ദയിതേ നീ കേൾ കമനീയാകൃതേ

രാഗം: 

ധന്യാസി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

കഥാപാത്രങ്ങൾ: 

നളൻ

പല്ലവി:

ദയിതേ, നീ കേൾ കമനീയാകൃതേ,

അനുപല്ലവി:

അയി തേ വിവാഹത്തിൻമുൻപനുകമ്പനീയം വൃത്തം.

ചരണം. 1

ഓരോ ജനങ്ങൾ ചൊല്ലി നിൻഗുണമങ്ങു നിശമ്യ സദാ

ധീരോപി ഞാനധികം മങ്ങി മയങ്ങി അനംഗരുജാ

ആരോമലേ, നിനച്ചു ഭംഗിതരംഗിതമംഗമിതം

ഓരാ ദിനം യുഗമായി, ഇംഗിതമെങ്ങുമൊളിച്ചു ചിരം.

ചരണം. 2

ആരുമറിയരുതെന്നംഗജസങ്കടമെന്ന ധിയാ

ആരാമം പുക്കേനിമം ഭൃംഗവിഹംഗസങ്കുലിതം,

ദുരേ സുഖമെന്നായി, അങ്ങോടടൻ പുനരിങ്ങൊടടൻ

പാരം വലഞ്ഞേനപ്പോൾ സംഗതനായൊരു ഹംസവരൻ.

ചരണം. 3

സൗവർണ്ണഹംസം ചെയ്തൊരു സൗഹൃദമായതു സൗഹൃദമേ

പോയ്‌വന്നു നിൻമ തവും വർണിതവാൻ മമ കർണ്ണസുധാം,

ദൈവം ന വിപരീതം എന്നു പറഞ്ഞു മറഞ്ഞു സഖാ,

കൈവന്നു കാമിതവും കാമിനിമാർകുലമൗലിമണേ.

അർത്ഥം: 

സാരം: സുന്ദരിയായ ദയിതേ, നമ്മുടെ വിവാഹത്തിനു മുമ്പുള്ള അനുകമ്പനീയമായ വൃത്താന്തങ്ങൾ നീ കേൾക്കുക. ഓരോ ജനങ്ങൾ പറഞ്ഞ്‌ നിന്റെ ഗുണങ്ങൾ കേട്ടു. ധീരനാണെങ്കിലും ഞാൻ പ്രണയപാരവശ്യംകൊണ്ട്‌ മങ്ങിമയങ്ങിപ്പോയി. ഓരോ ദിവസവും യുഗതുല്യമായി തോന്നി. എന്റെ അനുരാഗം വളരെ നാൾ എല്ലാവരിൽനിന്നും ഒളിപ്പിച്ചു കഴിഞ്ഞുകൂടി. സൗവർണ്ണഹംസം ചെയ്ത സൗഹൃദമാണ്‌ ശരിയായ സൗഹൃദം. അവൻ എന്നരികിൽനിന്നു നിന്നരികിലേക്കു പറന്നുപോയി, തിരികെ വന്ന്‌ നിന്റെ മനോഗതങ്ങൾ എന്റെ ചെവികൾക്ക്‌ അമൃതമാകുംവണ്ണം വർണ്ണിച്ചു കേൾപ്പിച്ചു. ദൈവം നമുക്ക്‌ വിപരീതമല്ല എന്നു പറഞ്ഞ്‌ നമ്മുടെ പ്രിയസഖൻ പോയി മറഞ്ഞു. കാമിനിമാരുടെ മകുടരത്നമേ, എന്റെ അഗ്രഹമായ നിന്റെ സാമീപ്യം എനിക്ക്‌ ഇപ്പോൾ കൈവന്നിരിക്കുന്നു.
 

അരങ്ങുസവിശേഷതകൾ: 

നർമ്മസല്ലാപത്തിനുശേഷം ഇരുവരും ഉദ്യാനം നടന്നു കാണുന്നു. മുല്ലവള്ളി ചുറ്റിയ തേന്മ​‍ാവ്‌, ജലത്തിൽ തപം ചെയ്യുന്ന താമരമൊട്ടുകൾ, മുലയൂട്ടുന്ന മാൻപേട, പ്രിയനെ വേർപെട്ടു കരയുന്ന ചക്രവാകം തുടങ്ങിയവയെ കണ്ട്‌ ഒടുവിൽ ഇരുവരും വള്ളിക്കുടിലിലേക്കെന്ന മട്ടിൽ രംഗം വിടുന്നു.