വല്ലഭാ ശൃണു വചനം

രാഗം: 

ഉശാനി

താളം: 

മുറിയടന്ത 14 മാത്ര

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

സൈരന്ധ്രി

ഇതി ഭർത്തൃസമത്വകല്പനം
വചനംതസ്യ നിശമ്യ ദുർമ്മനാഃ .
ദ്രുപദസ്യ സുതാ കിരീടിനം
പതിമാസാദ്യ ജഗാദ സാദരം.
പല്ലവി
വല്ലഭ! ശൃണു വചനം വാസവസൂനോ!
മല്ലീസായകസുന്ദരാ!
അനുപല്ലവി
വില്ലാളിപ്രവരന്മാരെല്ലാപേരും ചൂടും
നല്ലരത്നമേ ! വീരാ! കല്യാണഗുണസിന്ധോ!
ചരണം 1
മല്ലാരിയുടെ ബന്ധുക്കൾ, പാണ്ഡവർ നിങ്ങൾ
വല്ലഭയാകുമെന്നൊടും അല്ലും പകലുമന്യൻ
ചൊല്ലും വേലകൾ ചെയ്തു
അല്ലലോടു വാഴുവാനല്ലോ സംഗതി ഹാ! ഹാ!
ചരണം 2
ധാർത്തരാഷ്ട്രനും സേനയും ഗോഗ്രഹംചെയ്തവാർത്ത
കേട്ടതികോപേന ധൂർത്തനുത്തരൻ നാരീസാർദ്ധം കേൾക്കവേ ചൊന്ന-
തോർത്തു കോപവുമുള്ളിലാർത്തിയും വളരുന്നു.
ചരണം 3
തേരതുതെളിച്ചീടുവാൻ ദക്ഷനായൊരു സാരഥിയുണ്ടെന്നാകിലോ
വീരാ! നീയെന്നപോലെ വൈരിസഞ്ചയം തന്നെ
പോരിൽ വെല്ലുമെന്നോരോ വീരവാദങ്ങൾ ചൊന്നാൻ.

അർത്ഥം: 

ശ്ലോകം:-തന്റെ ഭര്‍ത്താവിനോട് സമത്വം കല്പിച്ചുകൊണ്ടുള്ള ഉത്തരന്റെ വാക്കുകള്‍ കേട്ട് ദു:ഖിതയായ ദ്രുപദപുത്രി, പതിയായ കിരീടിയുടെ സമീപത്തുചെന്ന് സാദരം പറഞ്ഞു.

പദം:-വല്ലഭാ, ഇന്ദ്രപുത്രാ, കാമസുന്ദരാ, പറയുന്നത് ശ്രവിച്ചാലും. വില്ലാളിപ്രവരന്മാരെല്ലാം മുടിയില്‍ ചൂടുന്ന നല്ല രത്നമേ, വീരാ, സത്ഗുണസമുദ്രമേ, ശ്രീകൃഷ്ണന്റെ ബന്ധുക്കളായ പാണ്ഡവര്‍, നിങ്ങള്‍ വല്ലഭയാകുന്ന എന്നോടോപ്പം രാവും പകലും അന്യന്‍ പറയുന്ന വേലകള്‍ ചെയ്ത് ദു:ഖത്തോടെ കഴിയുവാനാണല്ലോ സംഗതിയായത്. കഷ്ടം! കഷ്ടം! ദുര്യോധനനും സേനയും ഗോക്കളെ അപഹരിച്ച വാര്‍ത്ത കേട്ട് ധൂര്‍ത്തനായ ഉത്തരന്‍ ഏറ്റവും കോപത്തോടെ സ്ത്രീജനങ്ങള്‍ കേള്‍ക്കവെ പറഞ്ഞതോര്‍ക്കുമ്പോള്‍ ഉള്ളില്‍ കോപവും താപവും വളരുന്നു. തേരുതെളിക്കുവാന്‍ സമര്‍ഥനായൊരു സാരഥിയുണ്ടെങ്കില്‍ അല്ലയോ വീരാ, അങ്ങെന്നതുപോലെ പോരില്‍ ശത്രുസമൂഹത്തെ ജയിക്കുമെന്നോരോ വീരവാദങ്ങള്‍ പറഞ്ഞു.