ലങ്കയില്‍ വന്നേവം ചിത്തേ

രാഗം: 

വേകട (ബേകട)

താളം: 

മുറിയടന്ത – ദ്രുതകാലം

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

രാവണന്‍

വിഭീഷണന്‍ ചൊന്നതു കേട്ടനേരം

സഭാന്തരാളെ ദശകണ്‌ഠനാരാല്‍

വിഭിന്നലോകശ്രുതിശബ്‌ദമോടി-

ങ്ങഭീതമിത്ഥം ഹനുമന്തമൂചേ

ലങ്കയില്‍ വന്നേവം ചിത്തേ ശങ്കിയാതെ എന്നുടയ

കിങ്കരാദികളെകൊന്നതെന്തു മര്‍ക്കടമൂഢ

ഹന്ത രാവണനാകും ഞാന്‍ വൈരി രാവണനെന്നതും

കിന്തുനി അറിയായ്‌കയോ ഏവം ചെയ്‌തു രേ രേ

അർത്ഥം: 

ശ്ലോകം:-(ദൂതനെ കൊല്ലരുത്) എന്ന് വിഭീഷണൻ പറഞ്ഞത് കേട്ട് രാവണൻ സഭയിൽ വെഛ് പേടികൂടാതെ ഇരിക്കുന്ന ഹനൂമാനോട് കേൾക്കുന്നവരുടെ ചെവിപൊട്ടുമാറുച്ചത്തിൽ ഇങ്ങനെ പറഞ്ഞു.

പദം:-ലങ്കയിൽ വന്ന് ഒരു സംശയവും കൂടാതെ എന്റെ കിങ്കരന്മാരെ കൊന്നത് എന്തിനാണ് എടാ മർക്കടമൂഢാ. ഹന്ത! രാവണനായ ഞാൻ ശക്ത്രുക്കളെ കരയിക്കുന്നവൻ കൂടെ ആണെന്ന് നിനക്ക് അറിയാതെ ആണോ നീ ഇങ്ങനെ ചെയ്തത്?

അരങ്ങുസവിശേഷതകൾ: 

പ്രമദാവനമിന്നു ബഞ്ജിക്കുന്നേൻ… എന്ന ഹനൂമാന്റെ പദം കഴിഞ്ഞ് ഹനൂമാൻ ഭഞ്ജനം നടത്തുന്നു. രാക്ഷസന്മാരെ അനവധി കൊല്ലുന്നു. അരങ്ങിലുള്ള രാക്ഷസന്മാർ തന്നെ അവസാനം ഹനൂമാനെ ബന്ധിച്ച് രാവണനു സമീപം കൊണ്ട് വരുന്നു. പിന്നെ രാവണന്റെ ഈ പദം. എന്നതാണ് ഇപ്പോൾ അരങ്ങത്ത് നടപ്പുള്ള രീതി.

ഈ രംഗം (ആട്ടക്കഥാപ്രകാരം അല്ല, അരങ്ങ് നടപ്പ് പ്രകാരം) തുടങ്ങുമ്പോൾ രാവണൻ വലതുവശത്ത് വാൾ കുത്തിപ്പിടിച്ച് അതീവഗൗരവഭാവത്തിൽ ഇരിക്കുന്നു. കെട്ടിയിട്ട ഹനൂമാനേയും കൊണ്ട് കിങ്കരന്മാർ ഇടതുവശത്തുകൂടെ പ്രവേശിച്ച് ഹനൂമാനെ ഇടതുവശത്ത് നിലത്ത് ഇരുത്തി, രാവണനെ വന്ധിച്ച് ഇതാ ആ കുരങ്ങൻ എന്ന് പറഞ്ഞ് ഹനൂമാനെ കാണിച്ച് കൊടുക്കുന്നു. ഹനൂമാനെ കണ്ട് അമർഷത്തോടെ രാവണന്റെ പദം.