ഇത്ഥം നിവേദ്യ ഗിരിപുത്രീം

ആട്ടക്കഥ: 

കിരാതം

കഥാപാത്രങ്ങൾ: 

പാർവതി

ശിവൻ

ഇത്ഥം നിവേദ്യ ഗിരിപുത്രീം പുനസ്സഖലു മൃത്യുജ്ഞയൻ ത്രിപുരഹന്താ

ഭക്തജനപാലൻ–മുക്തിദസുശീലൻ–

മത്തഗജവക്ത്രമുഖപുത്രരൊടുമദ്രിവര-

പുത്രിയൊടുമെത്രയുമുദാരം

ചട്ടറ്റ വമ്പുടയ കാട്ടാളവേഷമൊടു 

കാട്ടിൽ കരേറിയതുനേരം

എട്ടുദിശിയും പരിചിൽ ഞെട്ടിന നിനാദമൊടു 

കാട്ടർകുലമായരിയ ഭൂതം

വേട്ടയ്ക്കു വട്ടമിടകൂട്ടിച്ചുഴന്നരിയ 

കാട്ടിന്നകത്തു വടിവോടേ

ഒട്ടൊഴിയെ മൃഗതതിയെ വട്ടമിടയിട്ടുവല-

കെട്ടിവിളിയിട്ടു പരമേശൻ

ദുര്യോധനൻ നൃപതി വിരവോടയച്ച കിടി

സുരവൈരിയും വലയകത്തായ്

ഗിരിശനുടെ തിരുമിഴികളരുണിതമായതുപൊഴുതു

ഗിരിമകൾ ഗിരീശമിദമൂചേ

അർത്ഥം: 

പാർവ്വതീദേവി പറഞ്ഞപ്രകാരം ഉറപ്പിച്ച്, പിന്നെ മൃത്യുജ്ഞയനും, ത്രിപുരനാശകനും, ഭക്തജനങ്ങളെ പരിപാലിക്കുന്നവനും, മുക്തിദനും, നല്ലശീലങ്ങളോടുകൂടിയവനുമായ ശ്രീപരമേശ്വരൻ ശ്രീപാർവ്വതിയോടും ഗണപതിമുതലായ പുത്രന്മാരോടുംകൂടി ഏറ്റവും കരുണയോടുകൂടി വലുതും കുറ്റമറ്റതുമായ കാട്ടാളവേഷം ധരിച്ച് പ്രവേശിച്ച സമയത്ത് കാട് എട്ടുദിക്കുകളും നന്നായി ഞെട്ടുന്നതരത്തിലുള്ള കഠിനമായ ശബ്ദത്താൽ മുഖരിതമായി ഭവിച്ചു. കാട്ടിന്നകത്ത് വട്ടത്തിൽ വലകെട്ടിയിട്ട് ശ്രീപരമേശ്വരൻ കൂകിവിളിച്ചുകൊണ്ട് നന്നായി വട്ടംചുറ്റി വളരെ മൃഗങ്ങളെ വേട്ടചെയ്തു. ഈ സമയത്ത് ദുര്യോധനരാജാവിനാൽ അയയ്ക്കപ്പെട്ടവനും പന്നിയുടെരൂപത്തിൽ വന്നവനുമായ മൂകാസുരനും വലയ്ക്കകത്തായി. ശിവന്റെ തൃക്കണ്ണുകൾ ചുവന്ന സമയത്ത് പാർവ്വതി അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു.

അരങ്ങുസവിശേഷതകൾ: 

ദണ്ഡകാന്ത്യത്തിൽ കാട്ടാളസ്ത്രീയോടൊപ്പം തിരപകുതിതാഴ്ത്തുന്ന കാട്ടാളൻ ശൃംഗാരഭാവത്തിൽ കാട്ടാളസ്ത്രീയെ ആലിംഗനം ചെയ്തുനിന്നിട്ട് തിരയുയർത്തുന്നു.

കാട്ടാളന്റെ തിരനോട്ടം-

കുട്ടിക്കാട്ടാളന്മാരുടെ തിരനോട്ടം-

വീണ്ടും തിരതാഴ്ത്തുമ്പോൾ വലതുവശത്തായി കാട്ടാളനും ഇടത്തുഭാഗത്തായി കാട്ടാളസ്ത്രീയും നിൽക്കുന്നു. ഇരുവരും അന്യോന്യം നോക്കിക്കണ്ട് അത്ഭുതപ്പെടുകയും വേഷമാറ്റത്തെ പ്രശംസിക്കുകയും നേരമ്പോക്കുകൾ പറയുകയും ചെയ്യുന്നു. തുടർന്ന് നായാട്ടിന് ഒരുങ്ങുന്നു. കുട്ടികാട്ടാളന്മാരെ വിളിച്ചുവരുത്തി കാട്ടാളൻ ഓരോരുത്തരുടേയും വേഷവും ആയുധങ്ങളും പരിശോധിക്കുന്നു. കാട്ടാളൻ തന്റെ വില്ലിൽ ഞാൺ മുറുക്കി ഞാണോലിയിട്ട് പരിശോധിക്കുന്നു.

(താളം-പഞ്ചാരി)

കാട്ടാളൻ തന്റെ അമ്പുകളും വാളും രാകി മൂർച്ചകൂട്ടുന്നു.

(താളം-ചെമ്പട)

അനന്തരം എല്ലാവരും ചേർന്ന് മൃഗങ്ങളെ കുടുക്കാനായി വലകെട്ടി ഉറപ്പിക്കുന്നു.

കാട്ടാളൻ:’എല്ലാം തയ്യാറായി. ഇനി വേട്ട തുടങ്ങുകതന്നെ’

നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ ആയുധധാരികളായി കാട്ടാളനും കുട്ടികാട്ടാളന്മാരും ഒപ്പം കാട്ടാളസ്ത്രീയും പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.

തിരശ്ശീല

വീണ്ടും തിരനീക്കുമ്പോൾ കാട്ടാളൻ ക്രോധഭാവത്തോടെ വലതുവശത്തായി പീഠത്തിലിരിക്കുന്നു. ഇടതുവശത്ത് നിൽക്കുന്ന കാട്ടാളസ്ത്രീ ഇതുകണ്ട് ശങ്കിച്ചുകൊണ്ട് അടുത്ത പദാഭിനയം ആരംഭിക്കുന്നു.