കണ്ടാലതിമോദമുണ്ടായ്‌വരും

രാഗം: 

കാമോദരി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

കിർമ്മീരവധം

കഥാപാത്രങ്ങൾ: 

ലളിത

ഇത്ഥം പ്രലോഭ്യ വചനൈരഥ യാജ്ഞസേനിം
ഹസ്തേന ഹസ്തതലമാത്തസുഖം ഗൃഹീത്വാ
ദുര്‍ഗ്ഗാവലോകനസമുത്സുകയാ തയാസൌ
സാര്‍ദ്ധം വനാന്തരമുപേത്യ ജഗാദ ചൈനാം
 

പല്ലവി:
കണ്ടാലതിമോദമുണ്ടായ്‌വരും
വിപിനമിതു കണ്ടായോ

ചരണം 1:
കൊണ്ടല്‍നിരതിമിരമിടയുന്ന തവ
നീണ്ടുചുരുണ്ടോരു കചമിന്നു പല
വണ്ടുകളുടനുടനിഹവന്നു മൃദു-
കണ്ടിവാര്‍കുഴലി കണ്ടു കണ്ടു പുന-
രിണ്ടല്‍‌പൂണ്ടു ബത മണ്ടീടുന്നു

ചരണം 2:
കീചകമിതാ കുഴലൂതുന്നു പിക-
ഗീതവിശേഷമോടിടചേര്‍ന്നു ഹൃദി
സൂചിതമോദമോടിഹ നിന്നു ചില
വല്ലികാനടികള്‍ വായുസഞ്ചലിത
പല്ലവാംഗുലിഭിരഭിനയിക്കുന്നു

ചരണം 3:
കുരവകതരുനിരകളില്‍ നിന്നു ചില
കുസുമനിരകരമിതാ പൊഴിയുന്നു തവ
കുറുനിരകളിലിതാ വീഴുന്നു അതു
കുവലയാക്ഷി കുതുകേന നിന്നെ
എതിരേല്‍ക്കുന്നെന്നിഹ തോന്നീടുന്നു

അർത്ഥം: 

ഇത്ഥം പ്രലോഭ്യ:
ഇപ്രകാരം പലതും പറഞ്ഞ് പാഞ്ചാലിയെ മോഹിപ്പിച്ച് കൈകോര്‍ത്തുപിടിച്ച്, ദുര്‍ഗ്ഗാദര്‍ശ്ശനമാഗ്രഹിച്ച അവളോടു കൂടി കൊടുംകാട്ടില്‍ ചെന്നെത്തിയിട്ട് ആ രാക്ഷസി ഇങ്ങിനെ പറഞ്ഞു.

കണ്ടാലതിമോദമുണ്ടായ്‌വരും:
കണ്ടാല്‍ അതിയായ സന്തോഷം ഉണ്ടാക്കുന്ന ഈ കാട് കണ്ടുവോ? പായല്‍ പോലെ ഇടതൂര്‍ന്നതും മൃദുലവുമായ മുടിയോടുകൂടിയവളേ, കാര്‍മേഘങ്ങളോടു മല്ലിടുന്ന ഭവതിയുടെ നീണ്ടുചുരുണ്ട തലമുടികണ്ട് ഒരുപാട് വണ്ടുകള്‍ ഇതാ സങ്കടത്തോടെ പെട്ടന്ന് പാഞ്ഞുപോകുന്നു. ഇതാ വണ്ടുതുളച്ച മുള, കുയിലുകളുടെ ഗാനത്തോടിണങ്ങിക്കൊണ്ട് കുഴലൂതുന്നു. ഇവിടെ ചില വള്ളികളാകുന്ന നടികള്‍ കാറ്റിനാല്‍ ചരിക്കപ്പെട്ട് സന്തോഷപൂര്‍വ്വം തളിരുകളാകുന്ന വിരളുകളാല്‍ മാടിവിളിക്കുന്നു. കുറിഞ്ഞിമരങ്ങളില്‍ നിന്ന് ചില പൂക്കളുതിരുന്നു. അത് ഭവതിയുടെ കുറുനിരകളിലും ഇതാ വീഴുന്നു. കരിങ്കൂവളപ്പൂവിനൊത്ത കണ്ണുകളോടുകൂടിയവളേ, അത് ഭവതിയെ കൌതുകത്തോടെ എതിരേല്‍ക്കുകയാണെന്നു തോന്നുന്നു.
 

അരങ്ങുസവിശേഷതകൾ: 

ശ്ലോകം ചൊല്ലിതുടങ്ങുന്നതോടെ ലളിത പാഞ്ചാലീസമീപം ചെന്ന് ‘അതിനാല്‍ നമുക്ക് പോവുകയല്ലെ?’ എന്നുചോദിക്കുന്നു. പാഞ്ചാലി സമ്മതിക്കുന്നു. ‘ഹസ്തേന ഹസ്തതല’ എന്ന് ആലപിക്കുന്നതോടെ ലളിത പാഞ്ചാലിയുടെ കരം കോര്‍ത്തുപിടിക്കുകയും ‘ഗൃഹീത്വാ’ എന്നതോടെ തന്റെ ശരീരത്തോടണയ്ക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ‘വരു,പോകാം’ എന്ന് കാട്ടിക്കൊണ്ട് ലളിത പാഞ്ചാലിയുമായി നടക്കുന്നു.

ശ്ലോകാവസാനത്തില്‍ വട്ടം വയ്ച്ച് തിരിഞ്ഞ് പാഞ്ചാലിയെ ഇടത്തുഭാഗത്തുനിര്‍ത്തി കൈവിട്ട് വലത്തേക്കുമാറി ലളിത, വിസ്മയത്തോടെ കാട് നോക്കിക്കണ്ടുകൊണ്ട് പദാഭിനയം ആരംഭിക്കുന്നു.

അനുബന്ധ വിവരം: 

“ഇണ്ടല്‍‌പൂണ്ടു ബത മണ്ടീടുന്നു”, “പല്ലവാംഗുലിഭിരഭിനയിക്കുന്നു”, “എതിരേല്‍ക്കുന്നെന്നിഹ തോന്നീടുന്നു“ എന്നീ ഭാഗങ്ങളില്‍ നൃത്തത്തോടുകൂടി വിസ്തരിച്ച് അഭിനയിക്കും.