ആജിശീലമില്ലേറ്റം

രാഗം: 

തോടി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

ബൃഹന്നള

ചരണം
ആജിശീലമില്ലേറ്റം വ്യാജമെന്നിയേ രഥ-
വാജിതെളിപ്പൻ തേരിൽ നീ ജവേന കേറുക.

പല്ലവി 

രാജനന്ദനാ! സുമതേ! കേൾക്ക് മേ വാചം രാജനന്ദന സുമതേ!

അർത്ഥം: 

അല്ലയോ രാജകുമാരാ എന്റെ വാക്കുകൾ കേട്ടാലും. എനിക്ക് യുദ്ധപരിചയമില്ല. തെറ്റുകൂടാതെ കുതിരകളെ ഞാൻ തെളിച്ചുകൊള്ളാം. അങ്ങ് വേഗത്തിൽ തേരിൽ കയറിയാലും.

അരങ്ങുസവിശേഷതകൾ: 

ശേഷം ആട്ടം-

ബൃഹന്നള‍:‘ഇനി ഞാന്‍ ചെയ്യേണ്ടതെന്ത്?’

ഉത്തരന്‍:‘വേഗം തേരോടുകൂടി വരിക’

ബൃഹന്നള:‘രഥം എവിടെയാണ്?’

ഉത്തരന്‍:‘അതാ അവിടെ’

തുടര്‍ന്ന് തേരുകൂട്ടികെട്ടുന്ന ആട്ടം-

ബൃഹന്നള അനുസ്സരിച്ച് പിന്നോട്ടുമാറിയിട്ട് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി ഇടത്തേക്കുതിരിഞ്ഞ് രഥം കണ്ട്, ഇടത്തേക്കുനീങ്ങി തേര് ഉലച്ചുവിടുന്നു. പിന്നെ ഇരുഭാത്തുമായി നാലു ചക്രങ്ങളും മീതെ പലകയും ഘടിപ്പിച്ച് ആണിയടിച്ച് ഉറപ്പിക്കുന്നു. പിന്നീട് നാലുകോണുകളിലും തൂണുകള്‍ നാട്ടി, നാലുപുറവും ഉത്തരങ്ങള്‍ നിരത്തി, അവകളും ഉറപ്പിക്കുന്നു. തുടര്‍ന്ന് നടുവിലായി കൊടിമരം നാട്ടി, ആണികളടിച്ചുറപ്പിച്ച്, അതില്‍ പതാകയും ബന്ധിക്കുന്നു.

ബൃഹന്നള:(രഥം പിടിച്ചിളക്കി നോക്കിയശേഷം) ‘ഒട്ടും ഇളക്കമില്ല. ഇനി കുതിരകളെ കെട്ടുകതന്നെ’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി ഉത്തന്റെ സമീപം ചെന്ന്) ‘കുതിരകള്‍ എവിടെയാണ്?’

ഉത്തരന്‍:(എഴുന്നേറ്റ് അല്പം അകലേയ്ക്ക് ചൂണ്ടിക്കാട്ടിക്ക്കൊണ്ട്) ‘അതാ അവിടെ കുതിരാലയത്തില്‍ അനവധി കുതിരകള്‍ ഉണ്ട്. ലക്ഷണമൊത്ത കുതിരയെ കെട്ടിക്കൊളക’

ബൃഹന്നള കേട്ട്, അനുസ്സരിച്ചുമാറി ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി കുതിരപ്പന്തിയില്‍ കടന്ന്, ലക്ഷണമൊത്ത നാലുകുതിരകളെ കണ്ടെത്തി, അവയെ കൊണ്ടുപോയി തേരില്‍ ബന്ധിച്ചശേഷം തേരുമായി വന്ന ഉത്തരനെ വണങ്ങുന്നു. 

ബൃഹന്നള:‘രഥം ഇതാ കണ്ടാലും’

ഉത്തരന്‍:(എഴുന്നേറ്റ് വീക്ഷിച്ചിട്ട് പരിഹാസത്തോടെ) ‘പന്തിയില്‍ നല്ല തടിച്ചുകൊഴുത്ത കുതിരകള്‍ ഉണ്ടായിരുന്നല്ലൊ. അവയെ വിട്ട് ഈ ശോഷിച്ച അശ്വങ്ങളെ കെട്ടിയതെന്തേ?’

ബൃഹന്നള:‘ആ തടിച്ച കുതിരകള്‍ പെട്ടന്ന് ക്ഷീണിക്കും. ഇവ അങ്ങിനെയല്ല. യുദ്ധഭൂമിയില്‍ വായുവേഗത്തില്‍ രഥം കൊണ്ടുചെല്ലാന്‍ ഇവയാണ് നല്ലത്.’

ഉത്തരന്‍:‘എന്നാല്‍ ഇനി പുറപ്പെടുകയല്ലേ?’

ബൃഹന്നള:‘അതെ, വേഗം കയറിയാലും’

ഉത്തരന്‍:‘എന്നാല്‍ രഥം വഴിപോലെ തെളിച്ചാലും’

ഉത്തരന്‍ അമ്പും വില്ലുമെടുത്ത് നാലാമിരട്ടിയെടുത്തിട്ട് രഥത്തില്‍ കയറുവാന്‍ ഭാവിക്കുന്നു. ബൃഹന്നള ഉത്തരനെ ബലമായി തടഞ്ഞുനിര്‍ത്തുന്നു.

ബൃഹന്നള:(പരിഹാസത്തോടെ) ‘കഷ്ടം! കഷ്ടം! അങ്ങൊരു രാജകുമാരനല്ലെ?’

ഉത്തരന്‍:‘ഉം, എന്തേ?’

ബൃഹന്നള:‘ യുദ്ധത്തിനായി പുറപ്പെടുന്ന ഒരു ക്ഷത്രിയന്‍ തൊട്ടുവന്ദിക്കാതെ രഥത്തില്‍ കയറാമോ?‘

ഉത്തരന്‍:(അബദ്ധം നടിച്ചിട്ട്) ‘ശത്രുക്കളോടുള്ള കോപം കൊണ്ട് മറന്നുപോയതാണ്.’

ഉത്തരന്‍ രഥം തൊട്ടുവന്ദിച്ചശേഷം വീണ്ടും നാലാമിരട്ടിയെടുത്ത് അവസാനിക്കുന്നതോടെ രഥത്തില്‍ ചാടികയറുന്നു. ബൃഹന്നള തേര്‍ തെളിക്കുന്നു. ഇരുവരും പിന്നിലേയ്ക്ക് കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.

തിരശ്ശീല