സൂര്യവംശജാതനാം ഭൂമിപമണിയായ

രാഗം: 

നാട്ടക്കുറിഞ്ഞി

താളം: 

അടന്ത

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

ഹനൂമാൻ

ത്രിജടയാം രാക്ഷസസ്‌ത്രീയേവമങ്ങേകുമപ്പോള്‍

പരവശമാരായി രക്ഷോനാരികളൊക്കവേ താന്‍

തദനു തല്‍ഭൂരുഹത്തില്‍ വാണിടും വായുസൂനു

ജനകജാ കേള്‍ക്കുമാറായ്‌ക്കനിവിനോടേവമൂചേ

സൂര്യവംശജാതനാം ഭൂമിപമണിയായ

ശൗര്യജലനിധിയായ ദശരഥനുളവായി

വീര്യവാനയോദ്ധ്യയില്‍ സ്വൈരം വസിക്കും കാലം

വീരരില്‍മണി രാമന്‍ അവതരിച്ചല്ലോ

പിന്നെയും സുതര്‍ മൂവര്‍ ഉളവായി പീഡയും

തീര്‍ന്നു വാഴുന്ന കാലം കൈകേയി വചസാ

രാമനെ വിപിനത്തില്‍ പോവാനയച്ചു നൃപന്‍

രാമനും സീതാസഹോദരരോടുംകൂടി

കാനനേ വന്നു പഞ്ചവടിയില്‍ വസിക്കുംകാലം

പങ്‌ക്തികണ്‌ഠന്‍ സീതയെ വഞ്ചിച്ചു കൊണ്ടുപോയി

വീരനാം രാഘവന്‍ രാവണാദികളേയും

പാരാതെ കൊന്നു സീതയെ കൊണ്ടുപോകുമിനിവേഗാല്‍

രാമനാമത്തെയത്ര ചൊല്ലുവാനേവനുള്ളു

രാമ രാമ രാക്ഷസമായയല്ലോ നൂനം

അരങ്ങുസവിശേഷതകൾ: 

ശ്രീരാമസ്തുതിയാണിത്. ഇത് ഇപ്പോൾ പതിവില്ല. എന്നാൽ ശ്ലോകം ചൊല്ലും. ശേഷം ഹനൂമാന്റെ ഇതിനുതുടർച്ചയായ പദം “സീതേ നിൻ..” ആടും.