ആമുഖം

ആട്ടക്കഥാകാരൻ

ഉത്തരരാമായണം മൂന്നാം അദ്ധ്യായം അവലംബിച്ച് പലക്കാട്ടുശ്ശേരി അമൃതശാസ്ത്രികൾ (1815-1877) എഴുതിയ ആട്ടക്കഥ ആണ് ലവണാസുരവധം.


കഥാസംഗ്രഹം

രാവണവധാനന്തരം ശ്രീരാമാദികള്‍ അയോദ്ധൃയില്‍ എത്തി. ഒന്നാം രംഗത്തിൽ, രാമനും സീതയും ഉല്ലസിച്ചിരിക്കുന്ന ഒരു സമയത്ത്, കാട്ടിൽ താമസിക്കുന്ന മുനിമാരുടെ പത്നിമാരെ കാണാൻ ഉള്ള ആഗ്രഹം സീത, ശ്രീരാമനോട് പറയുന്നു. അഗ്രഹം ഉടൻ സാധിപ്പിച്ച് തരാം എന്ന് ശ്രീരാമൻ പറയുന്നു.

രംഗം രണ്ടിൽ മണ്ണാനും മണ്ണാത്തിയുമാണ്. അയോദ്ധ്യയിൽ വസിച്ചിരുന്ന ഒരു മണ്ണാൻ പണികഴിഞ്ഞ് വീട്ടിലെത്തുന്നു. വീട്ടിൽ മണ്ണാത്തി ഇല്ല. എവിടെ പോയിരിക്കും അവൾ എന്ന് ആലോചിച്ച് ദേഷ്യത്തോടെ ഇരിക്കുന്ന സമയം, മണ്ണാത്തി മെല്ലെ വീട്ടിലെത്തുന്നു. മണ്ണാൻ പരപുരുഷബന്ധം മണ്ണാത്തിയിൽ ആരൊപിയ്ക്കുന്നു. ചിരകാലം ലങ്കയിൽ താമസിച്ച സീതയെ, രാമൻ സ്വീകരിച്ചില്ലേ എന്ന് മണ്ണാത്തി ചോദിക്കുമ്പോൾ, ഞാൻ രാമനെ പോലെ അല്ല എന്ന് പറഞ്ഞ് മണ്ണാത്തിയെ വീട്ടിൽ നിന്നും പുറത്താക്കി പടി അടയ്ക്കുന്നു. ഈ രംഗത്തിന്റെ കാതൽ ഇത്രയുമെങ്കിലും ലോകധർമ്മി പ്രധാനമാണ് മണ്ണാന്റെയും മണ്ണാത്തിയുടേയും കലഹം. ഈ രംഗം മാത്രമായി പലപ്പോഴും അരങ്ങത്ത് പതിവുണ്ട്.

രംഗം മൂന്നിൽ അയോദ്ധ്യാരാജധാനിയിൽ ഇരിക്കുന്ന ശ്രീരാമൻ, ചാരൻമാർ മുഖേന മണ്ണാനും മണ്ണാത്തിയും തമ്മിലുണ്ടായ ശണ്ഠയുടെ വിവരം അറിയുന്നു. അതിൽ പ്രത്യേകിച്ച് മണ്ണാന്റെ വാദം കേട്ട്, സീതയെ വനത്തിൽ ഉപേക്ഷിച്ച് വരുവാനായി ലക്ഷ്മണനെ നിയോഗിക്കുന്നു.

രംഗം നാലിൽ ലക്ഷ്മണൻ സീതയുമായി കാട്ടിലേക്ക് എത്തുന്നു. കാട്ടിലെത്തുന്നതോടേ ലക്ഷ്മണൻ വിലപിക്കുന്നു. ദീനകാരണം ലക്ഷ്മണനോട് സീത അന്വേഷിക്കുന്നു. ലോകാപവാദം കൊണ്ട് സീതയെ കാട്ടിൽ ഉപേക്ഷിച്ച് പോരാനായി ശ്രീരാമൻ പറഞ്ഞത് ലക്ഷ്മണൻ സീതയെ ധരിപ്പിക്കുന്നു. സീതവിലപിക്കുന്നു എങ്കിലും ഖേദിക്കാതെ ലക്ഷ്മണനോട് തിരിച്ച് പൊയ്ക്കൊള്ളാൻ അനുവാദം നൽകുന്നു.

