ധന്യേ വസിക്ക പോയ് നീ

രാഗം: 

പാടി

താളം: 

ചെമ്പ 20 മാത്ര

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

രാവണന്‍

ചരണം 4
ധന്യേ വസിക്ക പോയ് നീ നിശാന്തത്തില്‍
നിന്നോടിതൊന്നും ഞാനേകിയില്ലല്ലോ
പിന്നെയുമീവണ്ണമുരചെയ്യായ്ക വേഗാല്‍
എന്നാണ പോക നീ മാനിനിമൌലേ

അർത്ഥം: 

ധന്യേ വസിക്ക പോയ് നീ:- ധന്യേ, അന്ത:പുരത്തില്‍‌പോയ് വസിക്കുക. നിന്നോടിതിനേക്കുറിച്ചൊന്നും ഞാന്‍ പറഞ്ഞില്ലല്ലൊ. ഇനിയും ഈവിധം പറയരുത്. അഭിമാനികളില്‍ ശ്രേഷ്ഠയായവളെ, ഞാനാണെ സത്യം നീ പോയാലും.

അരങ്ങുസവിശേഷതകൾ: 

ചരണാന്ത്യത്തില്‍ രാവണന്‍ മണ്ഡോദരിയെ ആലിംഗനംചെയ്തുകൊണ്ട് ഇരട്ടിയെടുത്ത് മണ്ഡോദരിയെ അയക്കുന്നു. മണ്ഡോദരി നിഷ്ക്രമിച്ചശേഷം രാവണന്‍ തിരിഞ്ഞുവന്ന് ആട്ടം തുടങ്ങുന്നു.

ശേഷം ആട്ടം-

രാവണൻ‍:’സീതയുടെ സൌന്ദര്യാദിഗുണങ്ങള്‍ കേട്ടതിനാല്‍ കാമദേവന്‍ എന്നെ വല്ലാതെ പീഡിപ്പിക്കുന്നു. അവളെ ലഭിക്കുവാന്‍ വഴിയെന്ത്? സീതയുടെ സമീപത്തുചെന്ന് എന്റെ മഹിമകള്‍ പറഞ്ഞാല്‍ അവള്‍ എനിക്ക് സ്വാധീനമാകും. എന്നാല്‍ അവളോരു മനുഷ്യസ്ത്രീയല്ലെ, എന്റെ ഈ ആകാരം കണ്ടാല്‍ ഭയപ്പെട്ട് ഒളിക്കുകയില്ലെ? ആ, വേഷം മാറിയിട്ടുവേണം ചെല്ലുവാൻ‍. ഒരു സന്ന്യാസിവേഷം ധരിക്കുകതന്നെ. ആ രാമലക്ഷ്മണന്മാര്‍ ഖരദൂഷണാദികളെയെല്ലാം കൊന്നു. ലക്ഷ്മണനാകട്ടെ എന്റെ സോദരിയുടെ അംഗച്ഛേദവും ചെയ്തു. അതിനാല്‍ അവര്‍ ശത്രുക്കള്‍ തന്നെ. ഛീ, മനുഷ്യകീടങ്ങളോട് യുദ്ധംചെയ്യുന്നത് എനിക്ക് തീര്‍ച്ചയായും അപമാനകരമാണ്. സീതയെകൊണ്ടുപോന്നുതന്നെ അവരോട് പകരംവീട്ടണം. രാമലക്ഷ്മണന്മാരെ ദൂരേക്ക് അകറ്റിയിട്ടുവേണം സീതയുടെ അടുത്തുചെല്ലുവാൻ‍. അതിനു് ഉപായം എന്ത്?‘ (ആലോചിച്ചിട്ട്) ‘ആകട്ടെ മായാപ്രയോഗത്തില്‍ വിദഗ്ദ്ധനായ അമ്മാവനെകണ്ട് വിവരം പറയുകതന്നെ.’

രാവണന്‍ നിഷ്ക്രമിക്കുന്നു.