ആരിഹ വരുന്നതിവ

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പ 20 മാത്ര

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

കഥാപാത്രങ്ങൾ: 

ഹനൂമാൻ

അഭ്യര്‍ത്ഥിതോ ദയിതയേവമദീനകാന്തി-
രഭ്യുല്‍പപാത ഗുരുശൈലവനം ഗദാവാന്‍
തല്‍ഭൂരിവേഗസത്വരവച്ഛലേന
പത്ഭ്യാം ഹതേന രുദിതം ഗിരിണാഭിയേവ
 
ശാതോദരീചടുലചാരുകടാക്ഷപാത-
പാഥേയവാന്‍ പ്രവിചരന്‍ പ്രിയസാഹസോസൌ
പാദപ്രപാതചകിതാഖിലസ്വത്വജാതം
വാതാത്മജോപി കദളീവനമാസസാദ
 
ആയാസഹീനമതിഘോരഗദാസഹായ-
മായാന്തമാശു ഹനുമാന്‍ ഭുജശക്തിമന്തം
രാമം സ്മരന്‍ സസുഖമത്ര തപഃ പ്രകുര്‍വ്വന്‍
ഭീമം സമീക്ഷ്യ സമചിന്തയ ദേവമന്തഃ
 
ചരണം 1
ആരിഹ വരുന്നതിവനാരുമെതിരില്ലയോ
പാരമിയലുന്ന മദമാര്‍ന്നു വിപിനേ
 
ചരണം 2
വീരരസമേവ വിരവോടൊരു നരാകൃതി
ചാലവേ കൈക്കൊണ്ടു വന്നപോലെ
 
ചരണം 3
ഊരുവേഗംകൊണ്ടു ഭൂരിതരമായുള്ള
ഭൂരുഹസഞ്ചയം ഭൂമിയില്‍ വീഴുന്നു
[[ ഭീരുത കലർന്നിത ചമൂരുക്കളോടുന്നു
ചാരുതരമിവനുടയ ചാതുര്യമോർത്താൽ ]]

ചരണം 4
മാതംഗയൂഥമഭിമാനം വെടിഞ്ഞുള്ളില്‍
ആതംഗമോടവശം ഓടുന്നഹോ
 
ചരണം 5
ഖേദേന കേസരികള്‍ കേവലം പേടിച്ചു
മേദുരഗുഹാന്തരേ മേവീടുന്നു
 
ചരണം 6
മനസി മമ കിമപി ബത മമത പെരുകുന്നിവനില്‍
അനിലസുതനിവനെന്റെ അനുജനല്ലോ
 
ചമ്പ നാലാം കാലം (5 മാത്ര)
 
കനിവൊടിവനുടെ ശക്തി കാണ്‍കയും മമ തത്വം
ഇവനെ അറിയിക്കയും വേണമല്ലോ
 
വീണ്ടും രണ്ടാം കാലം (20 മാത്ര)
രാമജയ രാമജയ ലോകാഭിരാമ ജയ
രാവണാന്തക രാമ സീതാപതേ

അരങ്ങുസവിശേഷതകൾ: 