രംഗം അഞ്ചിൽ ലക്ഷ്മണൻ തിരിച്ച് പോയ ശേഷം വിലപിക്കുന്ന സീതയുടെ സമീപം വാൽമീകി മഹർഷി എത്തി സമാധാനിപ്പിക്കുന്നു.ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

രംഗം ആറിൽ ലക്ഷ്മണൻ ഗഭീരാക്ഷൻ എന്നൊരു കാട്ടുവാസിയും ആയി ഏറ്റുമുട്ടി ഗഭീരാക്ഷനെ തോല്പിക്കുന്നു. 

രംഗം ഏഴിൽ വാത്മീകിയുടേയും മറ്റ് മുനിമാരുടേയും ആവശ്യപ്രകാരം ലവണാസുരനെ വധിക്കാനായി ശത്രുഘ്നനെ മഥുരയിലേക്ക് ശ്രീരാമൻ അയക്കുന്നു. 

രംഗം എട്ടിൽ വാത്മീകിയുടെ ആശ്രമത്തിൽ വസിക്കുന്ന കാലത്ത് സീത പ്രസവിക്കുന്നു. കുട്ടികൾക്ക് ലവനെന്നും കുശനെന്നും നാമകരണം ചെയ്യുന്നു.

രംഗം ഒമ്പതിൽ ശത്രുഘ്നൻ ലവണാസുരനെ പോരിനു വിളിച്ച് മാറുന്നു.

രംഗം പത്തിൽ ശത്രുഘ്നനും ലവണാസുരനുമായി യുദ്ധം ചെയ്യുന്നു. യുദ്ധാവസാനം ലവണാസുരൻ വധിക്കപ്പെടുന്നു.

രംഗം പതിനൊന്നിൽ ലവണാസുരനെ വധിച്ച് വന്ന ശത്രുഘ്നനോട് അശ്വമേധയാഗം ചെയ്യാൻ ആശയുണ്ട് തനിയ്ക്ക് എന്നും കുതിരയുടെ പിന്നാലെ ശത്രുഘ്നൻ പോകണം എന്നും ശ്രീരാമൻ പറയുന്നു.

രംഗം പന്ത്രണ്ടിൽ വാൽമീകിയുടെ ആശ്രമം ആണ്. കുശലവന്മാർ വലുതായി. ഒരു ദിവസം അവർ കാടുകാണാൻ പോകട്ടെ എന്ന് അമ്മയോട് അനുവാദം ചോദിക്കുകയും അത് പ്രകാരം അവർ കാട്ടിലേക്ക് പോവുകയും ചെയ്തു. അന്നേരം രാമന്റെ അശ്വമേധയാഗം കഴിഞ്ഞ് കുതിര കാട്ടിലെത്തുന്നു. കുതിരയുടെ നെറ്റിയിൽ എഴുതിയത് വായിച്ച്, കുതിരയെ കെട്ടുക തന്നെ എന്ന് ബാലന്മാർ തീരുമാനിക്കുന്നു. ശേഷം കുതിരയെ ലവൻ പിടിച്ച് കെട്ടുന്നു. കുതിരയെ പിടിച്ച് കെട്ടിയ കുട്ടികളെ ബ്രാഹ്മണർ ഉപദേശികുന്നു. കുട്ടികൾ കൂസലില്ലാതെ കുതിരയെ വിടാതെ കാട്ടിൽ തന്നെ നിൽക്കുന്നു. പിന്നാലെ വന്ന ശത്രുഘ്നൻ ലവനെ ബന്ധിയ്ക്കുന്നു. ഉടൻ തന്നെ കുശൻ വന്ന് ലവനെ ബലമായി മോചിപ്പിക്കുന്നു. തുടർന്ന് ഉള്ള യുദ്ധത്തിൽ ശത്രുഘ്നൻ തോറ്റ് പിൻവാങ്ങുന്നു. 

രംഗം പതിമൂന്നിൽ കുതിരയെ മോചിപ്പിക്കാനായി ലക്ഷ്മണൻ എത്തുന്നു. ലക്ഷ്മണനും തോറ്റ് പിൻവാങ്ങുന്നു.

