രംഗം 12 വാല്മീകിയുടെ ആശ്രമം, യാഗാശ്വബന്ധനം

ആട്ടക്കഥ:
ലവണാസുരവധം
കുശലവന്മാർ വലുതായി. ഒരു ദിവസം അവർ കാടുകാണാൻ പോകട്ടെ എന്ന് അമ്മയോട് അനുവാദം ചോദിക്കുകയും അത് പ്രകാരം അവർ കാട്ടിലേക്ക് പോവുകയും ചെയ്തു. അന്നേരം രാമന്റെ അശ്വമേധയാഗം കഴിഞ്ഞ് കുതിര കാട്ടിലെത്തുന്നു. കുതിരയുടെ നെറ്റിയിൽ എഴുതിയത് വായിച്ച്, കുതിരയെ കെട്ടുക തന്നെ എന്ന് ബാലന്മാർ തീരുമാനിക്കുന്നു. ശേഷം കുതിരയെ ലവൻ പിടിച്ച് കെട്ടുന്നു. പിന്നാലെ വന്ന ശത്രുഘ്നൻ ലവനെ ബന്ധിയ്ക്കുന്നു. ഉടൻ തന്നെ കുശൻ വന്ന് ലവനെ ബലമായി മോചിപ്പിക്കുന്നു. തുടർന്ന് ഉള്ള യുദ്ധത്തിൽ ശത്രുഘ്നൻ തോറ്റ് പിൻവാങ്ങുന്നു.

ഈ രംഗം ഇപ്പോൾ നടപ്പുള്ളതാണ്. എന്നിരുന്നാലും ഇതിന്റെ അവസാനം പറയുന്ന പോലെ ശത്രുഘ്നന്നുമായോ ലക്ഷ്മണനുമായോ എന്തിനു ശ്രീരാമനുമായോ കുട്ടികൾ യുദ്ധം ചെയ്യുന്നതായി അരങ്ങത്ത് ഇപ്പോൾ അവതരിപ്പിക്കാറില്ലെ. കുതിരയെ പിടിച്ച് കെട്ടിയ കുട്ടികളെ ബ്രാഹ്മണർ ഉപദേശികുന്നു. കുട്ടികൾ കൂസലില്ലാതെ കുതിരയെ വിടാതെ കാട്ടിൽ തന്നെ നിൽക്കുന്നു. പിന്നാലെ ഹനൂമാൻ കുതിരയെ അന്വേഷിച്ച് വരുന്നു. ഹനൂമാൻ കുട്ടികളെ കാണുന്നു. കുട്ടികൾ ആരെന്ന് മനസ്സിലായ ഹനൂമാൻ കുട്ടികളോടൊത്ത് യുദ്ധം എന്ന നാട്യത്തിൽ കളിയ്ക്കുന്നു. (കീഴ്പ്പടം കുമാരൻ നായർ ഇവിടെ കുട്ടികളോടൊത്ത് അഷ്ടകലാശം പതിവുണ്ട്.) അവസാനം കുട്ടികളാൽ ബന്ധനസ്ഥനാകുന്ന ഹനൂമാനെ സീതാസമീപം എത്തിയ്ക്കുന്നതും എല്ലാമായ രംഗം 16ലേക്ക് സംക്രമിക്കുകയാണ് ഇപ്പോൾ പതിവ്.

ആദ്യഭാഗത്തെ കുശലവന്മാരുടെ പദം അടന്ത 28ലും സീതയുടേത് അടന്ത 14ലും പതിവുണ്ട്.