കഥാസംഗ്രഹം

രംഗം 1

ദമയന്തിയെ ഉപേക്ഷിച്ച് ഏകനായി വനത്തിലൂടെ നടന്നുപോകുന്ന നളന്റെ വിചാരപ്പദം ആണ് ഇത്. ദേവന്മാരോട് നന്മയ്ക്കായി പ്രാർത്ഥിച്ച്, അവസാനം ദമയന്തിയേയും നമിക്കുന്നു. തത്വചിന്താപരമായി തന്റെ ജീവിതത്തിൽ കഴിഞ്ഞ സംഭവങ്ങൾ ഓർക്കുകയാണ്.

രംഗം 2

നളൻ വീണ്ടും വനത്തിലൂടെ ഒറ്റയ്ക്ക് നടക്കുന്നു. വനത്തിന്റെ ഭീകരതയും മറ്റും കണ്ട് വീണ്ടും തത്വചിന്തകൾ നളന്റെ മനസ്സിലേക്ക് വരുന്നു. മറ്റൊരു ആത്മഗതം.

രംഗം 3 & 4

തളർന്നും വിചാരം കലർന്നും കാട്ടിലെ പുൽമേട്ടിൽകിടന്നും അങ്ങനെ വനത്തിലൂടെ ദിവസങ്ങളായി സഞ്ചരിക്കുന്ന നളൻ ഒരു സ്ഥലത്ത് എത്തിയപ്പോൾ കാട്ടിൽ കാട്ടുതീ കാണുന്നു. കാട്ടുതീയുടെ നടുക്കിൽ നിന്ന് തീയ്യിൽ നിന്നും രക്ഷിക്കാനായി നളനെ വിളിച്ച് കരയുന്ന ഒരു ശബ്ദം കേൾക്കുന്നു. നളൻ ഉടൻ ഭയപ്പെടണ്ടാ എന്ന് പറഞ്ഞ് കാട്ടുതീയിനുള്ളിലേക്ക് കടന്ന് ആ ശബ്ദത്തിനുടമയോട്, കണ്ടാൽ ഒരു പാമ്പാണ്, നീ ആരാണ് എങ്ങിനെ തീയ്യിൽ പെട്ടു, എന്റെ പേരുവിളിച്ച് കരയാനെന്ത് കാരണം എന്നൊക്കെ ചോദിക്കുന്നു. നളൻ കാർക്കോടകനെ തീയ്യിൽ നിന്നും രക്ഷിക്കുന്നു. കാർക്കോടകൻ കഥകൾ എല്ലാം പറയുന്നു. കാർക്കോടകൻ നളനെ കടിയ്ക്കുന്നു. നളന്റെ രൂപം എല്ലാം മാറുന്നു. ശേഷം കാർക്കോടകൻ നളനു രണ്ട് വസ്ത്രം കൊടുക്കുന്നു, ആ വസ്ത്രം ധരിച്ചാൽ പഴയരൂപം പ്രാപിക്കുമെന്നും പറയുന്നു. കടിച്ചത്, നളനെ അല്ല, നളനെ ബാധിച്ച കലിയെയാണെന്നും ആ കലി ഇപ്പോൾ തന്റെ വിഷം കൊണ്ട് എരിയുകയാണെന്നും പറയുന്നു. കാർക്കോടകൻ നളനോട്, ബാഹുകനെന്ന പേരിൽ സാകേതരാജ്യത്തിൽ പോയി ഋതുപർണ്ണരാജാവിന്റെ തേരാളിയായി കഴിയാൻ ഉപദേശിക്കുന്നു. ശേഷം എല്ലാം നളനുമംഗളമായി ഭവിയ്ക്കുമെന്നും പറഞ്ഞ് കാർക്കോടകൻ മറയുന്നു. മറയുന്നതിനു മുൻപ് നളന്റേയും കാർക്കോടകന്റേയും കഥകളെ നിത്യമായി ചിന്തിയ്ക്കുന്നവനു അത്യന്തം ആഹ്ലാദം ലോകത്തിൽ സംഭവിയ്ക്കും എന്നു കൂടെ പറയുന്നുണ്ട്.

രംഗം 5

കാർക്കോടകന്റെ ഉപദേശപ്രകാരം നളൻ ഋതുപർണ്ണരാജധാനിയിൽ എത്തി അവിടെ ഋതുപർണ്ണന്റെ പാചകക്കാരനായും കുതിരക്കാരനായും കഴിയുന്നു.

