മന്ദം മന്ദമാക്ക ബാഹുക

രാഗം: 

വേകട (ബേകട)

താളം: 

അടന്ത

ആട്ടക്കഥ: 

നളചരിതം മൂന്നാം ദിവസം

കഥാപാത്രങ്ങൾ: 

ഋതുപർണ്ണൻ

‘കണ്ടീലേ രഥവേഗമേവമിവനിക്കൗശല്യമോർത്തീല ഞാൻ,
മിണ്ടീലെന്നോടു ജീവലൻ മികവെഴും വാർഷ്ണേയനും ചെറ്റുമേ,
വേണ്ടീലെന്നു വരും നമുക്കവരതോർത്തല്ലീ തദി‘, ത്യാദിയോർ-
ത്തുണ്ടായുത്തരവസ്ത്രപാതമൃതുപർണ്ണോബോധയദ്‌ ബാഹുകം.

പല്ലവി:
മന്ദം മന്ദമാക്ക ബാഹുക, രഥഹയവേഗം
മന്ദം മന്ദമാക്ക ബാഹുക,

അനുപല്ലവി:
നിന്നു ചൊല്ലേണ്ടതുണ്ടൊരു വാക്കെനി-
ക്കെന്നുമല്ല, യെന്നുത്തരീയം വീണു.

ചരണം 1:
ഓർത്തിട്ടുണ്ടൊന്നു ചൊല്ലുവാനുള്ളിൽ, ചൊല്ലുവൻ
അതുമൊ, രോരൂഴം കൊടുക്ക ഹയങ്ങൾക്കു പല്ലവാൻ,
തേർത്തട്ടിന്മേൽ നാം നിൽക്കവേ വാർഷ്ണേയൻ മെല്ലവേ
പിന്നിൽ തിരിഞ്ഞിറങ്ങി എടുക്കേണമെൻ പടതല്ലജം,
അനന്തരമീവിധവേഗമോടിതങ്ങോടിക്ക-
യെന്നതുകൊണ്ടെനിക്കില്ലതിവൈകുവാൻ;
ഏവമാകേണം ബാഹുക, കേൾക്ക നീ;
ഭാവമെന്തിതിനേതും തരാഞ്ഞു നീ?

അർത്ഥം: 

ശ്ലോകസാരം: ഈ രഥത്തിന്റെ വേഗം കണ്ടില്ലേ!  ബാഹുകന്റെ സാമർത്ഥ്യം ഞാൻ ഓർത്തില്ല.  ജീവലനോ യോഗ്യനായ വാർഷ്ണേയനോ ഒന്നു മിണ്ടീല്ല.  ഇനി അവർ എനിക്ക്‌ വേണമെന്നില്ലെന്നു വരും എന്നെല്ലാം വിചാരിച്ചിരിക്കവെ ഉണ്ടായ മേൽമുണ്ടിന്റെ പതനം ചിന്തയിൽ നിന്നുണർത്തിയിട്ട്‌ തേരോട്ടത്തിൽ മാത്രം ശ്രദ്ധിച്ചിരിക്കുന്ന ബാഹുകനെ ബോധിപ്പിച്ചു.

സാരം: അല്ലയോ ബാഹുകാ തേർക്കുതിരകളുടെ വേഗത്തെ ഏറ്റവും പതുക്കെയാക്കുക.  ഒന്നു നിർത്തി ഒരു കാര്യം പറയാനുണ്ട്‌. തന്നെയല്ല എന്റെ ഉത്തരീയം വീണുപോയി.

അരങ്ങുസവിശേഷതകൾ: 

ഋതുപർണ്ണൻ നടുക്കു പീഠത്തിലും വലതുവശം വാർഷ്ണേയനും ഇടതുവശം തേർ തെളിക്കുന്ന ഭാവത്തിൽ ബാഹുകനും. ചെറുനാലരട്ടി കലാശിച്ച്‌  ബാഹുകൻ തേർ തെളിക്കുന്നു. ഋതുപർണ്ണൻ ബാഹുകനെ തടഞ്ഞ്‌ പദം.