അഖിലം കല്യാണം നമുക്കിനി

രാഗം: 

സൌരാഷ്ട്രം

താളം: 

അടന്ത

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

കഥാപാത്രങ്ങൾ: 

ഹംസം

പുഷ്കരൻ മനസി പുഷ്കലമോദം
പുക്കു വാണു നിജമേവ നികേതം
സത്കൃതിം നളകൃതാം സ ഗൃഹീത്വാ
തത്ക്ഷണം നളമുവാച ഖഗേന്ദ്രഃ

പല്ലവി:
അഖിലം കല്യാണം നമുക്കിനി അവികലമമിതഫലം.

അനു.
അകിലിൻ മണമെഴും നിൻഗുണപരിമളം
അഖിലഭുവനങ്ങളിൽ ഇണങ്ങി വിളങ്ങീടേണം.

1.
അപത്തകന്നൊരു നിന്നെക്കണ്ടേൻ, നിന്നോ-
ടാതിഥ്യമാധുര്യം ഞാൻ കൈക്കൊണ്ടേൻ,
ആധി ബാധിച്ചിന്നു കുതുകം പൂണ്ടേനേറ്റം
ജാതിചാപല്യമോ നമുക്കു പണ്ടേ,
സുദിനമെത്രയുമെന്നു ചൊൽവോരതിനു കുറ്റവുമുണ്ടുചെറ്റിഹ
സുതനോടും നിജസുതനോടും സഹ
സുതനു ഭൈമി വരായ്കയാൽ.

അർത്ഥം: 

ശ്ലോകം:- മനസ്സിൽ അതിയായ സന്തോഷത്തോടെ പുഷ്കരൻ, തന്റെ മുൻപത്തെ ഗൃഹത്തിൽ ചെന്ന് വാണു. ആ പക്ഷിശ്രേഷ്ഠൻ നളൻ ചെയ്ത് സത്ക്കാരം സ്വീകരിച്ചുകൊണ്ട് അപ്പോൾ നളനോട് പറഞ്ഞു.
പദം:-നമുക്ക്=സ്നേഹത്തോടേ അങ്ങേയ്ക്ക് എന്ന് പറയുകയാണെന്ന് പന്മന രാമചന്ദ്രൻ നായർ, കൈരളീവ്യാഖ്യാനം. അങ്ങയ്ക്ക് ഇനിഎല്ലാം കുറ്റമറ്റതും അളവറ്റ ഫലത്തോടുകൂടിയതുമായ മംഗളം ആയിരിക്കും. അകിലിന്റെ(=ഒരു തരം സുഗന്ധക്കൂട്ട്) മണം പോലെ ഉള്ള നിന്റെ സദ്ഗുണങ്ങളുടെ സുഗന്ധം സർവ്വലോകങ്ങളിലും ശോഭിയ്ക്കുമാറാകട്ടെ. വിഷമങ്ങൾ എല്ലാം തീർന്ന സമയത്ത് നിന്നെ കാണാൻ പറ്റിയല്ലൊ. മാത്രമല്ല നിന്റെ ആതിഥ്യം ഞാൻ സ്വീകരിയ്ക്കുകയും ചെയ്തു; ആപത്തുകൾ എല്ലാം മാറിയതിൽ ഞാൻ വളാരെ സന്തോഷവാനാണ്. പക്ഷിജാതിയ്ക്കുള്ള ചാപല്യം കൊണ്ട് പറയുകയാണ്,- ഇന്ന് നല്ലദിവസം എന്ന് എല്ലാവരും പറയുമെങ്കിലും അതിനും ചെറിയ ഒരു പോരായ്മ ഉണ്ട്; (അതിനു കാരണം) മക്കളോടുകൂടെ സുന്ദരി ദമയന്തി ഇവിടെ വന്നിട്ടില്ലാത്തതിനാൽ.