രംഗം 13 – ഇന്ദ്രപ്രസ്ഥം (രാജസൂയയജ്ഞവേദി)

ആരെടായീസ്സഭയിങ്കൽ

രാഗം: 

സൌരാഷ്ട്രം

താളം: 

ചെമ്പട

ആട്ടക്കഥ: 

രാജസൂയം (വടക്കൻ)

കഥാപാത്രങ്ങൾ: 

ശിശുപാലൻ

ശ്ലോകം
ഇന്ദ്രപ്രസ്ഥേ സധർമ്മാത്മജനഥ വിധിവദ്യാഗമൻപോടു ദീക്ഷി-
ച്ചന്നൊന്നിച്ച ഗ്രപൂജക്കഖിലജനഗുരും കൃഷ്ണമഭ്യർച്ച്യ പീഠേ
ധന്യോസൗ തൽ പദാബ്ജം കനിവൊടു കഴുകിച്ചാശു പൂജിക്കുമപ്പോൾ
വന്നോരുൾക്കോപമോടും സഭയിലതിഖലൻ ചൈദ്യനിത്ഥം ബഭാഷേ.

പദം
ആരെടായീസ്സഭയിങ്കൽ-
ചോരനാമീ ഗോപാലനെ
പാരാതെ കാൽ കഴുകിച്ചു-
പൂജചെയ്തതത്യത്ഭുതം

ആരിവനെ മാനിക്കുന്നു
നാരീജനങ്ങളല്ലാതെ
പാരം പിഴച്ചിതു യാഗം
ഓരോന്നേവം നിനക്കുമ്പോൾ

യോഗ്യരെല്ലാം ഇരിക്കവേ
യോഗ്യമല്ലീ ചെയ്തതൊട്ടും
യോഗ്യമല്ലാത്തതു കണ്ടാൽ
ആർക്കാനും സഹിക്കുമോ?

കുണ്ഡന്മാരെ നിങ്ങൾക്കിന്നു
വന്ദിപ്പാനീ കൃഷ്ണൻ തന്നെ
നന്നു തമ്മിൽ ചേർന്നു വന്ന-
തെന്നേ ഹന്ത! ചൊല്ലാവൂ.

അർത്ഥം: 

ആരെടാ ഈ സഭയില്‍ വെച്ച് കള്ളനായ ഈ ഗോപാലനെ  ഒന്നും ചിന്തിക്കാതെ  കാല്‍കഴുകി പൂജചെയ്തത്? അത്ഭുതം!. ആരിവനെ വന്ദിക്കുന്നു? സ്ത്രീജനങ്ങളല്ലാതെ? ഇങ്ങിനെ ഓരോന്നു വിചാരിക്കുമ്പോള്‍ യാഗം വല്ലാതെ പിഴച്ചിരിക്കുന്നു. യോഗ്യരെല്ലാമിരിക്കവെ ഈ ചെയ്തത് ഒട്ടും ഉചിതമല്ല. അനുചിതമായതുകണ്ടാല്‍ ആരെങ്കിലും സഹിക്കുമോ? ജാരസന്തതികളേ, നിങ്ങള്‍ക്കിന്ന് വന്ദിപ്പാനായി ഈ കൃഷ്ണന്‍ തന്നെ നല്ലത്. ഹോ! തമ്മില്‍ ചേര്‍ച്ചയായി വന്നു എന്നേ പറയേണ്ടൂ

അരങ്ങുസവിശേഷതകൾ: 

യാഗശാല – വലത്ത് കൃഷ്ണൻ, ബ്രാഹ്മണർ, ധർമ്മപുത്രൻ, ഇടത്ത് അർജ്ജുനൻ.

രംഗമദ്ധ്യത്തില്‍ പിന്നിലായി ആയുദ്ധങ്ങളോടുകൂടി പീഠത്തില്‍ നിന്നുകൊണ്ട് തിരതാഴ്ത്തി ശിശുപാലന്‍ പ്രവേശിക്കുന്നു. തുടര്‍ന്ന്, സഞ്ചരിച്ച് യാഗസ്ഥലത്ത് എത്തിയതായി നടിച്ച് ശിശുപാലന്‍ പീഠത്തില്‍ നിന്നും ഇറങ്ങി എടുത്തുകലാശത്തോടെ മുന്നോട്ട് വരുന്നു.

