കുരുക്കളുടെ

രാഗം: 

സാവേരി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

കരുക്കളുടെ മകുടേ സ്ഫുരിക്കും രത്നമേ! നീയിഹ
വസിക്ക ചിരമെന്നോടുകൂടെ രമിക്ക
ചലിക്കും നളിനീദലമദ്ധ്യേ ലസിക്കും ജലബിന്ദുപോലെ
വിലസുന്നൊരു നരജന്മനി നല്ലൊരു
സുഖമെന്നതു സുഹൃദാ സഹ മരുവുക 

അർത്ഥം: 

കുരുവംശത്തിന്റെ കിരീടത്തിൽ ശോഭിക്കുന്ന രത്നമേ, കുറച്ചുകാലം എന്റെകൂടെ സുഖമായി വസിച്ചാലും. ചലിക്കുന്ന താമരദളത്തിന്റെ നടുവിൽ ശോഭിക്കുന്ന വെള്ളത്തുള്ളിപോലെയുള്ളതായ ഈ മനുഷ്യജന്മത്തിൽ സുഖം എന്നത് സുഹൃത്തുക്കളോടുള്ള സഹവാസം മാത്രമാണ്. 

അരങ്ങുസവിശേഷതകൾ: 

പദം കഴിഞ്ഞു പീഠത്തിലിരിക്കുന്ന ശ്രീകൃഷ്ണനെ കുമ്പിട്ടശേഷം,

അർജ്ജുനൻ: ‘അല്ലയോ ലോകനാഥനായ ശ്രീകൃഷ്ണാ, അവിടുന്ന് ഓരോരോകാലത്ത് ഓരോരോ വേഷം ധരിച്ച് അവതരിച്ച് ദുഷ്ടരെ നിഗ്രഹിക്കുകയും ഭക്തരെ രക്ഷിക്കുകയും ചെയ്യുന്നു. അപ്രകാരമുള്ള അവിടുത്തെ കൃപ ഞങ്ങളിൽ എല്ലായ്പ്പോഴും ഉണ്ടാകണമേ. 

ശ്രീകൃഷ്ണൻ: ‘ഞാൻ ഏറെ നാളായി  നിന്നെ കാണുവാനായി ആഗ്രഹിച്ച് വസിക്കുകയായിരുന്നു. ഇന്ന് കണ്ടതിനാൽ വളരെ സന്തോഷമായി. ഇനി നീ കുറച്ചുകാലം എന്റെകൂടെ ഇവിടെ വസിച്ചാലും.’

അർജ്ജുനൻ: ‘അവിടുത്തെ കല്പനപോലെ’

കൃഷ്ണനെ വീണ്ടും വണങ്ങിയിട്ട് അർജ്ജുനൻ ശ്രീകൃഷ്ണസമീപം വില്ലുകുത്തിപ്പിടിച്ച് നിൽക്കുന്നു.