ധരണീവല്ലഭ! ശൃണു വചനം

രാഗം: 

കാപി

താളം: 

ചെമ്പട

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

ദൂതൻ

ചൂതും കളിച്ചിങ്ങനെ ചൊല്ലിയോരോ-

ന്നാതങ്കമെന്യേ മരുവും ദശായം

ജാതപ്രമോദം സമുപേത്യ താവ-

ദ്ദൂതഃ പ്രണമൈ ഏവമുവാച മാത്സ്യം

ധരണീവല്ലഭ! ശൃണു വചനം, വന്ദേ താവക-

ചരണപല്ലവയുഗളമഹം

വീരാപത്യന്മാർ ചൂടും ഹീരരത്നമല്ലോ നീ

പാരിൽ നിൻ കീർത്തികളിന്നു ശോഭിച്ചീടുന്നു

നിന്നുടേ നന്ദനൻ ചെന്നു കൗരവന്മാരെ

വെന്നു ഗോക്കളെ വീണ്ടുപോ, ലിന്നു വരും പോൽ

അർത്ഥം: 

ശ്ലോകസാരം:-ഇപ്രകാരം ചൂതുകളിച്ചും ഓരോന്നു പറഞ്ഞു അല്ലലൊന്നുമില്ലാതെ ഇരിക്കുമ്പോൾ ഒരു ദൂതൻ സന്തോഷത്തോടുകൂടി സമീപത്തു ചെന്നിട്ട് നമസ്കരിച്ച് വിരാടരാജാവിനോട് ഇങ്ങനെ പറഞ്ഞു.

പദസാരം:- രാജാവേ വാക്കുകൾ കേൾക്കുക. ഞാൻ അങ്ങയുടെ കാൽത്തളിരിണ വന്ദിക്കുന്നു. അവിടുന്ന് വീരപുത്രനുള്ളവർ ചൂടുന്ന വൈരരത്നം ആണ്. ഇന്ന് ലോകത്ത് നിന്റെ കീർത്തി ശോബ്ഭിക്കുന്നു. നിന്നുടെ മകൻ ചെന്നു കൗരവന്മാരെ ജയിച്ച് പശുക്കളെ വീണ്ടെടുത്തുവത്രേ. ഇന്നുവരുമത്രേ.

അരങ്ങുസവിശേഷതകൾ: 

ദൂതപ്രവേശനത്തിനുള്ള ഇടശ്ലോകം ആണ് ആദ്യം.