രംഗം 6

അങ്ങനെ ഋതുപർണ്ണരാജ്യത്ത് ബാഹുകൻ കഴിയുന്ന ഒരു ദിവസം, സ്വഗൃഹത്തിൽ ശാന്തനായി ഇരിക്കുന്ന ഒരു രാത്രി, ദമയന്തിയെ പറ്റിയുള്ള അതികഠിനമായ ആലോചനയാൽ, ബാഹുകനിൽ നിന്നും ഒരു വാങ്മയമാകുന്ന നിലാവ് ആവിർഭവിച്ചു. (മനോഹരമായ ഒരു ചിന്ത, വാക്കുകൾ ആയി ബാഹുകൻ അറിയാതെ തന്നോട് തന്നെ പറഞ്ഞു എന്ന് അർത്ഥം.) അത് കേട്ട് ഒപ്പം കിടക്കുന്ന ജീവലവാർഷ്ണേയന്മാർ ആരെ പറ്റി ഓർത്താണ് ബാഹുകൻ കരയുന്നത്, ആരാണ് ആ സുന്ദരി എന്നൊക്കെ ചോദിക്കുന്നു. ബാഹുകൻ സത്യം പറയാതെ ഒഴിവുകഴിവ് പറഞ്ഞ് മാറുന്നു.

സാകേതവാസിനി നിജാകാരഗോപിനി

ഈ ദണ്ഡകത്തിൽ പറയുന്നത്, അപ്പോൾ നിഷധരാജൻ സാകേതത്തിൽ സ്വന്തം സ്വരൂപം  മറച്ചവനും ദുഃഖിതനുമായിരിക്കെ, സാഹസികനായ അവനെ സകലദിക്കിലും വേഗം അന്വോഷിക്കുവിൻ എന്ന ഭീമരാജാവിന്റെ കല്പനയാൽ ബ്രാഹ്മണർ കാൽ നടയായി സഞ്ചരിച്ചു.  ദുഃഖം കൊണ്ട്‌ തളർന്നവളും ദമനൻ, ദമൻ, ദാന്തൻ എന്നിവരുടെ സഹോദരിയുമായ ദമയന്തി ആ ബ്രഹ്മണരോട്‌ ഇങ്ങനെ പറഞ്ഞു. എല്ലാ രാജാക്കൻമാരുടെയും സഭകളിൽ ഒരു പ്രാവശ്യം, വിനോദത്തിനായി പ്രയോഗിക്കുന്നു എന്ന മട്ടിൽ ഒളിവിൽ ഒരു ചൊല്ല്‌ പറയുക, ഇപ്രകാരമുള്ള വാക്കിന്‌  ഒരുത്തൻ മറുമൊഴി പറഞ്ഞാൽ ഉടനെ നിങ്ങൾ ഇവിടെ വന്ന്‌ പറയണം.  ഇങ്ങനെ ദമയന്തിയുടെ വാക്കുകേട്ട്‌ പുറപ്പെട്ട പലരിൽ ഒരുവൻ (പർണ്ണാദൻ) ഋതുപർണ്ണസവിധത്തിൽ അതു പറഞ്ഞു.

രംഗം 7

പർണ്ണാദൻ തിരിച്ച് വന്ന് ഋതുപർണ്ണരാജധാനിയിൽ നിന്നും ഒരുത്തൻ തന്റെ വാക്യത്തിനു മറുപടി പറഞ്ഞതായി ദമയന്തിയെ അറിയിക്കുന്നു. ശേഷം വിവരങ്ങൾ എല്ലാം അറിയിച്ച് ദമയന്തിയുടെ പക്കൽനിന്ന്‌ ധനവും, ഗോധനവും മറ്റും വീണ്ടും ഇരന്നുവാങ്ങി, പർണ്ണാദൻ രംഗംവിടുന്നു.

രംഗം 8

ദമയന്തി തന്റെ അമ്മയുടെ അടുത്ത് ചെന്ന് ദുഃഖങ്ങൾ പറയുന്നു. ഒപ്പം പർണ്ണാദൻ പറഞ്ഞ വിവരങ്ങളും പറഞ്ഞ് അമ്മയുടെ ഉപദേശം ആരായുന്നു. മറ്റൊരു ബ്രാഹ്മണനെ (സുദേവൻ) ഋതുപർണ്ണരാജധാനിയിലേക്ക് അയക്കാനായി അമ്മയുടെ അനുവാദം ദമയന്തി വാങ്ങുന്നു.

രംഗം 9

ദമയന്തി സുദേവനോട് ഉടനെ അച്ഛൻ പോലും അറിയാതെ, ഋതുപർണ്ണരാജധാനിയിൽ പോയി തന്റെ രണ്ടാംവിവാഹ വാർത്ത അറിയിക്കാനായി ആവശ്യപ്പെടുന്നു. സമർത്ഥനായ സുദേവൻ രണ്ടാം വിവാഹം നാളെ എന്ന് അവിടെപോയി പറയാം എന്ന് സമ്മതിയ്ക്കുന്നു.

രംഗം 10

ഋതുപര്‍ണ്ണന്റെ രാജധാനിയില്‍ ചെന്ന സുദേവന്‍, ബാഹുകന്റെ സാന്നിദ്ധ്യത്തില്‍ ദമയന്തിയുടെ രണ്ടാം വിവാഹ വാര്‍ത്ത (വ്യാജ്യം) അറിയിക്കുന്നു. ഋതുപർണ്ണൻ ബാഹുകനെ വിളിച്ച് തിടുക്കത്തിൽ കുണ്ഡിനത്തിലേക്ക് യാത്രയാകാനായി തേരുതയ്യാറാക്കൻ പറയുന്നു. തേർ ഒരുക്കാനെന്നു പറഞ്ഞ്‌ ബാഹുകൻ തിരിഞ്ഞ്‌ വീണ്ടും രംഗത്തിലിരിക്കുന്നു. ഋതുപർണ്ണനും വാർഷ്ണേയനും മാറിപ്പോരുന്നു.

രംഗം 11

ഈ രംഗം ബാഹുകൻ തേർത്തട്ടിൽ ഇരുന്ന് ദമയന്തിയുടെ രണ്ടാംവിവാഹവാർത്തയെ പറ്റി ആലോചിച്ച് കരയുന്നതാണ്. പ്രസിദ്ധമായ ‘മറിമാൻകണ്ണി മൗലിയുടെ..’ എന്ന പദം. പദാവസാനം ഋതുപർണ്ണനും ബാഹുകനും വാർഷ്ണേയനും തേരിൽ കയറി യാത്ര തുടങ്ങുന്നു. രഥവേഗം കണ്ട് അത്ഭുതപ്പെടുന്ന വാർഷ്ണേയൻ ബാഹുകൻ നളൻ തന്നെ എന്ന് വിചാരിച്ച് ഉറപ്പിക്കുന്നു. രഥവേഗം കണ്ട് ഋതുപർണ്ണനും അത്ഭുതപരതന്ത്രനാകുന്നു. അതിനിടയ്ക്ക് ഋതുപർണ്ണന്റെ മേൽമുണ്ട് താഴെ വീഴുന്നു. രഥം പെട്ടെന്ന് നിർത്തി മേൽമുണ്ട് എടുക്കാനായി ഋതുപർണ്ണം ബാഹുകനോട് പറയുന്നു. രഥം നിർത്തുന്നു. സന്ധ്യയ്ക്ക് മുൻപ് കുണ്ഡിനത്തിൽ എത്തണമെങ്കിൽ പെട്ടെന്ന് പോകണം, വീണ മേൽമുണ്ട് അടുത്തൊന്നും അല്ല ബഹുയോജന പിന്നിലാണ് എന്ന് ബാഹുകൻ അറിയിക്കുന്നു. മുന്നിൽ കാണുന്ന താന്നിമരത്തിൽ മൂന്ന് ലക്ഷത്തിമുപ്പതിനായിരം ഇലകൾ ഉണ്ട്, വിശ്വാസം വരുന്നില്ലെങ്കിൽ അവിടെ പോയി ഇലകൾ എണ്ണിനോക്കാൻ ബാഹുകനോട്, ഋതുപർണ്ണൻ ആവശ്യപ്പെടുന്നു. അത് പ്രകാരം ബാഹുകൻ താന്നിമരച്ചുവട്ടിൽ പോയി എണ്ണിനോക്കി കൃത്യമെന്ന് കണ്ട് അത്ഭുതപ്പെടുന്നു. ഋതുപർണ്ണനു അശ്വഹൃദയം ബാഹുകൻ ഉപദേശിക്കുന്നു. തിരിച്ച് നളനു അക്ഷഹൃദയം ഋതുപർണ്ണനും ഉപദേശിക്കുന്നു. അക്ഷഹൃദയം പഠിച്ചതോടെ ബാഹുകന്റെ ശരീരത്തിൽ നിന്നും കലി പുറത്ത് വരുന്നു. 

രംഗം 12

ദേഹത്ത് നിന്ന് പുറത്ത് വന്ന കലിയെ വധിക്കാൻ നളൻ ശ്രമിക്കുന്നു. കലി മാപ്പപേക്ഷിക്കുന്നു. നളൻ ഇനി ആരേയും ഉപദ്രവിക്കരുത് എന്ന് കൽ‌പ്പിച്ച് ക്ഷമിച്ച് കലിയെ വെറുതെ വിടുന്നു. ശേഷം മൂവരും ചേർന്ന് കുണ്ഡിനത്തിലേക്കുള്ള യാത്ര തുടരുന്നു.


കഥാപാത്രങ്ങൾ

നളൻ – പച്ച

കാർക്കോടകൻ – പ്രത്യേകതേപ്പ്

ബാഹുകൻ (കാർക്കോടക ദംശനമേറ്റ് കറുത്ത നളൻ) – പച്ച (നീലവസ്ത്രം)

ഋതുപർണ്ണൻ – പച്ച

ദമയന്തി – സ്ത്രീവേഷം

ദമയന്തിയുടെ അമ്മ – സ്ത്രീവേഷം

പർണ്ണാദൻ-ബ്രാഹ്മണവേഷം മിനുക്ക്

സുദേവൻ-ബ്രാഹ്മണവേഷം മിനുക്ക്

ജീവലൻ-കുതിരക്കാരൻ

വാർഷ്ണേയൻ-കുതിരക്കാരൻ

കലി-ചുവന്നതാടി