സാകേതവാസിനി നിജാകാരഗോപിനി

ആട്ടക്കഥ: 

നളചരിതം മൂന്നാം ദിവസം

1
സാകേതവാസിനി നിജാകാരഗോപിനി
സശോക തദാ നിഷധരാജേ
ഭൂസുരർ നടന്നു- ഭീമനൃവരന്റെ
“സാഹസികനവനെ നരലോകമതിൽ നിഖിലദിശി
വേഗമൊടുതിരവിൻ“ ഇതി വാചാ
2
സഹിതാ ശുചാ ദമനദമദാന്തസോദരിയു-
മതിതാന്തയായവരൊടുചേ;
“തിരക ദിശി യൂയം ദയിതമുരുമായം
സകലനൃപസഭകളിലുമൊരുപൊഴുതു കളി കരുതി-
യൊളിവിലൊരു മൊഴിയുമുരചെയ്‌വിൻ!“

3.
“എങ്ങോട്ടുപോയി, രസഭംഗോദ്യതോസി, പട-
ഭംഗോസ്തു ഖേദമതിനില്ലാ;
ഏതുമറിവില്ലാഞ്ഞാധി മമ നില്ലാ;
ഏവമയി! കിതവ, മമ ഭാവ, മിനിയതുമറിക,
യാവദസുനിയമമതുമില്ലാ.“

4.
“ഇതി വാക്കിനേകനൊരു പ്രതിവാക്കു ചൊൽകിലതു-
മുടനേത്യ നിങ്ങൾപറയേണം.“
ഇതി സപദി ഭൈമീമൊഴി കരുതി യേമീ
ഇവർ പലരിലൊരുവനഥ രവികുലജനൃപതിവര-
സവിധഭൂവി മൊഴിയതു പറഞ്ഞു.

അർത്ഥം: 

സാരം: അപ്പോൾ നിഷധരാജൻ സാകേതത്തിൽ സ്വന്തം സ്വരൂപം  മറച്ചവനും ദുഃഖിതനുമായിരിക്കെ, ?സാഹസികനായ അവനെ സകലദിക്കിലും വേഗം അന്വോഷിക്കുവിൻ? എന്ന ഭീമരാജാവിന്റെ കല്പനയാൽ ബ്രാഹ്മണർ കാൽ നടയായി സഞ്ചരിച്ചു.  ദുഃഖം കൊണ്ട്‌ തളർന്നവളും ദമനൻ, ദമൻ, ദാന്തൻ എന്നിവരുടെ സഹോദരിയുമായ ദമയന്തി ആ ബ്രഹ്മണരോട്‌ ഇങ്ങനെ പറഞ്ഞു. ?എല്ലാ രാജാക്കൻമാരുടെയും സഭകളിൽ ഒരു പ്രാവശ്യം, വിനോദത്തിനായി പ്രയോഗിക്കുന്നു എന്ന മട്ടിൽ ഒളിവിൽ ഒരു ചൊല്ല്‌ പറയുക? ഇപ്രകാരമുള്ള വാക്കിന്‌  ഒരുത്തൻ മറുമൊഴി പറഞ്ഞാൽ ഉടനെ നിങ്ങൾ ഇവിടെ വന്ന്‌ പറയണം?.  ഇങ്ങനെ ദമയന്തിയുടെ വാക്കുകേട്ട്‌ പുറപ്പെട്ട പലരിൽ ഒരുവൻ ഋതുപർണ്ണസവിധത്തിൽ അതു പറഞ്ഞു.

അരങ്ങുസവിശേഷതകൾ: 

(കഥാഗതിയിൽ ഇടയ്ക്ക്‌ പല വിഷയങ്ങളെയും ചേർത്ത്‌ പ്രതിപാദിക്കുന്നതിനുള്ള സൗകര്യത്തിനു വേണ്ടിയാണ്‌ ദണ്ഡകം ഉപയോഗിക്കുന്നത്‌)