അപുത്രമിത്രാ കാന്താരം

രാഗം: 

പുന്നഗവരാളി

താളം: 

അടന്ത

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

കഥാപാത്രങ്ങൾ: 

കാട്ടാളൻ

അപുത്രമിത്രാ കാന്താരം പു-
ക്കനർത്ഥഗർത്തേ വീണാളേ,
ആനന്ദിച്ചേ വാഴേണ്ടുന്നവ-
ളല്ലേ കമനീ നീണാളേ?
അപത്രപിച്ചീടേണ്ടാ ഞാനോ
വനത്തിൽ മേവുന്നാണാളേ;
ആരെന്നാലും രക്ഷിപ്പാനിനി
അപരൻ വരുമോ കേണാളേ?
വസിക്ക നീയെന്നംസേ താങ്ങി
വധിപ്പനുരഗം വക്രാപാംഗി,
വാദിച്ചോർക്കും പ്രാണാപായേ
ജാതിച്ചോദ്യം വേണ്ടാ തൊടുവാൻ.

പല്ലവി.

മാരിതമായ്‌ പെരുമ്പാമ്പെടോ സുകു-
മാരിമാർക്കിന്നൊരു കൂമ്പെടോ.

അർത്ഥം: 

സാരം: പുത്രനോ മിത്രമോ ഇല്ലാതെ കാട്ടിൽ വന്ന്‌ അനർത്ഥത്തിൽ വീണവളേ, നീ വളരെക്കാലം ആനന്ദത്തോടെ വാഴേണ്ടവളല്ലേ? നാണിക്കേണ്ടാ. ഞാൻ ഈ വനത്തിൽ താമസിക്കുന്ന ഒരു ആണാളാണ്‌. എത്ര കരഞ്ഞാലും നിന്നെ രക്ഷിക്കാൻ ഇവിടെ വേറെ ആരു വരാനാണ്‌? എന്റെ തോളിലേക്കു കയറിയിരിക്കുക. പാമ്പിനെ ഞാൻ വധിക്കാം. വൈദികർക്കുപോലും ജീവൻ അപകടപ്പെടുമ്പോൾ സ്പർശിക്കും മുമ്പ്‌ ജാതിയേതെന്ന്‌ ആലോചിക്കാറില്ലല്ലോ. ഇതാ ഞാൻ പെരുമ്പാമ്പിനെ കൊന്നിരിക്കുന്ന. ഇന്നു സുന്ദരിമാർ ഭർത്താക്കന്മാരെ തിരഞ്ഞെടുക്കുന്ന ദിവസമാണ്‌.