സോദരന്മാരെയിതു സാദരം കണ്ടിതോ

രാഗം: 

ഘണ്ടാരം

താളം: 

അടന്ത

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ദുര്യോധനൻ

പ്രസ്ഥാപ്യാഥ സ രാജസൂയവിരതാവന്ത:പുരം തത്പുരം

സ്വം പ്രത്യുത്ഭടരക്ഷിരക്ഷിജനനീ താതൌ ച ദുര്യോധന:

അന്തസ്സംഭൃതമത്സരോ മയകൃതാം പാര്‍ത്ഥാഞ്ചിതാം താം സഭാ-

മാരാദ്വീക്ഷ്യ ശംശസ സേര്‍ഷ്യമനുജാന്‍ ദുശ്ശാസനാദീനിദം

സോദരന്മാരെയിതു സാദരം കണ്ടിതോ

മോദകരമരികളുടെ മോഹനസഭാഗൃഹം

മേദിനിയിലിതുപോലെ മേദുരഗുണസ്ഥലം

പ്രാദുര്‍ഭവിച്ചീടാ വാദമിതിനില്ലഹോ

മരതകമണി കനക മാണിക്യഭിത്തികളു-

മരരനികരം മുകുര പരികലിതമത്ഭുതം!

സുരുചിരവിഡൂരമണിവിരചിതമഹാസ്തംഭ-

ഭരിതമതിഭാസുരസ്ഫടികഘടിതോത്തരം.

ചന്ദ്രികയണഞ്ഞു ബഹു ചന്തമൊടുവീഴുന്നു

ചന്ദ്രകാന്താംബുപരിചാരകവൃദ്ധങ്ങളാം
സാന്ദ്രമധുപുഷ്പഫലസന്താനകങ്ങളാൽ

ഇന്ദ്രമണിചത്വരവുമിദമധികശോഭനം;

കൃത്രിമമൃഗാങ്ക നക്ഷത്രങ്ങള്‍ കാണ്‍കിലോ

ചിത്രമിതുസത്യമെന്നത്രേ നിനച്ചീടും

താളം:-മുറിയടന്ത

അത്രയുമതല്ല നിലമത്രയും രത്നമയ-

മത്ര ഹരിമന്ദിരവുമഴകൊടു വണങ്ങണം.

അർത്ഥം: 

സോദരന്മാരേ, ശത്രുക്കളുടെ സന്തോഷകാരണമായ ഈ സുന്ദരസഭാഗൃഹം വഴിപോലെ കണ്ടുവോ? ഹോ! ഭൂമിയില്‍ ഇതുപോലെ ഏറ്റവും ഗുണസ്ഥലം ഉണ്ടാവുകയില്ല, ഇതിന് തര്‍ക്കമില്ല. മരതകരത്നം, സ്വര്‍ണ്ണം, മാണിക്യം ഇവകള്‍ പതിച്ച ഭിത്തികള്‍! കണ്ണാടികളാല്‍ ചുറ്റപ്പെട്ട പുരങ്ങളുടെ നിര! അത്ഭുതം തന്നെ! അത്ഭുതകരമായ കൃത്രിമചന്ദ്രനും നക്ഷത്രങ്ങളും കണ്ടാല്‍ ഇത് സത്യംതന്നെ എന്ന് വിചാരിക്കും. അത്രയും മാത്രമല്ല നിലം മുഴുവന്‍ രത്നമയം. ഇവിടെ ഇതിനെ ഹരിമന്ദിരവും സാദരം വണങ്ങണം.

അരങ്ങുസവിശേഷതകൾ: 

ദുശ്ശാസനന്റെ തിരനോട്ടം.

വീണ്ടും തിരനീക്കുമ്പോള്‍ ദുശ്ശാസനന്‍ ഇടതുഭാഗത്തുനിന്നും എടുത്തുകലാശത്തോടെ പ്രവേശിച്ച് വലതുവശത്ത് പീഠത്തിലിരിക്കുന്ന ദുര്യോധനനെ കണ്ട്, കുമ്പിടുന്നു. ദുര്യോധനന്‍ അനുഗ്രഹിച്ചിട്ട് എഴുന്നേറ്റ് പദാഭിനയം ആരംഭിക്കുന്നു.