തത: പ്രഭാതേ തപനപ്രഭാസ്തേ

രാഗം:
ബിലഹരി


തത: പ്രഭാതേ തപനപ്രഭാസ്തേ
തയാ സമം തദ്വിപിനേ പ്രയാതം
പരാശരാന്താശ്ച പരാശരാത്മജം
കൃതപ്രണാമാ: കൃതിനം ബഭാഷിരേ

അർത്ഥം:
സൂര്യനെപ്പോലെ തേജസ്വികളായ പാണ്ഡവന്മാര്‍ പിന്നീട് ഒരു ദിവസം ആ കാട്ടില്‍ വന്നു ചേര്‍ന്ന വേദവ്യാസനെ ഹിഡിംബിയുമൊരുമിച്ചു നമസ്കരിച്ച് ഇപ്രകാരം പറഞ്ഞു.

അനുബന്ധ വിവരം:
“കളിവിളക്കി” ല്‍

“അങ്ങിനെ തേജസ്വികളായ പാണ്ഡവരും അവളും കാട്ടില്‍ സഞ്ചരിക്കുമ്പോള്‍ ശത്രുനാശകരായ അവര്‍ പരാശരാല്‍മജനായ വ്യാസനെ കണ്ടു വന്ദിച്ചു. അവരോട് വ്യാസന്‍ പറഞ്ഞു.”

എന്നും”രംഗ വ്യാഖ്യ”യില്‍

തതഃ പ്രഭാതേ തപനപ്രഭാതേ
തയാ സമം തദ്വിപിനേ പ്രയാതം
പരാശരാന്താശ്ച പരാശരാത്മജം
കൃതപ്രണാമാഃ കൃതിനം ബഭാഷിരേ

എന്ന പാഠഭേദവും

“തതഃ: അതിനുശേഷം, പ്രഭാതേ:പ്രഭാതത്തിൽ, തപനേ പ്രഭാതേ=സൂര്യൻ പ്രകാശിച്ചപ്പോൾ, പരാശരാന്തഃ (തേ)=ശത്രുക്കളായ രാക്ഷസന്മാരെ കൊന്നൊടുക്കുന്ന-അവർ. തദ്വിപിനപ്രയാതം=ആ കാട്ടിൽ വന്നെത്തിയ. കൃതിനം പരാശരാത്മജം=ജ്ഞാനിയായ വ്യാസമഹർഷിയോട്. തയാസമം=അവളോട് (ഹിഡുംബി) കൂടെ. കൃത പ്രണാമാ=നമസ്കരിച്ചിട്ട്. ബഭാഷിരേ ച= പറയുകയും ചെയ്തു.”

ഇങ്ങിനെ വ്യാഖ്യാനവും ഉണ്ട്