ആട്ടക്കഥാകാരൻ

 ഇതേ പേരിൽ  ആട്ടക്കഥകൾ വേറേയും ഉണ്ട്.  ഇപ്പോൾ നാട്ട് നടപ്പുള്ള ഈ ആട്ടക്കഥയുടെ കർത്താവ് മടവൂർ കേളുവാശാൻ (1857 – 1888) ആണെന്ന് പറയപ്പെടുന്നു. 
 

കഥാസംഗ്രഹം

രംഗം 1

ഇന്ദ്രനും ഇന്ദ്രാണി(ശചി)യും തമ്മിൽ ഉള്ള ശൃംഗാരപ്പദം മാത്രം.

രംഗം 2

ഹിരണ്യകശിപുവിന്റെ കൊട്ടാരം ഉദ്യാനം. ഹിരണ്യകശിപുവിന്റേയും ഭാര്യ(കയാധു)യുടേയും ശൃംഗാരപ്പദം. പാടി രാഗം. 

രംഗം 3 ശുക്രമുനിയുടെ ആശ്രമം

ശുക്രനും ശിഷ്യന്മാരും അരങ്ങത്ത്. ഹിരണ്യകശിപു മകൻ പ്രഹ്ലാദനെ വിദ്യാഭസത്തിനായി ശുക്രാചാര്യന്റെ സമീപം ആക്കുന്നു. ഹിരണ്യകശിപു തന്റെ ചരിത്രം പ്രഹ്ലാദനെ പഠിപ്പിക്കാനാണ് ശുക്രനോട് ആവശ്യപ്പെട്ട് ഹിരണ്യൻ പോകുന്നു.

പ്രഹ്ലാദൻ അഭ്യസനം ആരംഭിക്കുന്നു. ശുക്രാചാര്യൻ പ്രഹ്ലാദനെ മറ്റ് ബാലന്മാരെ ഏൽപ്പിച്ച് പുറത്ത് പോകുന്നു. പ്രഹ്ലാദൻ മറ്റ് കുട്ടികളോടൊക്കെ ഹിരണ്യനാമം ജപിയ്ക്കാതെ പകരം നാരായണനാമം ജപിക്കാൻ പറയുന്നു. ആ സമയം ശുക്രൻ തിരിച്ച് എത്തുന്നു. പ്രഹ്ലാദൻ നാരായണനാമന്ത്രം അഭ്യസിപ്പിക്കുന്നതു കണ്ട് ശുക്രൻ കോപിച്ച് നാരായണനാമം ചൊല്ലരുത് എന്നും ഹിരണ്യനാമം ചൊല്ലണം അല്ലെങ്കിൽ തല്ലുകൊള്ളും എന്നും പറയുന്നു. എന്നാൽ പ്രഹ്ലാദൻ അനുസരിക്കുന്നില്ല. അവസാനം ഗതികെട്ട് ശുക്രൻ പ്രഹ്ലാദനെ കൂട്ടി ഹിരണ്യകശിപുവിനു സമീപം പോകാൻ നിശ്ചയിക്കുന്നു

രംഗം 4

മുൻ രംഗത്തിൽ നിശ്ചയിച്ചപോലെ ശുക്രൻ പ്രഹ്ലാദനേയും കൊണ്ട് ഹിരണ്യന്റെ കൊട്ടാരത്തിൽ എത്തുന്നു. പ്രഹ്ലാദനെ കണ്ട, ഹിരണ്യൻ മകനോട് എന്തൊക്കെ പഠിച്ചു എന്നും പഠിച്ചത് ചൊല്ലിക്കേൾപ്പിക്കാനും ആവശ്യപ്പെടുന്നു. പ്രഹ്ലാദൻ മറുപടിയായി മൂഢത നശിക്കാനായി നാരായണനെ ആരാധിക്കാൻ പറയുന്നു. പ്രഹ്ലാദൻ പറഞ്ഞത് സഭ്യേതരം ആണെന്ന് ഹിരണ്യൻ പറയുന്നു. ഹിരണ്യൻ ശുക്രനുനേരെ കോപിക്കുന്നു. ശുക്രൻ ആരാണിങ്ങനെ പഠിപ്പിച്ചത് എന്ന് അറിയില്ല എന്ന് പറയുന്നു. പ്രഹ്ലാദനെ വധിക്കാനായി ഹിരണ്യൻ തീരുമാനിക്കുന്നു. എന്നിട്ട് പ്രഹ്ലാദനെ കിങ്കരന്മാർ വശം ഏൽപ്പിക്കുന്നു.