1) തിരനോക്കില്ലാതെ, കദളീവനത്തിൽ തപോലീനനായിരിക്കുന്ന ഹനുമാന്റെ രംഗപ്രവേശത്തോടെയാണ് രംഗം ആരംഭിയ്ക്കുന്നത്. 2) ഭീമന്റെ വനയാത്രാകോലാഹലം കേട്ട് ഞെട്ടിയുണരുന്ന ഹനുമാൻ ശബ്ദവർണ്ണന എന്ന സവിശേഷ രംഗാവിഷ്കാരം നടത്തുന്നു. സാധാരണമായി ഇവിടുത്തെ രംഗപ്രകാരം ഇങ്ങനെയാണ്: നാലാമിരട്ടിമേളത്തോടെ തിരശ്ശീല താഴ്ത്തുമ്പോള്‍ ഹനുമാന്‍ രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്ന് തപസ്സുചെയ്യുന്നു. എന്തോശബ്ദം ശ്രവിച്ച് ഞെട്ടിയുണരുന്ന ഹനുമാന്‍ ഇരുവശങ്ങളിലും ശ്രദ്ധിച്ചിട്ട്, ചിന്തിച്ച്, സമാധാനിച്ച് വീണ്ടും ധ്യാനനിരതനാകുന്നു. നിമിഷങ്ങള്‍ക്കകം വീണ്ടും ഞെട്ടിയുണരുന്നു. ഹനുമാന്‍:(ഇരു വശങ്ങളിലേക്കും നോക്കിയിട്ട്) ‘എന്റെ മനസ്സ് ഇളകുവാന്‍ കാരണമെന്ത്?’ (ആലോചിച്ച്, സമാധാനിച്ച്) ‘എന്തായാലും മനസ്സ് ഉറപ്പിക്കുകതന്നെ’ ഹനുമാന്‍ ശരീരത്തിന്റെ ഇരു വശങ്ങളിലും നടുവിലുമായി മൂന്ന് നാഡികളേയും(ഇഡ, പിംഗള, സുഷുമ്ന) ബന്ധിച്ചുറപ്പിച്ച് വീണ്ടും ധ്യാനത്തില്‍ മുഴുകുന്നു. അല്പസമയത്തിനകം ശബ്ദംകേട്ട് മൂന്നാമതും ധ്യാനത്തില്‍ നിന്നും ഉണരുന്ന ഹനുമാന്‍ അലറിക്കൊണ്ട് എഴുന്നേറ്റ് ഇരുവശങ്ങളിലേക്കും മാറി മാറി നോക്കുന്നു. ഹനുമാന്‍‍:‘ഏറ്റവും ഭയങ്കരമായ ശബ്ദം കേള്‍ക്കുന്നതെന്ത്? പര്‍വ്വതങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടിയുള്ള ശബ്ദമാണോ?’ (വിചാരിച്ച് ഉറച്ചിട്ട്) ‘അല്ല. പണ്ട് ഇന്ദ്രന്‍ തന്റെ വജ്രായുധംകൊണ്ട് പര്‍വ്വതങ്ങളുടെ ചിറകുകള്‍‘ (ഇന്ദ്രനായി പര്‍വ്വതങ്ങളുടെ ചിറകുകള്‍ മുറിക്കുന്നതായി ആടിയിട്ട്) ‘ഇപ്രകാരം ചെയ്തിട്ടുണ്ട്. [പര്‍വ്വതങ്ങള്‍ക്ക് പണ്ട് ചിറകുകള്‍ ഉണ്ടായിരുന്നു എന്നും, അവ യെഥേഷ്ടം പറന്നുനടന്നിരുന്നു എന്നും, ചിറകുകള്‍ അറുത്ത് അനങ്ങാനാവാതെ അതാതിടത്ത് അവയെ ഇരുത്തിയത് ഇന്ദ്രനാണെന്നുമാണ് പുരാണകഥ] ‘അതുകൊണ്ട് പര്‍വ്വതങ്ങളുടെ ശബ്ദമല്ല.’ [ഈഭാഗത്തെ ആട്ടം മറ്റൊരുവിധത്തിലും അവതരിപ്പിക്കാറുണ്ട്- ഹനുമാന്‍:‘എന്റെ മനസ്സ് ഇളകുവാന്‍ കാരണമെന്ത്? ലോകനാശകാലം വന്നുവോ? (വിചാരിച്ച്, എല്ലായിടവും നോക്കികണ്ടിട്ടും, ശബ്ദങ്ങള്‍ കേട്ടിട്ടും) ‘വൃക്ഷങ്ങള്‍ തളിരുകളോടും പുഷ്പങ്ങളോടും കൂടി ശോഭിച്ചുകാണുന്നു. പക്ഷികളുടേയും മൃഗങ്ങളുടേയും ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്. അതിനാല്‍ പ്രപഞ്ചനാശകാലം ആയിട്ടില്ല.’] ഹനുമാന്‍:‘പിന്നെ എന്ത്? (ദൂരെ എന്തോകണ്ട് സൂക്ഷിച്ചുനോക്കിയിട്ട്) ‘അതാ, ഒരു മനുഷ്യന്‍ കൈയ്യിലുള്ള തടിച്ച ഗദകൊണ്ട് വൃക്ഷങ്ങളെ തല്ലിതകര്‍ത്തുകൊണ്ട്, വഴിയുണ്ടാക്കി നേരേ വരുന്നു. ഈ ഗംഭീര പുരുഷന്‍ ആരാണ്? ആകട്ടെ, ആലോചിച്ച് അറിയുകതന്നെ’ഹനുമാന്‍ നാലാമിരട്ടി ചവുട്ടി, പദം അഭിനയിക്കുന്നു. ഹനുമാന്‍:‘ഇവന്‍ ഈ വഴിയെ വരുവാന്‍ കാരണമെന്ത്?‘ (ധ്യാനിച്ചിട്ട്) ‘ഓ! മനസ്സിലായി, ഭാര്യയുടെ ആഗ്രഹപ്രകാരം സൌഗന്ധികപൂക്കള്‍ തേടി വരികയാണ്. ഈ വഴിക്കുപോയാല്‍ സൌഗന്ധികം കിട്ടുകയില്ല. അതിനാല്‍ വഴിമാറ്റി അയക്കണം. അതിന് ഉപായമെന്ത്?‘ (വിചാരിച്ചിട്ട്) ‘ആകട്ടെ, ഒരു വൃദ്ധനായി ഇവന്റെ മാര്‍ഗ്ഗം മുടക്കി കിടക്കുകതന്നെ’ ഹനുമാന്‍ നാലാമിരട്ടി എടുത്തിട്ട് പീഠത്തില്‍കയറി നിന്ന് ശ്രീരാമസ്വാമിയെ പ്രാര്‍ത്ഥിച്ച്, ശരീരത്തിന് ജാതുരത്വം വരുത്തുന്നു. കൈകാലുകള്‍ക്ക് ശക്തികുറഞ്ഞ്,ശരീരമാകെ വിറപൂണ്ട്, പാരവശ്യത്തോടെ നിലത്തുവീഴുന്ന ഹനുമാന്‍, നീങ്ങി ഭീമന്റെ മാര്‍ഗ്ഗത്തില്‍ വിലങ്ങനെ കിടക്കുന്നു. ഗായകര്‍ ശ്ലോകമാലപിക്കുന്നു.  

