സചിവ വര 

രാഗം: 

കല്യാണി

താളം: 

ചെമ്പ 20 മാത്ര

ആട്ടക്കഥ: 

കീചകവധം

കഥാപാത്രങ്ങൾ: 

വിരാടൻ (വിരാട രാജാവ്)

ഏവം തേഷു സ്ഥിതേഷു ക്വചിദഥ സുമഹത്യുത്സവേ മാത്സ്യ പുര്യാം
പ്രക്രാന്തേ മല്ലയുദ്ധേ ,കമപി പൃഥുബലം പ്രാപ്തമാകര്‍ണ്യ മല്ലം
തത്രത്യേ മല്ലലോകേ ഭയഭരതരളേപ്യാസ്ഥിതോ മന്ത്രശാലാം
കങ്കോപേതസ്സശങ്കോ നരപതിരവദന്മന്ത്രിണം മന്ത്രവേദീ

സചിവ വര ശൃണു വചനം സകല ഗുണ വസതേ
പ്രചുര സുഖമോടു മമ പ്രജകള്‍ വാഴുന്നോ
ചരണം 1
മല്ലവരന്‍ ഒരുവനിഹ വന്നുപോല്‍ അവനെ യുധി
വെല്ലുന്നതിന്നു ബത മേദിനിയില്‍ ഒരുവ-
നില്ലെന്നു ചൊല്ലുന്നതിന്നു കേട്ടില്ലേ?
ചരണം 2
അത്ര വാഴുന്നതിലൊരുവനവനെ വെല്ലായ്കിലുട-
നെത്രയുമകീര്‍ത്തി വരുമെന്നു ബോധിക്കേണം
അത്ര ബലമുള്ളവനിങ്ങാരുള്ളൂ പറക നീ

അർത്ഥം: 

ഇപ്രകാരം ധര്‍മമപുത്രാദികള്‍ വിരാട നഗരിയില്‍ താമസം തുടങ്ങിയതിനു ശേഷം
ഒരു മഹോത്സവത്തില്‍ മല്ല യുദ്ധം തുടങ്ങുകയും ഏറ്റവും ബലശാലി ആയ ഒരു മല്ലന്‍
വന്നിട്ടുണ്ടെന്ന് കേട്ട് അവിടെ ഉള്ള മല്ലന്മ്മാരെല്ലാം വല്ലാതെ പേടിച്ചു വിറക്കുകയും
ചെയ്തപ്പോള്‍ കങ്കനോട് കൂടി ആലോചനാ സഭയില്‍ ഇരിക്കുന്ന വിരാട രാജാവ് ശങ്കയോടെ
മന്ത്രിയോട് പറഞ്ഞു.

എല്ലാ ഗുണങ്ങളോടും കൂടിയ മന്ത്രി പ്രവരാ ഈ വാക്കുകള്‍ കേള്‍ക്കുക.എന്റ്റെ പ്രജകള്‍ സുഖമായി കഴിയുന്നുവോ?ഒരു പ്രബലനായ മല്ലന്‍ ഇവിടെ വന്നിട്ടുണ്ടത്രേ അവനെ യുദ്ധത്തില്‍ ജയിക്കാന്‍
ഭൂമിയില്‍ ഒരാളും ഇല്ലെന്നു പറയുന്നത് കേട്ടില്ലേ ? ഇവിടെ ഉള്ള ഒരാള്‍ അവനെ ജയിക്കാഞ്ഞാല്‍ ഏറ്റവും ദുഷ്കീര്‍ത്തി ഉണ്ടാവും എന്ന് നീ മനസ്സിലാക്കേണം. അത്ര ബലമുള്ള ആരുണ്ട്‌ എന്ന് നീ പറയുക.