രംഗം 5

കിങ്കരന്മാർ പ്രഹ്ലാദനെ ഹിരണ്യനാമം ചൊല്ലാൻ ഉപദേശിക്കുന്നു. പ്രഹ്ലാദൻ കിങ്കരന്മാരോട്, അച്ഛൻ പറഞ്ഞ് എൽപ്പിച്ച കാര്യം ചെയ്യാൻ പറയുന്നു. കിങ്കരന്മാർ പ്രഹ്ലാദനെ പീഡിപ്പിക്കുന്നു.

രംഗം 6

കിങ്കരന്മാർ പ്രഹ്ലാദനെ പലവിധത്തിൽ പീഢിപ്പിക്കുന്നു. പ്രഹ്ലാദൻ എല്ലാറ്റിൽനിന്നും അത്ഭുതകരമായി രക്ഷപ്പെടുന്നു. നിവൃത്തിയില്ലാതെ കിങ്കരന്മാർ പ്രഹ്ലാദനുമായി ഹിരണ്യസമീപം വരുന്നു. കിങ്കരന്മാർ എത്രകണ്ട് ഉപദ്രവിച്ചാലും പ്രഹ്ലാദൻ ആപത്തുകളിൽ നിന്നൊക്കെ അത്ഭുതകരമായി രക്ഷപ്പെടുന്ന വിവരം ഹിരണ്യനെ അറിയിക്കുന്നു. ക്രുദ്ധനായ ഹിരണ്യൻ കിങ്കരന്മാരെ ഓടിക്കുന്നു. 

ഹിരണ്യൻ പ്രഹ്ലാദനോട് കോപിയ്ക്കുന്നു. നിനക്ക് ആരാണ് ബലം എന്ന് ചോദിക്കുന്നു. പ്രഹ്ലാദൻ മറുപടി ആയി ലോകത്തിനൊക്കേയും എകബലം അത് നാരായണൻ തന്നെ എന്ന് അറിയിക്കുന്നു. എവിടെ ആണ് ആ നാരായണൻ എനിക്കൊന്ന് കാണണം, ഈ തൂണിതാ ഞാൻ പിളർക്കുന്നു, നാരായണൻ വരുമോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞ് 

ഹിരണ്യകശിപു തൂണിൽ ആഞ്ഞുവെട്ടുന്നു. നരസിംഹം പുറത്തു ചാടുന്നു. ഹിരണ്യൻറെ മറുപിളർന്ന് രക്തപാനം  ചെയ്യുന്നു. പ്രഹ്ലാദൻ നരസിംഹത്തെ സ്തുതിയ്ക്കുന്നു. നിന്റെ വംശത്തിൽ പിറക്കുന്നവരെ ഇനി ഞാൻ കൊല്ലില്ല എന്ന് നരസിംഹം പ്രഹ്ലാദനു വാക്കുകൊടുക്കുന്നു. നരസിംഹം പ്രഹ്ലാദനെ യുവരാജാവായി അഭിഷേകം ചെയ്ത്‌ അനുഗ്രഹിച്ചു അപ്രത്യക്ഷനാകുന്നു.

കഥാപാത്രങ്ങൾ

ഹിരണ്യകശിപു-കത്തി
കയാധു-സ്ത്രീവേഷം മിനുക്ക്
ഇന്ദ്രൻ-പച്ച
ശചി-സ്ത്രീവേഷം മിനുക്ക്
പ്രഹ്ലാദൻ-പച്ച
ശുക്രൻ-മഹർഷിവേഷം, മിനുക്ക്
ചണ്ഡാമർക്കന്മാർ, കിങ്കരർ-ലോകധർമ്മി
നരസിംഹം-പ്രത്യേക തേയ്പ്പ്