ചെന്താർ ബാണാരി തന്റെ

രാഗം: 

മോഹനം

താളം: 

അടന്ത 14 മാത്ര

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

കഥാപാത്രങ്ങൾ: 

ധർമ്മപുത്രർ

[[ അവനീകന്മാരായുള്ളോരവനീശനിഗ്രഹാർത്ഥം        
അവതരിച്ചെന്നുള്ളതും അറിഞ്ഞേനെന്നാലും        
അവസരമതുവേണം അടിയങ്ങളെ രക്ഷിപ്പാൻ        
അവമാനമെത്രകാലം അനുഭവിക്കേണ്ടു നാഥാ    
കുത്സിതമായ മത്സ്യകൂർമ്മാദികളായതും    
വത്സപാലനംചെയ്തു വനത്തിൽ നടന്നതും    
മാത്സര്യമാർന്നുള്ളോരു മാതുലനെക്കൊന്നതും    
ചിത്സ്വരൂപ നിൻ ഭക്തവാത്സല്യമല്ലോ നാഥ    
നിൻ കൃപയുണ്ടെന്നാകിൽ നിരൂപിച്ചതു സാധിപ്പാൻ    
സങ്കടമുണ്ടോ ഭുവി സകലലോകർക്കും
കിങ്കരരാം ഞങ്ങളിൽ കൃപയില്ലാത്തതിനാലെ    
പങ്കജേക്ഷണ പാരമുഴന്നീടുന്നു ]]

[[ ശൃണു മാമക വചനം ഗോപികാനാഥ ]]

ചെന്താര്‍ ബാണാരിതന്റെ ചേവടി സേവിപ്പാനായി
ചന്തമോടുപോയ സവ്യസാചിതാന്‍
ഹന്ത വരായ്കകൊണ്ടു സന്താപം വളരുന്നു
ബന്ധുവത്സല ഭവബന്ധമോചന നാഥ

അർത്ഥം: 

ബന്ധുവത്സലാ, സംസാര ദുഃഖങ്ങൾ അകറ്റുന്നവനേ, ശിവനെ സേവിക്കുവാൻ പോയ അർജ്ജുനൻ തിരിച്ചുവരാത്തതിനാൽ വല്ലാത്ത സങ്കടമുണ്ട്.

അരങ്ങുസവിശേഷതകൾ: 

സ്ക്വയർ ബ്രാകറ്റിൽ കൊടുത്തിരിക്കുന്ന പദം  നീലാംബരി രാഗത്തിൽ അടന്ത താളത്തിലാണ്. “ചൊല്ലിയാട്ട” ത്തിൽ ഇത് ഇല്ല.