കേശവൻ‌ തന്നുടെയ ദാസജന വൈഭവം

രാഗം: 

ഭൂപാളം

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

അംബരീഷചരിതം

കഥാപാത്രങ്ങൾ: 

ദുർവ്വാസാവ്

കേശവൻ‌ തന്നുടെയ ദാസജന വൈഭവം
ആശയേ പാർക്കിലോ അത്ഭുതമഹോ!
ക്ലേശദന്മാരിലും കുശലമവർ ചിന്തിച്ചു
കേവലം വാഴുന്നു പൂർണ്ണമോദം.

തൃപ്തനായേഷ ഞാൻ പാർത്ഥിവ! ഭവാനിനി
ഭുക്തിചെയ്തീടുക പുണ്യകീർത്തേ.
സത്തമ ഭവാനോടു സക്തിയുണ്ടാകയാൽ
ശുദ്ധമായ്‌ വന്നു മമ ചിത്തമധുനാ

അർത്ഥം: 

കേശവൻ‌ തന്നുടെയ ദാസജന വൈഭവം:- വിഷ്ണുഭഗവാന്റെ ഭക്തജനങ്ങളുടെ മഹത്വം ആലോചിച്ചുനോക്കിയാൽ അത്ഭുതംതന്നെ. ദുഃഖമുണ്ടാക്കുന്നവരിലും സുഖം വിചാരിച്ചുമാത്രം അവർ നിറഞ്ഞ സന്തോഷത്തോടെ വസിക്കുന്നു.

തൃപ്തനായേഷ ഞാൻ പാർത്ഥിവ ഭവാനിനി:- ഞാൻ വളരെ തൃപതനായി. രാജാവേ, പുണ്യമായ കീർത്തിയോടുകൂടിയവനേ, അങ്ങ് ഇനി ഭക്ഷണം കഴിച്ചാലും. സജ്ജനശ്രേഷ്ഠാ, ഭവാനോട് സംസർഗ്ഗം ഉണ്ടാവുകയാൽ എന്റെ മനസ്സും പരിശുദ്ധമായിവന്നു.

അരങ്ങുസവിശേഷതകൾ: 

ദുർവ്വാസാവ്:അല്ലയോ മഹാരാജൻ, എന്റെ അഹങ്കാരമെല്ലാം നശിച്ചുകഴിഞ്ഞു’
അംബരീഷൻ:’അവിടുന്ന് വളരെ ദുഃഖം അനുഭവിച്ചു അല്ലേ?’
ദുർവ്വാസാവ്:’ശിവശിവ! ഒന്നും പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല. ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്മാർപോലും എന്നെ രക്ഷിച്ചില്ല. അങ്ങിനെയുള്ള ഈ ദുർബുദ്ധിയെ എറ്റവും കരുണ്യവാനായ അങ്ങ് ഇപ്പോൾ രക്ഷിച്ചു.’ (ദീർഘമായി നിശ്വസിച്ചിട്ട്)’എന്റെ ഭാഗ്യം തന്നെ’
അംബരീഷൻ:’അല്ല, ഞാൻ അല്ല, ഇപ്പോൾ അങ്ങയെ രക്ഷിച്ചത് ആ വിഷ്ണുഭഗവാൻ തന്നെയാണ്. ഇനി അങ്ങ് സാദരം പാരണകഴിച്ച് അനുഗ്രഹിച്ചാലും.’
ദുർവ്വാസാവ്:(ആശ്ചര്യപ്പെട്ട്)’ഏ! അങ്ങ് ഇതുവരേയ്ക്കും ഭക്ഷണം കഴിച്ചില്ലയോ?’
അംബരീഷൻ:’ഇല്ല, അങ്ങയെ കൂടാതെ കഴിക്കുന്നതെങ്ങിനെ?’
ദുർവ്വാസാവ്:(പശ്ചാത്താപത്തോടെ)’കഷ്ടം! എന്റെ അഹങ്കാരത്താൽ ഇങ്ങിനെ വന്നുഭവിച്ചുവല്ലോ? എന്നാൽ ഇനി വേഗം പാരണകഴിക്കുകതന്നെ’
(വലന്തലമേളം)
അംബരീഷൻ ദുർവ്വാസാവിനെ പീഠത്തിലിരുത്തി കാൽകഴുകി വണങ്ങുന്നു. അനന്തരം ദുർവ്വാസാവ് ശംഖിൽനിന്നും ജലം വീഴ്ത്തിക്കൊടുക്കുന്നു. അംബരീഷൻ ജലം കൈക്കുമ്പിളിൽ വാങ്ങി ഭക്തിയോടെ സേവിച്ച് പാരണവീടുന്നു. തുടർന്ന് ദുർവ്വാസാവ് പദം അഭിനയിക്കുന്നു.

ശേഷം ആട്ടം-
ദുർവ്വാസാവ്:’മഹാവിഷ്ണുവിലുള്ള ഭവാന്റെ ഭക്തിക്ക് സൂര്യചന്ദ്രന്മാർ ഉള്ളകാലത്തോളം ഒരു ഇളക്കവും തട്ടാതെയിരിക്കുവാൻ സന്തുഷ്ടനായിതീർന്ന ഞാൻ ഇതാ അനുഗ്രഹിക്കുന്നു.’ (അനുഗ്രഹിച്ചിട്ട്)’എന്നാൽ ഇനി ഞാൻ പോകട്ടയോ?’
അംബരീഷൻ:’അവിടുത്തെ അനുഗ്രഹം പോലെ’

തൃപതനായ ദുർവ്വാസാവ് അംബരീഷനെ അനുഗ്രഹിക്കുന്നു
അംബരീഷൻ കുമ്പിട്ടുവന്ദിക്കുന്നു. സന്തോഷത്തോടുകൂടി അനുഗ്രഹിച്ച് ദുർവ്വാസാവും, മഹർഷിയെ ബഹുമാനപൂർവ്വം യാത്രയാക്കിക്കൊണ്ട് അംബരീഷനും നിഷ്ക്രമിക്കുന്നു.