊമ്പനാന ഇതാ വരുന്നു.’ (ചാടി താഴെയിറങ്ങി ഐരാവതത്തിനുനേരെ മൂന്നുവട്ടം അസ്ത്രം പ്രയോഗിച്ചശേഷം)’ഏ? കുലുക്കമില്ലെ?’ (ഓരോ കൈകൊണ്ടും മാറിമാറി അടിച്ചുനോക്കിയിട്ട്)’ഇളക്കമില്ലേ?’
തുടർന്ന് നരകാസുരൻ ഐരാവതവുമായി ബലം പിടിക്കുന്നു. മുന്നോട്ടും പിന്നോട്ടും പരസ്പരം തള്ളിനീങ്ങി ഒടുവിൽ നരകാസുരൻ ഐരാവതത്തെ പൊക്കി ചുഴറ്റി എറിയുന്നു. കറങ്ങി താഴെ വീഴുന്നതുകണ്ടിട്ട് നരകാസുരൻ ഐരാവതത്തിന്റെ മസ്തകത്തിൽ പ്രഹരിക്കുന്നു. അനന്തരം ഐരാവതം മസ്തകത്തിൽ അടിയേറ്റ് വേദനയോടും പാരവശ്യത്തോടുംകൂടി നിലത്തുവീണ് കൊമ്പുകുത്തുന്നതായി നരകാസുരൻ പകർന്നാടുന്നു.

മനോധർമ്മ ആട്ടങ്ങൾ: 

നരകാസുരന്റെ സ്വർഗ്ഗജയം, ഐരാവതം