ക്ഷോണീദേവവരന്മാരേ! മാനനീയ ശീലന്മാരേ

രാഗം: 

പന്തുവരാടി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

രാജസൂയം (തെക്കൻ)

കഥാപാത്രങ്ങൾ: 

ജരാസന്ധൻ

ശ്ലോകം
ജരാസുതശ്ചാപി നിരീക്ഷ്യ രാജാ
താനർത്ഥിനോ ബ്രഹ്മകുലാവതംസാൻ
മത്വാ തു തേഭ്യോർഹണമാശു ദത്വാ
നത്വാ ഗിരം സാനുനയം വ്യഭാണീൽ.
 
പദം
ക്ഷോണീദേവവരന്മാരേ! മാനനീയ ശീലന്മാരേ
സൂനബാണ സമന്മാരേ! ഞാനഹോ കൈവണങ്ങുന്നേൻ.
ഇന്നു നിങ്ങളെ കാൺകയാൽ വന്നുമേ പുണ്യസഞ്ചയം
വന്നു ജന്മം സഫലമായി നന്നു നന്നു ധന്യൻ ഞാനും
വിക്രമിയാകുമെന്നുടെ  വിക്രമം പാരിടത്തിലും
ശക്രലോകമതിങ്കലും ശക്രവൈരിലോകത്തിലും
ചിത്രതരം കേൾപ്പാനില്ലേ? ഗോത്രശത്രാശനന്മാരേ!
ഗോത്രനാഥന്മാരെല്ലാരും അത്രവന്നു വണങ്ങുന്നു
എന്തൊരു വാഞ്ഛിതം നിങ്ങൾ- ക്കന്തരമില്ലതു ചൊന്നെന്നാൽ
എന്തെന്നാകിലും തരുന്നേൻ ചിന്തയിലില്ല സംശയം.          

അരങ്ങുസവിശേഷതകൾ: 

വലത് ജരാസന്ധൻ ഇരിക്കുന്നു. ബ്രാഹ്മണർ പ്രവേശിക്കുന്നു. പരസ്പരം കണ്ട് ബ്രാഹ്മണരെ ഇടത് ഭാഗത്ത് ഇരുത്തുന്നു. ബ്രാഹ്മണരെക്കണ്ട് സാധാരണക്കാരല്ലെന്ന് മനസ്സിലാക്കി ഓരോ വിവരങ്ങൾ ചോദിച്ച ശേഷം പദം ആടുന്നു.

കലാശസമയത്ത് ജരാസന്ധൻ സംശയം നടിയ്ക്കുന്നു. വാമനകഥ ആടുന്നു. തങ്ങൾ ബ്രാഹ്മണർ തന്നെയെന്നു കൃഷ്ണബ്രാഹ്മണൻ ഉറപ്പുകൊടുക്കുന്നു. ജരാസന്ധൻ സത്യം ചെയ്ത് കയ്യടിയ്ക്കുന്നു.