അനുബന്ധ വിവരം: 

1) പട്ടിയ്ക്കാം തൊടി രാവുണ്ണിമേനോൻ “പ്രപഞ്ചനാശകാലം വന്നുവോ”  എന്നാരംഭിയ്ക്കുന്ന ആട്ടമാണ്ചെയ്തിരുന്നത്. പൊതുവേ പതിവുള്ള ശബ്ദവർണ്ണന ചെയ്തിരുന്നില്ല. 2) തെക്കൻ സമ്പ്രദായപ്രകാരം “മനസിമമ കിമപി ബത” എന്നിടത്ത് ഈ പദത്തിൽ അഷ്ടകലാശം എന്ന നൃത്തവിശേഷം അവതരിപ്പിക്കപ്പെടും. കല്ലുവഴി സമ്പ്രദായത്തിൽ ഈ ഭാഗത്ത് അഷ്ടകലാശം പതിവില്ല. 3) കീഴ്പ്പടം കുമാരൻ നായർ എന്ന കഥകളി ആചാര്യൻ സ്വയം ചിട്ടപ്പെടുത്തിയ വ്യത്യസ്തമായ അഷ്ടകലാശം ഇവിടെ അവതരിപ്പിക്കുക പതിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പാരമ്പര്യം പിൻതുടരുന്ന ശിഷ്യരും ഇവിടെ അഷ്ടകലാശം അവതരിപ്പിക്കാറുണ്ട്. 4) കലാ. രാമൻ കുട്ടി നായർ നിർമ്മിച്ച ‘തകൃത’ കലാശങ്ങൾ ഈ പദത്തിന്റെ ഇടക്കലാശങ്ങളെ മനോഹരമാക്കിയിരുന്നു. 5) “മാതംഗയൂഥം” “ഖേദേന കേസരികൾ” എന്നീ ഭാഗങ്ങൾ വിദഗ്ധനടന്മാർ ആനയും സിംഹവും ആയി പകർന്നാടി അഭിനയിക്കുന്നത് മനോഹരമായ കാഴ്ച്ചയാണ്.

മനോധർമ്മ ആട്ടങ്ങൾ: 

സൗഗന്ധികം ഹനൂമാൻ വിചാരം