വാചം ശൃണു മേ

രാഗം: 

നാട്ടക്കുറിഞ്ഞി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

കഥാപാത്രങ്ങൾ: 

ഭീമൻ

വാചം നിശമ്യ സമുപേത്യ കപേര്‍ബ്ബലീയാന്‍
വാലാഗ്രമസ്യ നഹി ചാലയിതും ശശാക
വ്രീളാനതോ ഗതധൃതിര്‍വ്വിവശോ വിവേകീ
പ്രോവാച വാനരവരം വചനം സശങ്കഃ
 
പല്ലവി
വാചം ശ്രൃണു മേ വാനരപുംഗമ
തേജോരാശേ സാദരമിപ്പോള്‍
 
ചരണം 1
പാശധരനോ നീ ചൊല്‍ക പാകവൈരിതാനോ വീര
കീശവരനല്ലെന്നതും കേവലം കരുതീടുന്നേന്‍
(വാചം ശൃണു മേ.. വാനരപുംഗവ)

ചരണം 2
സത്വസഞ്ചയങ്ങളിലും സത്വം നിന്നോളമില്ലാര്‍ക്കും
സത്വരമെന്നോടിദാനീം തത്വമുരചെയ്തീടേണം
(വാചം ശൃണു മേ)

അർത്ഥം: 

വാചം നിശ‌മ്യ: കപിയുടെ വാക്കുകള്‍ കേട്ട് വാല്‍ വഴിയില്‍ നിന്നെടുത്തുമാട്ടാന്‍ ശ്രമിച്ചെങ്കിലും അതിന്റെ അഗ്രം പോലും ഇളക്കുവാനാകാതെ ഭീമന്‍ ധൈര്യം പോയി, നാണിച്ച് തലകുനിച്ച്, തളര്‍ന്നിരുന്നു. പിന്നെ വിവേകം ഉദിച്ചപ്പോള്‍ വാനരവരനോട് ശങ്കയോടെ ചോദിച്ചു. വാചം ശൃണു: തേജസ്വിയായ വാനരപുംഗവാ, ഞാന്‍ ആദരവോടെ പറയുന്നത് കേട്ടാലും. അങ്ങ് വരുണനോ? പറയുക, താങ്കള്‍ ഇന്ദ്രന്‍ തന്നെയോ? വീരാ, കേവലം ഒരു വാനരവരനല്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ജന്തുസഞ്ചയങ്ങളില്‍ അങ്ങയോളം ബലം മറ്റാര്‍ക്കുമില്ല. ഉടനെ എന്നോട് പരമാര്‍ത്ഥം പറയേണം.

അരങ്ങുസവിശേഷതകൾ: 

ശ്ലോകസമയത്ത് ഇരിക്കുന്ന ഭീമന്‍ മുഖംകുനിച്ച് യഥാക്രമം ജാള്യത, ഭയം, പാരവശ്യം, ആലോചന എന്നിവ നടിച്ചശേഷം ഹനുമാനെ നോക്കി, ശങ്കയോടെ അനുസ്സരിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു. തുടര്‍ന്ന് ‘തേജോരാശേ’ മുതലുള്ള ഭാഗങ്ങള്‍ എഴുന്നേറ്റ് നിന്ന് അഭിനയിക്കും.