കാലിണ കൈതൊഴുതീടുന്നേന്‍ അഗ്രജ

രാഗം: 

അഠാണ

താളം: 

പഞ്ചാരി

ആട്ടക്കഥ: 

കർണ്ണശപഥം

കഥാപാത്രങ്ങൾ: 

ദുശ്ശാസനൻ

കാലിണ കൈതൊഴുതീടുന്നേന്‍ അഗ്രജ ഭൂപതിതിലക

ഭീമാദികളാമധമന്മാരെ നിധനം ചെയ്തീടാന്‍
താമസമിനിയും കുരുകുലവീരാ ഹാനിവരുത്തുകയില്ലേ ?

വിദ്വേഷാഗ്നി ജ്വാലകള്‍ നമ്മുടെ ഹൃത്തില്‍കത്തിപ്പടരുന്നൂ
ക്ഷാത്രവശോണിതപാനംചെയ്തവ ശമനം ചെയ്യേണ്ടേ ?

അക്ഷൌഹിണികളിലണിയണിയായി സമരോത്സാഹത്താല്‍
അക്ഷമാരായിഹ നില്‍പ്പു ഭടന്മാര്‍ , പടനീക്കുകയല്ലേ ?

തന്ത്രവിചക്ഷണമന്ത്രിപ്രമുഖര്‍ നിന്തിരുവടിയെക്കാണ്മാന്‍

മന്ത്രഗൃഹത്തില്‍ വന്നിട്ടുണ്ടവിടേയ്ക്കെഴുന്നള്ളുകയല്ലേ ?

അരങ്ങുസവിശേഷതകൾ: 

താളം : പല്ലവിക്ക് – പഞ്ചാരി ; ചരണങ്ങള്‍ക്ക് ചെമ്പട
 

ഇളകിയാട്ടം –  ദുര്യോധനന്‍ ദുശ്ശാസനോട് : അനുജാ , നീ പറഞ്ഞത് ശരിയാണ് . എന്നെ കാത്തിരിക്കുന്ന മന്ത്രിമാര്‍ക്ക് യഥോചിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണം . സൈന്യസജ്ജീകരണങ്ങള്‍ നേരിട്ട് കാണണം . ആയുധശാലകള്‍ പരിശോധിക്കണം . ഇനി താമസം പാടില്ല . വരൂ , നമുക്ക് പോകാം . ( കര്‍ണ്ണനോട് ) പ്രാനസ്നേഹിതാ , നീയും എന്നോട് കൂടെ വരൂ . എനിക്ക് എല്ലാത്തിനും നിന്‍റെ സഹായം അപരിത്യാജ്യം ആണ് . നീയാണല്ലോ യഥാര്‍ത്ഥത്തില്‍ എന്‍റെ ശക്തിയുടെ അസ്ഥിവാരം .

കര്‍ണ്ണന്‍ – നിങ്ങള്‍ രണ്ടു പേരും മുമ്പേ പോകുവിന്‍ . ഞാന്‍ പിന്നീട് വന്നു കൊള്ളാം . ഞാന്‍ ഗംഗാതീരത്തിലേക്ക് ഒന്ന് പോയി വരട്ടെ .

ദുര്യോധനന്‍ : കര്‍ണ്ണാ , ചില ദിവസങ്ങളായിട്ട് നിനക്ക് ഉന്മേഷമില്ലായ്മയും മ്ലാനതയും ഞാന്‍ കാണുന്നുണ്ട് . വിശേഷിച്ച് വല്ലതും ഉണ്ടോ ?

കര്‍ണ്ണന്‍ – നിദ്രയ്ക്ക് ഭംഗം വരാറുണ്ട് . അതു കൊണ്ട് ചെറിയൊരു ക്ഷീണവും . ഗംഗാസ്നാനം ചെയ്ത് പ്രാര്‍ത്ഥിച്ചാല്‍ എല്ലാം മാറി പോകും .

ദുര്യോധനന്‍ – ശരി , ഞങ്ങള്‍ പോകട്ടെ . നീ വന്നിട്ട് മാത്രമേ അവസാനത്തെ തീരുമാനമെടുക്കൂ .

ദുര്യോധനനും ദുശ്ശാസനനും ഒരു വശത്ത്കൂടി പോകുന്നു.

അനുബന്ധ വിവരം: 

തിരശ്ശീല പിടിയ്ക്കലൊന്നും പതിവില്ല എങ്കിലും ഇവിടെ രംഗം തിരിക്കാനായി ചേർക്കുന്നു.