വീരസേനസൂനോ, വൈരിവിപിനദാവകൃശാനോ

രാഗം: 

വേകട (ബേകട)

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

കഥാപാത്രങ്ങൾ: 

പുഷ്കരൻ

ശ്ലോകം.

ഉത്സാഹിതോഥകലിനാമലിനാശയോസൗ
സത്സാഹസേ നിഷധപുഷ്കരധൂമകേതുഃ
നിസ്സാരതാമനനുചിന്ത്യ ച പുഷ്കരഃ സ്വാം
തത്സാഹ്യമത്താമതിരേത്യ നളം ബഭാഷേ.
 
പല്ലവി.

വീരസേനസൂനോ, വൈരിവിപിനദാവകൃശാനോ,

അനുപല്ലവി .

നാരിയോടും വിജനസംവാസം
നീരസമത്രേ വീരവരാണാം.

ചരണം.1

പോരിലണഞ്ഞാലാരിലുമുണ്ടോ
ഭീരുത ചേതസി തേ?
പോരാളികളാധിതമന്മഥ-
മംഗനമാർചരണങ്ങൾ വണങ്ങുമോ?

ചരണം. 2

പാർത്തിരിയാതെ പാർത്ഥിവ; ചൂതിനു
നേർത്തിരിയെന്നൊടു നീ;
ഓർത്താലതു കീർത്ത്യാവഹമറിക
വിരിഞ്ചവിരചിതമവഞ്ചനമവനിയിൽ.

ചരണം. 3

കേളയി! മേ മൊഴി ലാളിതമനിശം
കാളയിതെൻപണയം;
കോളേ, രഥമാളാന കുതിരയോ
വയ്ക്കൊരു പണയ,മിരിക്ക നിരത്തുക.

അർത്ഥം: 

ശ്ലോകസാരം: മലിനാശയനും നിഷധരാജ്യത്തിനു ധൂമകേതുവിനു സമം വിനാശം ചെയ്യുന്നവനുമായ പുഷ്കരൻ, കലിയാൽ വലിയ സാഹസത്തിനു പ്രേരിപ്പിക്കപ്പെടുകയാൽ തന്റെ നിസ്സാരതയെയും കലിയുടെ സഹായത്തിന്റെ ക്ഷണികസ്വഭാവവും ചിന്തിക്കാതെ വിവേകം നഷ്ടപ്പെട്ടവനായി നളന്റെ സമീപത്തു ചെന്നു പറഞ്ഞു.

സാരം: വീരസേനപുത്രാ, ശത്രുക്കളാകുന്ന വനത്തിനു കാട്ടുതീയായവനേ, ഇപ്പോൾ പെണ്ണിന്റെകൂടെ വിജനത്തിൽ പോയിരിക്കുന്നത്‌ വീരന്മ​‍ാർക്കു മോശമാണെന്നു ധരിക്കുക. രാജാവേ, താമസിക്കാതെ ചൂതുകളിക്കാൻ എന്റെ നേർക്കിരിക്കുക. അതാണു കീർത്തിയുണ്ടാക്കുന്നതെന്ന്‌ ഓർക്കുക. ബ്രഹ്മനിർമ്മിതവും വഞ്ചനയില്ലാത്തതുമാണത്‌. ഞാൻ പറയുന്നതു കേൾക്കുക, എപ്പോഴും ഞാൻ ലാളിക്കുന്ന ഈ കാളയാണെന്റെ പണയവസ്തു. രഥമോ അടിമകളോ കുതിരയോ ഏതാണെങ്കിലും പണയവസ്തു വയ്ക്കുക. കളിക്കാനിരിക്കുക. കരുക്കൾ നിരത്തുക.

അരങ്ങുസവിശേഷതകൾ: 

`നാലാരട്ടി`യെടുത്ത്‌ പുഷ്കരൻ നളനെ ചൂതിനു വിളിക്കുന്നു. വലതുവശത്തുകൂടെ നളനും ദമയന്തിയും ചേർന്ന്‌ പ്രവേശിക്കുന്നു. നളൻ പുഷ്കരനെ കണ്ട്‌ ചൂതിനു വിളിച്ചത്‌ അവനാണെന്നറിഞ്ഞ്‌ ഗുണദോഷിക്കാനൊരുങ്ങുന്നു.

അനുബന്ധ വിവരം: 

പുഷ്കരൻ പീഠത്തിൽ നിന്നു തിരതാഴ്ത്തി പ്രവേശിച്ച്‌ നളൻ ദമയന്തിയോടൊപ്പം വസിക്കുന്ന സ്ഥലം കണ്ടെത്തി ചൂതിനു വിളിക്കുന്നു. അൽപ്പം പേടി പുഷ്കരനുള്ളിലുണ്ട്.