ഭൂമിപാലകന്മാര്‍ ആകിയ നിങ്ങളെ

രാഗം:
ആഹരി
താളം:
ചെമ്പട

കഥാപാത്രങ്ങൾ:
പുരോചനൻ


കരോല്ലസല്‍ബാണകൃപാണകാര്‍മ്മുകാന്‍
വിരോധിവര്‍ഗ്ഗൈക വിഹിംസനോദ്യതാന്‍
പുരോചനോ വീക്ഷ്യ പുരന്ദരോപമാന്‍
പുരോപകണ്ഠേ പുനരാഹ സാഞ്ജലി:

പല്ലവി:

ഭൂമിപാലകന്മാര്‍ ആകിയ നിങ്ങളെ കാണ്‍കയാല്‍
കാമിതം സാധിച്ചീടും എനിക്കു നൂനം

അനുപല്ലവി:

ത്വല്‍ പാദസേവകന്മാരില്‍ മുമ്പു തേടീടുമെനിക്കു
കേല്പേറും പുരോചനനെന്നല്ലോ നാമം

ചരണം:

സല്പുമാന്മാരായ നിങ്ങള്‍ക്കിരിപ്പാനിപ്പുരം തന്നെ
ശില്പികള്‍ നിര്‍മ്മിച്ചു നൃപകല്പനയാല്‍

ശില്പമാകുമിപ്പുരംതന്‍ അത്ഭുതങ്ങളുരചെയ്‌വാന്‍
കല്പകോടികാലംപോലും പോരാ നൂനം

ചിത്രമേറുപ്പുരിവൈചിത്ര്യം കാണ്മതിനു പാര്‍ത്താല്‍
സൂത്രാമാവിനുപോരാ നേത്രങ്ങള്‍ നൂനം

ഇസ്ഥലം തന്നില്‍ …………
ഇസ്ഥലം തന്നിലുടനെ വാഴുന്ന നിങ്ങള്‍ക്കുമേലില്‍
സ്വസ്ഥത വൈകാതെ വന്നു കൂടുമല്ലോ

അർത്ഥം:
കരോല്ലസത്: (ശ്ലോകാര്‍ത്ഥം)
കയ്യില്‍ അമ്പും വാളും വില്ലും ധരിച്ചവരും ശത്രുക്കളെ കൊന്നൊടുക്കാന്‍ തയ്യാറായവരും ഇന്ദ്രനു തുല്യരുമായ പാണ്ഡവന്മാരെ അരക്കില്ലത്തിന്നടുത്ത് വെച്ച് കണ്ടപ്പോള്‍ പുരോചനന്‍ കൈകൂപ്പിക്കൊണ്ട് അവരോട് ഇങ്ങനെ പറഞ്ഞു.

പദം:
ഭൂമിപാല ബാലകന്മാര്‍=രാജ കുമാരന്മാര്‍. കാമിതം=ആഗ്രഹം. ത്വത്പാദ സേവകന്മാരില്‍=അവിടത്തെ കാലടി സേവിക്കുന്നവരില്‍. സത്പുമാന്മാരായ=യോഗ്യന്മാരായ. സില്‍പമാകുമിപ്പുരം=സുന്ദരമായ ഈ പുരയിടം (ഇവിടെ രാജധാനി എന്നര്‍ത്ഥം). കല്‍പകോടി കാലം=അനവധി കാലം. ചിത്രമേറും=മനോഹരമായ. വൈചിത്ര്യം=അത്ഭുതം എന്നാണ്‌ ഇവിടെ അര്‍ത്ഥം. പാര്‍ത്താല്‍=ആലോചിച്ചാല്‍. സുത്രാമാവ്=ദേവേന്ദ്രന്‍. നേത്രങ്ങള്‍=കണ്ണുകള്‍.

അരങ്ങുസവിശേഷതകൾ:
ധര്‍മ്മപുത്രര്‍ അരങ്ങില്‍ വലതുവശത്ത് ഇരിക്കുന്നു. പുരോചനന്‍ ഇടത്വസത്തുകൂടെ കൊടതകധീംതാ (32 മാത്ര) നൊപ്പം പ്രവേശിച്ച് പതിനാറാം മാത്രയില്‍ ധര്‍മ്മപുത്രരെ കണ്ട് വണങ്ങി ഇരുപത്തിനാലാം മാത്രയില്‍ കെട്ടിച്ചാടി കുമ്പിടുന്നു. പദം തുടങ്ങുന്നു. ധര്‍മ്മപുത്രര്‍ അനുഗ്രഹിക്കുന്നു.