അതുച്ഛമാം ജവം

രാഗം: 

സാവേരി

താളം: 

അടന്ത

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

ഹംസം

ചരണം 1:
അതുച്ഛമാം ജവം പൂണ്ടുത്പതിച്ചു കുണ്ഡിനപുരം
ഗമിച്ചു തദുപവനമതിൽ ചെന്നു വസിച്ചേൻ;
അകിൽചെങ്കുങ്കുമച്ചാറും ധരിച്ചു തോഴിമാരോടും
യദൃച്ഛയാ ദമയന്തി കളിച്ചു വന്നിതു തത്ര..

2
തടഞ്ഞുകൊള്ളുവാനെന്നോടണഞ്ഞാളങ്ങവൾ താനേ;
പിടഞ്ഞീലാ ദൃഢം ഞാനോ നടന്നേനേ സുമന്ദം;
പിണഞ്ഞു വഞ്ചനമെന്നു തിരഞ്ഞങ്ങു നടപ്പാനായ്‌
തുനിഞ്ഞപ്പോൾ കനിഞ്ഞൊന്നു പറഞ്ഞേൻ – ഞാനവളോടു..

3
രാജപുംഗവ, തവ വാചാ, കൗശലത്താലേ
പേശലാംഗി തന്നുടെ ആശയമറിഞ്ഞേൻ,
ആചാരൈരറികയല്ലാ ആശ നിങ്കലെന്നതും
വാചാപി പറയിച്ചൊന്നിളക്കിവച്ചുറപ്പിച്ചേൻ

അർത്ഥം: 

സാരം: വേഗം പറന്നു ഞാൻ കുണ്ഡിനപുരിയിൽ ചെന്നു. അവിടെ ഉദ്യാനത്തിൽ കാത്തിരുന്നു. അപ്പോൾ അകിലും ചെങ്കുങ്കുമച്ചാറും ധരിച്ച്‌ തോഴിമാരോടുകൂടി ദമയന്തി അവിടെയെത്തി. രാജാവേ, നീ അവശ്യപ്പെട്ടതുപോലെ കൗശലത്തിൽ ഞാൻ അവളുടെ അഭിമതം അറിഞ്ഞു. സന്ദർഭം കൊണ്ട്‌ അറിയുകയായിരുന്നില്ല; വാക്കുകൊണ്ട്‌ പറയിച്ച്‌ അത്‌ ഇളക്കി ഉറപ്പിക്കുയും ചെയ്തു. അവൾക്കു നിന്നിലാണ്‌ ആഗ്രഹം.

അരങ്ങുസവിശേഷതകൾ: 

സാരം: നിന്റെ മനസ്സ്‌ ദമയന്തിയുടെ മനസ്സുമായി ഞാൻ ഉറപ്പിച്ചിട്ടുണ്ട്‌. ഇന്ദ്രൻ വന്നാലും അതിന്‌ ഇളക്കം വരികയില്ല. നീ ചിന്തിക്കുമ്പോൾ ഞാൻ നിന്റെ സമീപത്തുവരാം എന്നു പറഞ്ഞ്‌ ഹംസം ആകാശത്തിൽ പോയി മറഞ്ഞു. 

പദം കഴിഞ്ഞാലുടൻ ശ്ളോകം. ശ്ളോകാവസാനത്തിൽ ഹംസം പോയി മറയുന്നു. തുടർന്ന്‌ ആട്ടം. നളൻ ദമയന്തിയുടെ വിവാഹത്തിനായുള്ള ക്ഷണം സ്വീകരിച്ച്‌ പുറപ്പെടുന്നു.