രംഗം പതിന്നാലിൽ ശത്രുഘ്നൻ തോറ്റ് ഓടിയപ്പോൾ തന്നെ കുതിരയ്ക്കായി ആളുകൾ ഇനിയും വരും എന്ന് ബാലന്മാർക്ക് ധാരണയുണ്ട്. അതിനാൽ അവർ വനത്തിൽ തന്നെ കുതിരയെ ബന്ധിച്ച് അവിടെ തന്നെ മറഞ്ഞ് ഇരിക്കുകയാണ്. പിന്നാലെ ലക്ഷ്മണൻ വരുന്നു. ലക്ഷ്മണനും തോറ്റോടിയപ്പോൾ സാക്ഷാൽ ശ്രീരാമൻ തന്നെ ബാലന്മാരെ നേരിടാൻ വരുന്നു. കൗതുകത്തോടെ ബാലന്മാരോട് യുദ്ധം ചെയ്ത് തോറ്റതായി നടിച്ച് പിൻവാങ്ങുന്നു. ബാലന്മാർ വീണ്ടും വനത്തിൽ തന്നെ ഒളിഞ്ഞ് ഇരിക്കുന്നു.

രംഗം പതിനഞ്ച്. ശ്രീരാമൻ പിൻവലിഞ്ഞ് ഹനൂമാനെ പറഞ്ഞയക്കുന്നു. ഹനൂമാന്റെ തിരനോക്കിനുശേഷം ഹനൂമാൻ ബാലകർ ആരാണെന്ന് മനസ്സിലാക്കുന്നു. ബാലകന്മാരോടു കൂടെ ഹനൂമാൻ യുദ്ധമെന്ന പേരിൽ അൽപ്പം കളിക്കുകയും ബന്ധനസ്ഥനാവുകയും ചെയ്യുന്നു. ബന്ധിക്കപ്പെട്ട ഹനൂമാനെ കൗതുകം കൊണ്ട് ബാലന്മാർ അമ്മയുടെ സമീപം കൊണ്ട് ചെല്ലുന്നു. ഇത്രയുമാണ് ഈ രംഗത്തിൽ ഉള്ളത്.

ഈ രംഗത്തിൽ കീഴ്പ്പടം കുമാരൻ നായർ, ഹനൂമാൻ വേഷത്തിൽ, ബാലന്മാരുമായി അഷ്ടകലാശം എടുത്തായിരുന്നു യുദ്ധം നടത്തിയിരുന്നത്.

രംഗം പതിനാറ്. സീത കാട്ടിലേക്ക് പോയ കുട്ടികളെ ഓർത്ത്, അവർ തിരിച്ച് വരുന്നതും കാത്ത്  ആകാംഷാപൂർവ്വം ഇരിക്കുന്നസമയത്ത് ബന്ധിയ്ക്കപ്പെട്ട ഹനൂമാനോടൊപ്പം അമ്മയ്ക്ക് സമീപം ബാലന്മാർ വരുന്നു. ഹനൂമാനെ കണ്ട് പെട്ടെന്ന് തിരിച്ചറിഞ്ഞ സീത, ബാലന്മാരോട് ഉടൻ ബന്ധവിമുക്തനാക്കാൻ പറയുന്നു. ബാലന്മാർ ഹനൂമാന്റെ കെട്ടഴിക്കുന്നു. സീത പറഞ്ഞതനുസരിച്ച് ബാലന്മാർ ഹനൂമാനെ വന്ദിക്കുന്നു. ഹനൂമാൻ ബാൽന്മാരുടെ പരാക്രമത്തെ പറ്റി സീതയെ അറിയിക്കുന്നു. അവർ മൂന്നുലോകങ്ങളും കാക്കാൻ പ്രാപ്തരായി വരും എന്നറിയിക്കുന്നു. ശേഷം കുതിര യാഗാശ്വമാണെന്നും അതിനെ കൊണ്ട് പോകാൻ വന്നതാണെന്നും ഹനൂമാൻ സീതയെ അറിയിക്കുന്നു. സീത ബാലന്മാരോട് കുതിരയെ വിട്ട് കൊടുക്കാൻ പറയുന്നു. ഹനൂമാൻ വർത്തമാനങ്ങൾ എല്ലാം സീതയെ അറിയിക്കുന്നു. സീത അനുഗ്രഹിച്ച് ഹനൂമാൻ കുതിരയേയും കൊണ്ട് യാത്ര ആവുന്നു. ഇത്രയുമാണ് ഈ രംഗത്തിൽ. ഈ രംഗത്തോടെ ഇക്കഥ അവസാനിപ്പിക്കുന്ന രീതിയാണ് ഇപ്പോൾ നിലവിലുള്ളത്.

