പാണ്ഡവന്റെരൂപം

രാഗം: 

ശങ്കരാഭരണം

താളം: 

ചെമ്പട 32 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

ഉർവ്വശി

സ്വര്‍വ്വധൂജനമണിഞ്ഞിടുന്ന മണിമൌലിയില്‍ ഖചിതരത്നമാ-
മുര്‍വ്വശീ തദനു മന്മഥേന ഹി വശീകൃതാപി വിവശീകൃതാ
ശര്‍വ്വരീശകുലഭൂഷണം യുവതിമോഹനം ധവളവാഹനം
പാര്‍വ്വണേന്ദുമുഖി പാണ്ഡുസൂനു മഭിവീക്ഷ്യ ചൈവമവദത്സഖീം‍‌

പല്ലവി:
പാണ്ഡവന്റെ രൂപം കണ്ടാല്‍ അഹോ

അനുപല്ലവി:
പുണ്ഡരീകഭവസൃഷ്ടികൌശലമ-
ഖണ്ഡമായി വിലസുന്നവങ്കലിതി ശങ്കേ ഞാന്‍

ചരണം1:
പണ്ടുകാമനെ നീല-
കണ്ഠന്‍ ദഹിപ്പീച്ചീടുകമൂലം
തണ്ടാര്‍ബാണ തുല്യനായ്
നിര്‍മ്മിതനിവന്‍ വിധിയാലും

ചരണം2:(ഇരട്ടിനൃത്തം)
തൊണ്ടി പവിഴമിവ മണ്ടുമധരമിതു
കണ്ടിടുന്നളവില്‍ ഇണ്ടല്‍‌പൂണ്ടു ബത
കൊണ്ടലണികുഴലി കോമളവദനേ
അയിസഖി ബത

[[പൂർണ്ണചന്ദ്രനോപുനരർണ്ണോജമോകിമുവദനം
സ്വർണ്ണംമങ്ങീടുമവൻകാന്തികാണുമ്പോളെന്നുനൂനം
കർണ്ണശോഭകഥയാമിവാകഥം
തൂർണ്ണമേവചെന്നവനോടിന്നുനീ
വർണ്ണയമമവരവർണ്ണിനിപരവശം
ആയി സഖിബത

ചില്ലീയുഗളമതുവില്ലൊടുതുല്യമാകുന്നല്ലോ
പല്ലോചാരുമൗക്തികക്കല്ലോമന്മഥകീർത്തി-
ത്തെല്ലോമുല്ലകുമുളമോമുകുരശകലമോ
നല്ലൊരുപമചൊല്ലുവതിനിഹനഹി
മല്ലമിഴികൾമണിമകുടരത്നമേ
അയിസഖിബത

വാണീമാധുര്യംകേട്ടാൽ
നാണിച്ചീടുന്നു വീണാനാദം
പാണികൾകണ്ടാൽഉള്ളിൽ
പാരംവളർന്നിടുന്നു മോദം
കാണിനാഴികകളഞ്ഞീടാതെസുമ-
ബാണഖേദമവനൊടുചൊല്ലുകിൽ
നാഡിയമിഹതവനലമൊടുപെരുകീടും
അയി സഖിബത  ]]

അർത്ഥം: 

സ്വർവധൂജന:
സ്വര്‍ലോകസുന്ദരിമാരണിയുന്ന രത്നകിരീടത്തിലെ രത്നവും പൂര്‍ണ്ണേന്ദുമുഖിയുമായ ഉര്‍വ്വശി, ചന്ദ്രവംശത്തിന് അലങ്കാരമായുള്ളവനും യുവതികളുടെ മനം‌മയക്കുന്നവനുമായ പാണ്ഡുസുതനെ കണ്ടശേഷം, കാമപാരവശ്യത്തോടെ സഖിയോട് ഇങ്ങിനെ പറഞ്ഞു.

പാണ്ഡവന്റെ രൂപം:
പാണ്ഡവന്റെ രൂപം കണ്ടാല്‍ ആശ്ചര്യം തന്നെ. ബ്രഹ്മാവിന്റെ സൃഷ്ടികൌശലം സമഗ്രമായി ഇവനില്‍ വിലസുന്നുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു. പണ്ട് കാമനെ നീലകണ്ഠന്‍ ദഹിപ്പിച്ചതുമൂലം കാമനുതുല്യനായി നിര്‍മ്മിക്കപ്പെട്ടവനാണിവന്‍. എടോ സഖി, കാര്‍കുഴലീ, കോമളവദനേ, ഹോ! ഇദ്ദേഹത്തിന്റെ അധരം കണ്ടാല്‍ തൊണ്ടിപഴം, പവിഴം എന്നിവകൂടി സങ്കടപ്പെട്ട് ഓടിപോകും.

അരങ്ങുസവിശേഷതകൾ: 

1) കണക്കൊത്ത ചൊല്ലിയാട്ടമുള്ള, അപൂർവ്വസുന്ദരമായ സ്ത്രീവേഷപദമാണ് ഇത്. 2) ഈ പദത്തിലെ ‘നോക്കിക്കാണൽ’ എന്ന സങ്കേതം സവിശേഷമാണ്. അർജ്ജുനദർശനത്തിൽ മനസ്സിൽ പതിഞ്ഞ രൂപലാവണ്യത്തിന്റെ സ്മരണയാണ് നോക്കിക്കാണുന്നത്. 3) ‘തൊണ്ടിപവിഴമിവ’ എന്നതു മുതൽ ആരംഭിയ്ക്കുന്ന ഇരട്ടി എന്ന നൃത്തവിശേഷം സ്ത്രീവേഷപദങ്ങളിൽ അപൂർവ്വമാണ്. പദവും ഇരട്ടിനൃത്തവും സമന്വയിക്കുന്ന ഇത്തരം സന്ദർഭം കഥകളിയിൽ തന്നെയും അപൂർവ്വം (മറ്റൊരു സന്ദർഭം : കല്യാണസൗഗന്ധികം ഭീമന്റെ “പാഞ്ചാലരാജതനയേ” എന്ന പദത്തിലെ ഇരട്ടി)

അനുബന്ധ വിവരം: 

1 ) മുൻപ് ഉർവ്വശിയുടെ പ്രവേശത്തിന് ‘പതിഞ്ഞ കിടതകിധീം, താം’ ആയിരുന്നു. ഇപ്പോൾ 64 മാത്ര വരുന്ന ‘കിടതകിധീം, താം’ ആണ് പ്രവേശത്തിൽ ഉള്ളത്.