ശിശുപാലന്‍:(ദൂരെ കണ്ട്)‘ഇതാ സുവര്‍ണ്ണമയമായ പല പല യാഗശാലകള്‍ ശോഭിച്ചു കാണുന്നു. സുഗന്ധിയായ ഹോമധൂപം ഇവിടെ സര്‍വ്വത്ര വ്യാപിച്ചിരിക്കുന്നു. ഇനി അങ്ങോട്ട് പ്രവേശിക്കുക തന്നെ.’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി മുന്നില്‍ കണ്ട്) ‘ഹോ! വിചിത്രമായ കൊത്തുപണികള്‍, കൊടിതോരണങ്ങള്‍. ഹോ! യാഗശാല ഏറ്റവും യോഗ്യതയാര്‍ന്നതു തന്നെ.’ (വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ വെച്ച്, കണ്ടിട്ട്) ‘ഹോ! നനാദേശങ്ങളില്‍ നിന്നും എത്തിയിരിക്കുന്ന രാജാന്മാര്‍, പ്രഭുക്കന്മാര്‍, ബ്രാഹ്മണര്‍, മഹര്‍ഷിമാര്‍ എന്നിവരാല്‍ ഇവിടം നിറയപ്പെട്ടിരിക്കുന്നു.’ (പരിചയക്കാരോട് കുശലങ്ങള്‍ പറഞ്ഞ് മുന്നോട്ട് നീങ്ങി, വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി നിന്ന് ശബ്ദം കേട്ട് ശ്രദ്ധിച്ചിട്ട്) ‘എന്ത്? കൃഷ്ണന്‍ ജയിക്കട്ടെ, കൃഷ്ണന്‍ ജയിക്കട്ടെ എന്നോ? ആ ചതിയനായ കൃഷ്ണന്‍ ഇവിടെ ഉണ്ടോ? ങാ, ഇനി ആ ഗോപാലകനെ യോഗ്യര്‍ നിറഞ്ഞ സഭയില്‍ നിന്നും പുറത്താക്കുക തന്നെ.’ (വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ വെച്ച് സഭയില്‍ പ്രവേശിക്കുന്നതോടെ ധര്‍മ്മപുത്രര്‍ കൃഷ്ണനെ ഇരുത്തി അഗ്രപൂജ ചെയ്യിക്കുന്നതുകണ്ട് അസഹ്യതയോടെ ശിരസ്സിലിടിക്കുകയും പുച്ഛിക്കുകയും ചെയ്തശേഷം, ക്രോധത്തോടും പുച്ഛത്തോടും കൂടി ധര്‍മ്മപുത്രരോടായി) ‘എടാ, എടാ, മൂഢാ, നീ ചന്ദ്രവംശത്തില്‍ പിറന്ന ഒരു രാജാവല്ലെ? നിസ്സരനായ ഇവനെ പിടിച്ച് സിംഹാസനത്തിലിരുത്തി നീ കാല്‍കഴുകി കുടിക്കുന്നതെന്തിന്? എന്നാല്‍ എന്റെ കാല്‍ കഴുകികുടിക്കരുതോ? ഈ ചതിയനായ കൃഷ്ണന് അഗ്രപൂജ നല്‍കാനാണോ നീ ഈ മഹാരാജാക്കന്മാരേയെല്ലാം ഇവിടെ വിളിച്ചുകൂട്ടിയത്? സര്‍വ്വഥാ ആഭാസനായ ഇവനെ പൂജിയ്ക്കുന്ന നിന്റെ ഈ യാഗംകൊണ്ട് എന്തു ഫലം? ഛീ, ഇത് നിരര്‍ത്ഥകം തന്നെ.