രാവണാന്തകനായീടും

രാഗം: 

നാട്ടക്കുറിഞ്ഞി

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

കഥാപാത്രങ്ങൾ: 

ഹനൂമാൻ

രാവണാന്തകനായീടും രാമന്റെ ദൂതനാകും ഞാന്‍

ചെമ്പട കാലം താഴ്ത്തി 16 മാത്ര
താവകസഹജന്‍ മമ നാമം ഹനുമാനല്ലോ
പല്ലവി
(വാചം ശ്രൃണു മേ മാനുഷപുംഗവ)
 
ചരണം 1
[[ ബാലിഭയംകൊണ്ടു ഭാനുനന്ദനൻ വാഴുമ്പോൾ
വേല പലതും ചെയ്തവൻ വേദന കളഞ്ഞതും ഞാൻ ]]

ജലവിലോചനയായ ജനകയെ കാണ്‍മതിനായി
ജലധി ലംഘിച്ചു ലങ്കയെ ജ്വലനാല്‍
സംഹരിച്ചതും ഞാന്‍

(വാചം ശൃണു)

അർത്ഥം: 

രാവണാന്തകനായ രാമന്റെ ദൂതനാകുന്ന ഞാന്‍. നിന്റെ ജേഷ്ഠനായ എന്റെ നാമം ഹനുമാനെന്നാണ്. താമരമിഴിയാളായ ജാനകിദേവിയെ കാണുവാനായി സമുദ്രം ചാടിക്കടന്ന് ലങ്കയെ ചുട്ടെരിച്ചതും ഞാന്‍‌തന്നെ.

അരങ്ങുസവിശേഷതകൾ: 

ഹനുമാന്‍:‍(വാര്‍ദ്ധ്യക്യം ത്യജിച്ച്, എഴുന്നേറ്റ് യഥാര്‍ത്ഥരൂപം കാട്ടിക്കൊണ്ട്)

“രാവണാന്തകനായിടും രാമന്റെ ദൂതനാകും ഞാന്‍” എന്ന വരിമാത്രം മൂന്നാം കാലത്തിലെക്ക് കയറ്റിയാണ് ആലപിക്കുക.

“താവകസഹജന്‍” എന്നു പറയുന്നതോടെ ഭീമന്‍ ആകാംഷയോടെ ‘പേരെന്താണ്?’ എന്ന് ചോദിക്കുന്നു. ഹനുമാനാണെന്ന് അറിയുന്നതോടെ ഭീമന്‍ ആശ്ചര്യഭക്തികളോടെ ഹനുമാനെ കുമ്പിടുന്നു. ഹനുമാന്‍ ഭീമനെ അനുഗ്രഹിച്ച്, വാത്സല്യപൂര്‍വ്വം ആശ്ലേഷിക്കുന്നു. തുടര്‍ന്ന് ഭീമന്‍ ഹനുമാനെ വലതുഭാഗത്തെക്ക് ക്ഷണിച്ചുകൊണ്ട് ഇടതുഭാഗത്തേക്ക് നീങ്ങി, ഭക്തിപൂര്‍വ്വം തൊഴുതു നില്‍ക്കുന്നു.