രംഗം പതിനേഴിൽ ശ്രീരാമനും വാൽമീകി മഹർഷിയുമാണ്. വനത്തിൽ വിലപിച്ച് നടന്നിരുന്ന സീത ആരെന്ന് അറിഞ്ഞിട്ടുതന്നെയാണ് താൻ സംരക്ഷിച്ചതെന്ന് വാൽമീകിമഹർഷി ശ്രീരാമനെ അറിയിക്കുന്നു. കുടുംബത്തോടൊപ്പം വാഴ്കാൻ ശ്രീരാമനോട് വാൽമീകി പറയുന്നതോടെ ലവണാസുരവധം കഥ സമാപിക്കുന്നു.

  • ചമ്പ താളത്തിലുള്ള ഭക്തിയും ബഹുമാനവും കലര്‍ന്ന കുട്ടിക്കളിയും അങ്കമുറകളുമുള്ള മനോഹരമായ യുദ്ധവട്ടം .
  • ഒരു ആശാനും ശിഷ്യരും ചേര്‍ന്ന് അവതരിപ്പിക്കാവുന്ന രംഗങ്ങള്‍
  • ഹനുമാനും കുശലവന്മാരും ചേര്‍ന്നുള്ള വിശിഷ്ടമായ ഒരു അഷ്ടകലാശം ‘ അനിലസുതനഹം എന്ന പദത്തില്‍ പദ്മശ്രീ കീഴ്പടം കുമാരന്‍ നായര്‍ ആശാന്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്

ഈ കഥയിലെ മണ്ണാന്‍ കൃഷ്ണാവതാരകാലത്ത് വെളുത്തേടനായി ജന്മമെടുത്തുവത്രേ .അക്രൂരനാല്‍ മിഥിലാപുരിയിലേക്ക് വന്നെത്തിയ കൃഷ്ണന്‍ അന്ന് വൈകുന്നേരം പട്ടണം ചുറ്റുമ്പോള്‍ ആദ്യമായികണ്ട വെളുത്തേടനോട് വസ്ത്രം ചോദിച്ചപ്പോള്‍ ധിക്കരിച്ചതിനാല്‍ കൃഷ്ണന്‍ അയാളെ അടിച്ച് കൊന്നു .


സ്ഥലകാലസൂചന

ലങ്കയില്‍ സീത ഒരു കൊല്ലം താമസിച്ചു . രാവണവിജയം കഴിഞ്ഞു വന്ന് ആറാം മാസം സീത ഗര്‍ഭം ധരിച്ചു . ഗര്‍ഭം ഒമ്പത് മാസം ആയപ്പോഴാണ് കാട്ടിലുപേക്ഷിക്കപ്പെട്ടത്

വേഷങ്ങൾ

മണ്ണാന്‍ :       മിനുക്ക്‌ 

മണ്ണാത്തി : മിനുക്ക്‌ ( ലോകധര്‍മ്മി ) .

സീത          : മിനുക്ക്‌ ( സ്ത്രീ വേഷം )

കുശലവന്മാര്‍ : പച്ചമുടി

ശത്രുഘ്നന്‍     : പച്ച
ഹനുമാന്‍         : വെള്ളത്താടി

ബ്രാഹ്മണകുമാരന്മാര്‍  : മിനുക്ക്‌ 

മറ്റു വേഷങ്ങള്‍
ശ്രീരാമന്‍ , ലക്ഷ്മണന്‍ , വാത്മീകി , ഗഭീരാക്ഷന്‍ , മുനിമാര്‍ , ലവനാസുരന്‍.