‘ (കൃഷ്ണനെ നോക്കി ലജ്ജയും ജുഗുപ്സയും നടിച്ചശേഷം ക്രോധത്തോടെ കൃഷ്ണനോട്) ‘എടാ, എടാ, മൂഢാ’ (ആതമഗതമായി) ‘ഹോ! ഇവന് യാതൊരു ഇളക്കവുമില്ലല്ലോ!’ (കൃഷ്ണനോട്) ‘എടാ, കൃഷ്ണാ, രാജത്വമില്ലെന്നും, രാജാര്‍ഹമായ പൂജ കൈക്കൊള്ളാന്‍ അര്‍ഹനല്ലെന്നും ഓര്‍ക്കാതെ നീ ഈ രാജസഭയില്‍ കയറി ഞളിഞ്ഞിരിക്കുന്നത് മര്യാദയാണോ? അതേയോ?‘ (അതിക്രുദ്ധനായി കൃഷ്ണനെ നോക്കിയശേഷം സഭാവാസികളോടായി) ‘ഹേ സഭാവാസികളേ, നോക്കുവിന്‍ ഇങ്ങിനെ ഒരു അവസരം കിട്ടിയതില്‍ സന്തോഷാഭിമാനം കൊണ്ട് ഇവന്‍ ഊറ്റം നടിക്കുന്നു. ഇവന്റെ ചരിത്രങ്ങള്‍ ഓരോന്നും ആലോചിക്കുമ്പോള്‍ ഛായ്,ഛായ്, പറയാന്‍ തന്നെ ലജ്ജയാകുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും കേട്ടറിവുള്ളതല്ലെ? ഇവന്‍ കുട്ടിയായിരുന്നപ്പോള്‍ ഒരിക്കല്‍ വിശന്നു കരഞ്ഞസമയത്ത് അമ്മയേപ്പോലെ വന്ന് ഇവനെ മുലയൂട്ടിയ പാവം പൂതനയെ ഇവന്‍ മുലപ്പാലിനൊപ്പം അവളുടെ ജീവന്‍ കൂടി വലിച്ചുകുടിച്ച് വധിച്ചുകളഞ്ഞു. ഇത്തിരിപ്പോന്ന ഇവന്‍, ദുഷ്ടന്‍, മൂഢന്‍, എടാ, എടാ, കള്ളാ. ദുഷ്ടബുദ്ധിയായ ഇവന്‍ പിന്നെ സ്വന്തം മാതുലനായ കംസരാജനെ മുഷ്ടികള്‍കൊണ്ട് താഡിച്ച് താഡിച്ച് വധിച്ചു. ഛായ്, ഛായ്, തീര്‍ന്നിട്ടില്ല ഇവന്റെ ചരിതം. മുന്‍പ് രുഗ്മി സോദരിയായ രുഗ്മിണിയെ എനിക്ക് വിവാഹം കഴിച്ചുതരുവാന്‍ ഉറപ്പിച്ചു. ഈ ചതിയന്‍ തേരുമായി വന്ന് ദേവീദര്‍ശ്ശനം കഴിഞ്ഞ് മടങ്ങുന്ന രുഗ്മിണിയെ തട്ടിക്കൊണ്ടുപോയി. ഹോ! വലിയ യോഗ്യന്‍! ഞാന്‍ അതുകേട്ട് ചെന്ന് യുദ്ധത്തിനു വിളിച്ചു. ഇവന്‍ ഭയപ്പെട്ട് ഓടിക്കളഞ്ഞു. ഹോ! പിന്നെയോ? ഒരിക്കല്‍ ഇവന്‍ കാലികളെ മേയാന്‍ വിട്ടിട്ട് ഓടക്കുഴല്‍ വായിച്ച് രസിച്ചിരുന്നു. ആ സമയത്ത് കുളിക്കുവാനായി ഗോപസ്ത്രീകള്‍ വന്നു.’ (ഓരോരോ ഗോപസ്ത്രീകളായി ഭാവിച്ച് വസ്ത്രങ്ങള്‍ അഴിച്ചുവെച്ച് ജലത്തിലിറങ്ങി കുളിക്കുന്നതും ജലക്രീഡകള്‍ ചെയ്യുന്നതും ആടിയശേഷം) ‘ആ സമയത്ത് ഈ ചതിയന്‍, ഈ നീചന്‍ ഹോ! (കൃഷ്ണനായി നടിച്ച് ഗോപസ്ത്രീകള്‍ കുളിക്കാന്‍ വന്നത് കാണുകയും, അവരുടെ വസ്ത്രങ്ങള്‍ അപഹരിച്ച് മരക്കൊമ്പില്‍ തൂക്കിയിട്ടിട്ട് ഓടക്കുഴല്‍ വായിച്ചിരിക്കുകയും ചെയ്യുന്നു.) ‘ആ സമയത്ത് ഗോപസ്ത്രീകള്‍’(ഗോപസ്ത്രീകളായി നടിച്ച് കുളികഴിഞ്ഞ് കയറി വസ്ത്രങ്ങള്‍ തിരയുന്നു. മുകളില്‍ വസ്ത്രങ്ങളും തൂക്കിയിട്ട് കൃഷ്ണന്‍ ഇരിക്കുന്നതു കണ്ട് വീണ്ടും ജലത്തിലിറങ്ങി നിന്നുകൊണ്ട്) ‘കൃഷ്ണാ, ഞങ്ങളുടെ വസ്ത്രങ്ങള്‍ തരൂ കൃഷ്ണാ.’ (കൃഷ്ണനായി നടിച്ച്) ‘നിങ്ങളെല്ലാവരും എന്നെ വണങ്ങിയാല്‍ വസ്ത്രങ്ങള്‍ തരാം’ (ഗോപികമാരായി നടിച്ച്, ജലത്തില്‍ നിമഗ്നരായി നിന്നുകൊണ്ട് കൃഷ്ണനെ വണങ്ങിയശേഷം) ‘ഇനി തരൂ കൃഷ്ണാ’ (കൃഷ്ണനായി നടിച്ച്) ‘അതു പറ്റില്ല. ജലത്തില്‍ നിന്നും കയറിവന്ന് വണങ്ങിയാലേ തരൂ.’ (ഓരോരോ ഗോപസ്ത്രീകളായി നടിച്ച് വിവിധഭാവങ്ങളോടെ ജലത്തില്‍ നിന്നും കയറി കൃഷ്ണനെ കുമ്പിട്ട് വസ്ത്രങ്ങള്‍ വാങ്ങി പോകുന്നത് നടിച്ചിട്ട്) ‘ഇപ്രകാരം നാനാവിധത്തില്‍ മഹാപാപങ്ങള്‍ ചെയ്തവനാണിവൻ. മൂഢന്‍, ചതിയന്‍, കള്ളന്‍. ഇവനെ പാണ്ഡവരല്ലാതെ മറ്റാരാണ് പൂജിക്കുക?’ (ഭീഷ്മരോടായി) ‘ഈ പടുവൃദ്ധന്റെ വാക്കുകളെക്കൊണ്ട് പാണ്ഡവന്മാര്‍ മോഹിച്ചുപോയി, പാവം ഭീഷ്മര്‍!’ (നാരദാദിതാപസരോടായി) ‘ഇതെല്ലാം കണ്ട് സന്തോഷിച്ചിരിക്കുന്ന ഈ വൃദ്ധതാപസന്മാര്‍ കേവലം സമരനിന്ദ്യന്മാര്‍ തന്നെ’ (സഭാവാസികളോടായി) ‘രാജാക്കന്മാര്‍ക്കുവന്ന ഈ അപമാനം ഞാന്‍ പൊറുക്കുകയില്ല’

ശിശുപാലന്‍ ഏറ്റവും ക്രുദ്ധനായി നിലവിളക്കുകളും പൂജാസാമഗികളും തട്ടിമറിക്കുകയും ബ്രാഹ്മണരേയും താപസരേയും ഭയപ്പെടുത്തി ഓടിക്കുകയും ചെയ്യുന്നു. ബ്രാഹ്മണര്‍ ഓടി നിഷ്ക്രമിക്കുന്നു. ശിശുപാലന്‍ ‘നോക്കിക്കോ’ എന്നുകാട്ടി നാലാമിരട്ടി എടുത്തിട്ട് പദാഭിനയം ചെയ്യുന്നു.

അനുബന്ധ വിവരം: 

കുണ്ഡന്മാരെ നിങ്ങൾക്കിന്നു  എന്നത് കാലം കൂട്ടി പാടുന്നു.