താരിൽത്തേൻ മൊഴിമാർ

രാഗം: 

കല്യാണി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

ബൃഹന്നള

ചരണം 1
താരിൽത്തേൻമൊഴിമാർമണേ ! ഉത്തരൻതന്റെ
ചാരത്തു ചെന്നു ചൊൽക നീ
സാരഥ്യം ബൃഹന്നള പോരും ചെയ് വതിനെന്നു
ചാരുസ്തനി! നീ താപഭാരത്തെ ത്യജിച്ചാലും
പല്ലവി
പാർവ്വണശശിവദനേ ! കേൾക്ക മേ വാചം പാഞ്ചാലരാജകന്യേ!

അർത്ഥം: 

പൂന്തേന്മൊഴിമാരില്‍ രത്നമായുള്ളവളേ, തേരുതെളിക്കുവാന്‍ ബൃഹന്നള മതി എന്ന് നീ ഉത്തരന്റെ അടുത്തുചെന്ന് പറയുക. സുന്ദരമായ സ്തനത്തോടുകൂടിയവളേ, നീ താപഭാരത്തെ ഒഴിച്ചാലും. പൂര്‍ണ്ണചന്ദ്രവദനേ, പാഞ്ചാലരാജപുത്രീ, ഞാന്‍ പറയുന്നത് കേട്ടാലും. 

അരങ്ങുസവിശേഷതകൾ: 

പദശേഷം ആട്ടം-

ബൃഹന്നള‍:‘അല്ലയോ പ്രിയേ, ദൈവകാരുണ്യത്താല്‍ നമ്മുടെ അജ്ഞാതവാസകാലം അവസാനിക്കുകയായി. അതിനാല്‍ ഉത്തരന്റെ ഡംഭ് നശിപ്പിക്കുവാന്‍ ഒട്ടും വൈഷമ്യമില്ല. നീ വേഗം ചെന്ന് ഞാന്‍ പറഞ്ഞത് ഉത്തരനെ അറിയിക്കു. ഞാന്‍ തയ്യാറായി ഇരിക്കാം.’

സൈരന്ധ്രി അനുസരിച്ച് വണങ്ങി നിഷ്ക്രമിക്കുന്നു. അനുഗ്രഹിച്ച് സൈരന്ധ്രിയെ അയച്ചുകൊണ്ട് ബൃഹന്നളയും നിഷ്ക്രമിക്കുന്നു.