ശ്രീമൻ സഖേ വിജയ

രാഗം: 

സാവേരി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

പരമപുരുഷനേവം പാരിടം കാത്തശേഷം
പരിചൊടു യദുപുര്യാം തത്ര വാഴുന്നകാലം !
സരസിജനയനം തം ദ്രഷ്ടുകാമസ്സ പാര്‍ത്ഥോ
ഗുരുതരഭുജവീര്യ: പ്രാപ്തവാനാത്തമോദം !!

പദം:
ശ്രീമൻ സഖേ വിജയ! ധീമന്‍! സകലഗുണ-
ധാമന്‍! സ്വാഗതമോ! സുധാമന്‍!

സോമന്‍ ത്രിജഗദഭിരാമന്‍ വണങ്ങിടും നിന്‍
മുഖപങ്കജമിഹ കണ്ടതിനാലതി സുഖസംഗത സുദിനം ദിനമിതു മമ 

ധീരന്‍ സുകൃതിജനഹീരന്‍ നയവിനയാ-
ധാരന്‍ ധര്‍മ്മജനത്യുദാരന്‍-
വീരന്‍ വൃകോദരനും സ്വൈരം വസിക്കുന്നല്ലീ-
സഹജാവപി സഹജാമലഗുണഗണ
മഹിതാ തവ ദയിതാപി ച കുരുവര! 

അർത്ഥം: 

പരമപുരുഷനേവം: 
ദുഷ്ടജനങ്ങളെ നിഗ്രഹിച്ച്‌ ശിഷ്ടജനങ്ങളെ സംരക്ഷിച്ചുകൊണ്ട്‌  പരമപുരുഷനായ ശ്രീകൃഷ്ണൻ ദ്വാരകയിൽ വാണരുളുന്ന കാലത്ത്‌ അവിടുത്തെ കാണുവാനായി ഉഗ്രപരാക്രമിയായ അർജ്ജുനൻ സന്തോഷത്തോടെ അവിടെ എത്തി. 
 
പദം: ശ്രീമൻ സഖേ..
ശ്രീയുള്ളവനും ബുദ്ധിമാനും ധീരനും സകലഗുണങ്ങൾക്കും ഇരിപ്പിടമായവനുമായ അല്ലയോ അർജ്ജുനാ, സുഖമല്ലേ? ഹേ സുധാമൻ! മൂന്നുലോകത്തിലും ഏറ്റവും സുന്ദരനായ, ചന്ദ്രൻ കൂടെ വണങ്ങുന്ന നിന്റെ താമരപോലുള്ള മുഖം കണ്ടതിനാൽ എനിക്ക് ഇന്ന് ഏറ്റവും സുഖം ഭവിച്ച നല്ല ദിവസം ആണ്.  ധീരനും,  സുകൃതികളിൽ മുമ്പനായവനും, നയവിനയങ്ങൾക്ക് ആധാരമായുള്ളവനും, ഉദാരമതിയുമായ നിന്റെ സഹോദരൻ ധർമ്മപുത്രർക്കും, വീരനായ ഭീമനും സ്വൈരമായി സുഖമായി ജീവിക്കുന്നില്ലേ? കൂടാതെ സകലഗുണങ്ങൾക്കും കൂട്ടായുള്ള നിന്റെ ഭാര്യയോ, അല്ലയോ കുരുശ്രേഷ്ഠാ? (എല്ലാവർക്കും സുഖമല്ലേ എന്ന് വ്യഗ്യം))
 

അരങ്ങുസവിശേഷതകൾ: 

ഇടതുവശത്തുകൂടി ‘കിടതകധീം,താം’മേളത്തിനൊപ്പം ചാപബാണധാരിയായി പ്രവേശിക്കുന്ന അർജ്ജുനൻ, സാവധാനം മുന്നോട്ടുവന്ന് വലതുഭാഗത്തായി പീഠത്തിൽ ഇരിക്കുന്ന ശ്രീകൃഷ്ണനെ കണ്ട്, കെട്ടിച്ചാടി കുമ്പിട്ടശേഷം വില്ലുകുത്തിപ്പിടിച്ച് നിൽക്കുന്നു. ശ്രീകൃഷ്ണൻ അർജ്ജുനനെ കണ്ട്, അനുഗ്രഹിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു. 

അനുബന്ധ വിവരം: 

 ഇവിടെ “സ്വാഗതമോ“ എന്ന് പറയുന്നിടത്ത്‌ “സുഖമല്ലേ?” എന്ന് മുദ്രകാണിക്കാനാണ്‌ കലാ.പദ്മനാഭൻ നായർ തന്റെ ചൊല്ലിയാട്ടം എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്‌. ചിലർ നിനക്ക്‌ സ്വാഗതം എന്നും കാണിക്കാറുണ്ട്‌.