രാഘവ നരപതേ ശൃണു മമ വചനം

രാഗം: 

തോടി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

ബാലി

അന്യോന്യം തുല്യവീര്യൗ സുരവരതനയൗ ഘോരമായ് ചെയ്തു യുദ്ധം

അന്നേരം സൂര്യസൂനു രണമതിലധികം ദീനനായ് നോക്കി രാമം

ധന്യോസൗ രാജരത്നം കപിവരഹൃദയേ താഡയാമാസ ബാണം

നന്നായേറ്റിന്ദ്രസൂനു വിരവൊടു നിഹതൻ ചൊല്ലിന്നാൻ രാമമേവം

രാഘവ നരപതേ ശൃണു മമ വചനം

എന്നെ നേരിട്ടു കൊല്ലുവാന്‍ പണിയായി

നാന്നായൊളിച്ചു ചതി ചെയ്തതു ചേരാ

നേരിട്ടു നിന്നു മമ പോർ ചെയ്തുവെങ്കിലോ

വീര ഇതിന്നു മുമ്പിൽ കൊല്ലുമല്ലോ ഞാൻ

നല്ലോർ ദശരഥനു സൂനുവായ് വന്നു ഭവാൻ

വല്ലാതെ ജനിച്ചെന്നു കരുതുന്നേൻ ഹൃദയേ

വീരരൊളിച്ചു ചതി ചെയ്കയില്ലല്ലൊ നൂനം

പാരമല്പനാകയാൽ ഏവം ചെയ്തതെന്നെ നീ

താരയെന്നോടുരച്ചു ഇവൾ വാക്കിനെ  മറുത്തു

പോരിനിവിടെവന്നു ഹതനായി നിന്നാൽ

വാനരമാംസം ഭുജിപ്പതിനു യോഗ്യമോ

മാനുഷമണേ ചര്‍മ്മം ഒന്നിനുമാകാ

കാനനേ വസിക്കും ഞാന്‍ നിന്നുടെ നഗരിയില്‍

നൂനമൊരപരാധം ചെയ്തവനല്ലാ

അർത്ഥം: 

ശ്ലോകം:-തുല്യബലരായ ബാലിസുഗ്രീവന്മാർ ഭയങ്കരമായി യുദ്ധം ചെയ്തു. ഇടക്കിടെ സുഗ്രീവൻ ദീനതയോടേ ശ്രീരാമനെ നോക്കി; ആ രാജശ്രേഷ്ഠൻ വാനരരാജാവായ ബാലിയുടെ മാറിൽ ഒരസ്ത്രം ഏൽപ്പിച്ചു. അമ്പേട് മരിക്കാറായ ബാലി രാമനോട് ഇങ്ങനെ പറഞ്ഞു.

പദം:- അല്ലയോ രാഘവ എന്റെ വാക്കുകൾ കേട്ടാലും. നേരിട്ടു നിന്ന് എന്നെ നിനക്ക് കൊല്ലാൻ സാധിക്കാത്തതിനാൽ നീ എന്നെ ഓലിച്ചിരുന്ന് അമ്പെയ്തു. നേരിട്ടു വന്ന് എന്നോട് എതിർത്താൽ ഞാൻ നിന്നെ കൊല്ലും. ദശരഥന്റെ പുത്രനായ നീ വീരൻ തന്നെ എങ്കിലും ഒളിയുദ്ധം ചെയ്യില്ല. അല്പനായതിനാൽ നീ എന്നോടിങ്ങനെ ചെയ്തു. താര എന്നോടു പറഞ്ഞപ്പോൾ ഞാൻ അവളുടെ വാക്കുകളെ എതിർത്തു. യുദ്ധത്തിനായി വന്ന ഞാൻ കൊല്ലപ്പെട്ടു. കുരങ്ങന്റെ മാംസം ഭക്ഷിക്കാൻ യോഗ്യമല്ല, തൊലിയും ഒന്നിനും കൊള്ളില്ല. കാട്ടിൽ താമസിക്കുന്ന ഞാൻ നിന്റെ രാജ്യത്ത് വന്ന് എന്തപരാധം ആണ് ചെയ്തത്?