കിന്തു കരവൈ ഹന്ത ദൈവമേ

രാഗം: 

ആനന്ദഭൈരവി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

കിർമ്മീരവധം

കഥാപാത്രങ്ങൾ: 

പാഞ്ചാലി

അഥ ദേവലോകതടിനീതടസ്ഥലീ-
മുപയാതി മജ്ജനവിധിത്സയാ മുനൌ
ദ്രുപദാത്മജാന്നരഹിതം തു ഭാജനം
വിജനേ വിലോക്യ വിഷാദ വിഹ്വലാ

പല്ലവി:
കിന്തു കരവൈ ഹന്ത ദൈവമേ
കിന്തു കരവൈ

അനുപല്ലവി:
അന്ധസാരഹിതമാകിയ സമയേ
എന്തിതിങ്ങിനെ വന്നതുമധുനാ

ചരണം 1:
മന്ദാകിന്യാം മജ്ജനം ചെയ്തു
മാമുനീന്ദ്രന്‍
താമസംവിനാ തരിക ഭോജ്യമിതി
മാമുപേത്യ യാചിച്ചീടുമ്പോള്‍

ചരണം 2:
പാരിലുള്ള ഭാമിനിമാരില്‍
ഭാഗ്യഹീനാ
പാന്ഥരിങ്ങു വന്നീടുമ്മുമ്പില്‍
പാപമല്ലയോ ഞാന്‍ ഭുജിച്ചതും

ചരണം 3:
സോപദംശം ശോഭനമന്നം
സൂപസഹിതം
താപസോത്തമനുനൽകിടാഞ്ഞാൽ
കോപമോടവന്‍ ശാപവുമേകും

ചരണം 4:
കര്‍മ്മമല്ലോ സകലത്തിനും
കാര്യമോര്‍ത്താല്‍
കര്‍മ്മസാക്ഷിസുതനന്ദന രക്ഷിത
ധര്‍മ്മഫലവുമിഹ നിഷ്ഫലമോ

ചരണം 5:
പാണ്ഡവാനാം പാലനലോല
പാഹി ശൌരേ
പാരമുള്ളോരഴല്‍ തീര്‍ത്തുടനെന്നെ
പത്മനയന കാത്തരുളുക ദേവ

അർത്ഥം: 

അഥ ദേവലോക:
അനന്തരം മുനി സ്നാനാദികള്‍ക്കായി ഗംഗാതടത്തിലേക്കു പോയപ്പോള്‍ പാഞ്ചാലി, ഭക്ഷണരഹിതമായ പാത്രം നോക്കി പരവശയായി ഏകാന്തത്തിലിരുന്നു കരഞ്ഞു.

കിന്തു കരവൈ:
അയ്യോ, ദൈവമേ,ഞാന്‍ എന്തുചെയ്യട്ടെ? ഭക്ഷണം തീര്‍ന്ന സമയത്ത് എന്തേ ഇങ്ങിനെ വന്നത്? ഗംഗയില്‍ സ്നാനംചെയ്തു വരുന്ന മാമുനീന്ദ്രന്‍ എന്നെ സമീപിച്ച് ‘താമസിയാതെ ഭക്ഷണം തരിക’ എന്ന് അപേക്ഷിക്കുമ്പോള്‍ ഞാന്‍ എന്തുചെയ്യും? പരിപ്പും കറികളും കൂട്ടി നല്ല ചോറ് താപസോത്തമന് നല്‍കിടാഞ്ഞാല്‍ കോപമോടെ അദ്ദേഹം ശപിക്കും. ചിന്തിച്ചാല്‍, കര്‍മ്മം ആണല്ലൊ എല്ലാത്തിനും കാരണം. സൂര്യപൌത്രനാല്‍(ധര്‍മ്മപുത്രനാല്‍) രക്ഷിക്കപ്പെട്ട ധര്‍മ്മത്തിന്റെ ഫലം നിഷ്ഫലമായി പോകുമോ? പാണ്ഡവന്മാരുടെ പാലനത്തില്‍ ശ്രദ്ധയുള്ളവനേ, കൃഷ്ണാ, രക്ഷിക്കണേ. വലുതായ ദു:ഖം തീര്‍ത്ത് എന്നെ ഉടനെ കാത്തരുളണേ, താമരകണ്ണനായ ദേവാ!

അരങ്ങുസവിശേഷതകൾ: 

രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്ന് പാഞ്ചാലി പദം അഭിനയിക്കുന്നു.