മുകുന്ദമുഖപങ്കജാകലിതമന്ദ്രശംