വാടാ പോരിന്നായിവിടെ

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

രണായാജുഹുവേ പാർത്ഥോ
നിവാതകവചാദികാൻ
സാഗരാന്തശ്ചരാൻദൈത്യാൻ
ജ്യാഘോഷൈ:പരികമ്പയൻ

പല്ലവി
വാടാപോരിന്നായിവിടെപ്പാടവമുണ്ടെങ്കിൽ

ചരണം 1:
കൂടലർകാലനാംഗുഡാകേശനാകുന്നഞാൻ
ആടൽതീർന്നുരണനാടകംപരിചിലാടുവതിനുവാടാ
അധികമൂഢാശഠതകൂടാഅസുരകീട

ചരണം 2:
ആശുപോർചെയ്കിൽജീവിതേശനെകണ്ടീടുംനീ
മേചകാംബുദനീകാശദേഹദനുജേന്ദ്ര!
കഠിനകവച!കിമിഹവാചാനിവാതകവച
അതിനീച

ചരണം 3:
വാരിധിയിലൊളിച്ചുവാസംചേരാനിനിക്കു
വീരനെങ്കിലിഹപോരിൽ
നേരിടുവതിന്നുവരികശൂര!നിജഗഭീര!
സമധീരഅതികഠോര

ചരണം 4:
ആതങ്കമെന്നിയേനിശാതമായുള്ളായുധജാതമാശു
കൈക്കൊണ്ടു
ജാതകുതുകേനവരരികിലുചിതം
നിന്റെചരിതംനമമചകിതംനിയതം.

അർത്ഥം: 

രണയാജുഹുവേ:
സാഗരാന്തര്‍ഭാഗത്ത് സഞ്ചരിക്കുന്ന നിവാതകവചാദി ദൈത്യരെ ഞാണോലിയിട്ട് വിറപ്പിച്ചുകൊണ്ട് പാര്‍ത്ഥന്‍ പോരിനുവിളിച്ചു.

വാടാ പോരിന്നായിവിടെ:
സാമര്‍ഥ്യമുണ്ടേങ്കില്‍ നീ പോരിനു വാടാ. ശത്രുകൂട്ടത്തിന് കാലനാകുന്ന അര്‍ജ്ജുനനാകുന്നു ഞാന്‍. അധികമൂഢാ, സംശയമില്ലാതെ, ശാഠ്യം വിട്ട് യുദ്ധംചെയ്യാന്‍ വാടാ അസുരകീടമേ. കാര്‍മേഘതുല്യമായ ശരീരത്തോടുകൂടിയ രാക്ഷസരാജാ, കഠിനമായ കവചത്തോടുകൂടിയവനേ, നിവാതകവചാ, അതിനീചാ, പറയുന്നതെന്തിന്? പോര്‍ചെയ്കില്‍ നീ ഉടനെ അന്തകനെ കാണും. ഭയംകൂടാതെ മൂര്‍ച്ചയുള്ള ആയുധങ്ങളേന്തി ഉന്മേഷത്തോടെ വരുകയാണ് ഉചിതം. തീര്‍ച്ചയായും നിന്റെ ചരിത്രം എന്നെ ഭയപ്പെടുത്തുന്നില്ല. ശൂരാ, തനിക്കൊത്ത ഗാഭീര്യമുള്ളവനേ, യുദ്ധവീരാ, മഹാക്രൂരാ, സമുദ്രത്തില്‍ ഒളിച്ചു വസിക്കുന്നത് നിനക്ക് ചേരുന്നതല്ല. വീരനെങ്കില്‍ ഇപ്പോള്‍ പോരില്‍ നേരിടാന്‍ വരിക.

അരങ്ങുസവിശേഷതകൾ: 

രംഗമദ്ധ്യത്തിലെ പീഠത്തില്‍ ചാപബാണധാരിയായി നിന്നുകൊണ്ട് അര്‍ജ്ജുനന്‍ പ്രവേശിക്കുന്നു.
അര്‍ജ്ജുനന്‍:(കണ്ടതായി നടിച്ചിട്ട്) ‘ഏറ്റവും ഗംഭീരമായ സമുദ്രം ഇതാ കാണുന്നു.’ (ചാടി താഴെയിറങ്ങി ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി, കണ്ടിട്ട്) ‘അഹോ! ഗഭീരധ്വനിയോടെ മറിഞ്ഞുവരുന്ന തിരമാലകള്‍‘ (പലതും കണ്ടിട്ട്) ‘തടിച്ചമത്സ്യങ്ങളും മുതലകളും ഞണ്ടുകളും ശംഖിന്‍‌ കൂട്ടങ്ങളും മദത്തോടെ സന്താരം നടത്തുന്നു. ഈ സമുദ്രത്തിന് സാമ്യമായി മറ്റൊന്നില്ല. ഇനി നിവാതകവചനെ യുദ്ധത്തിനായി വിളിക്കുകതന്നെ.’
അര്‍ജ്ജുനന്‍ നാലാമിരട്ടിയെടുത്തിട്ട്, പദം ആടുന്നു.

അനുബന്ധ വിവരം: 

പദാഭിനയം കഴിഞ്ഞ് അര്‍ജ്ജുനന്‍ വില്ല് വളച്ചുകുത്തി കെട്ടിയശേഷം നാലാമിരട്ടിയെടുത്തിട്ട്, പല പ്രാവശ്യം ഞാണോലിയിടുകയും പോരിനുവിളിക്കുകയും ചെയ്തിട്ട്, നിന്ദാമുദ്രകാട്ടി, പിന്നോട്ട് കുത്തിമാറി നിഷ്ക്രമിക്കുന്നു.
 

തിരശ്ശീല