പാഥോജവിലോചനേ

പാഥോജവിലോചനേ നാഥേ നീ കഥിച്ചത് യാഥാർത്ഥ്യമേവനൂനം

 

പാർത്ഥസാരഥ്യം ചെയ്ത തീർത്ഥപാദൻ തന്നെക്കാണ്മാൻ

യാത്രയുണ്ടു നാളെ ബാലേ

 

അർത്ഥമിന്നനർത്ഥമൂലം വ്യർത്ഥമതിലെന്തേ മോഹം

ഇത്ഥം ചിന്തിച്ചഹോ രിക്ഥേ ചിത്തവാഞ്ഛയില്ലെനിക്ക്

 

ദേഹാപായാവധി നൃണാം മോഹാരോഹം നിലയില്ലേ

ഈഹാധിക്യമെ ഒരുവന്നും ഹാ ഹാ ചെറ്റുമരുതല്ലൊ

 

ഏവമെന്നാകിലും ജായേ ദേവകീനന്ദനാ ലോകം

കൈവല്യകാരണമെന്നു കാർവേണീ ഞാൻ കരുതുന്നേൻ

 

ലോകനാഥനെക്കാണുമ്പോളേകണം വല്ലുപദയും

രാകാരമ്യാനനേ ചെറ്റുമാകാ ഹൃദയചാഞ്ചല്യം

(രാകാസോമാനനേ - എന്ന പാഠഭേദം ആണ് ഇപ്പോൾ പാടാറുള്ളത്) 

 

ലാജസുമ ചിപിടിക വാജി ഗജ ഫലാദിഷു

രാജീവാക്ഷീ ഏതെന്നാലും വ്യാജഹീനം യഥാശക്തി

മല്ലവൈരി ഭഗവാനിന്നെല്ലാ വസ്തുക്കളും ചേരും

ചൊല്ലിയതിലൊന്നു വേഗം കല്യാണാംഗീ തന്നീടണം

 

പാരാളും പ്രഭുവെക്കാണ്മാനാരും കയ്ക്കലൊന്നുംകൂടാ-

താരോമലേ! നിജപുരാദാരംഭിച്ചീടൊലാ പോകാൻ.