ശകടമിതല്ലോ കാണ്‍ക

രാഗം:
ശ്രീരാഗം
താളം:
ത്രിപുട

കഥാപാത്രങ്ങൾ:
ബ്രാഹ്മണൻ

പല്ലവി:

ശകടമിതല്ലോ കാണ്‍ക ശാല്യന്നസഹിതം

അനുപല്ലവി:

സകലോപകരണേന സാകമിന്നിതിലേറി
ശോകമെല്ലാമകന്നു പോക വൈകാതെ വീര

ചരണം:

തെറ്റെന്നിവിടെനിന്നു ചെറ്റു ചെല്ലുമ്പോള്‍
ഊറ്റമാം ശവഗന്ധം ഏറ്റമുള്ളൊരു കൊടും-
കാറ്റുകൊണ്ടസഹ്യമാം ചുറ്റും കാനനം കാണാം

ശങ്ക കൂടാതെ രക്തപങ്കിലനായി
കങ്കജംബുകങ്ങളാല്‍ സങ്കടമെന്യേ ഏവം
അങ്കേ സംസ്ഥിതനായ കങ്കാളാശനെ കാണാം

പറവതെന്തു ഞാന്‍ വീര പരമദയാലോ
പരമപുരുഷസേവ പരമാര്‍ത്ഥമെങ്കില്‍ മമ
പരനെക്കൊല്ലുവാന്‍ തവ പരിചില്‍ വീര്യമുണ്ടാക
അർത്ഥം:
ചോറോടു കൂടിയ വണ്ടി ഇതാ കണ്ടാലും. എല്ലാ സാമഗ്രികളോടും കൂടി ഇതില്‍ കേറി വൈകാതെ പോക. അവിടെ ചെല്ലുമ്പോള്‍ രൂക്ഷമായ ശവഗന്ധമുള്ള കാറ്റോടു കൂടിയ ഒരു കാട് കാണാം.ചോരപുരണ്ടവനും തലയോട്ടികളാലും കുറുക്കന്‍മാരാലും ചുറ്റപ്പെട്ടവനുമായി സംശയം കൂടാതെ ഇരിക്കുന്ന രാക്ഷസനെ അവിടെ കാണാം പരമ ദയാലുവായ അല്ലയോ വീരാ, വിഷ്ണുഭക്തി സത്യമാണെങ്കില്‍ ശത്രുവിനെ കൊല്ലാന്‍ നിനക്ക് വീര്യമുണ്ടാകട്ടെ.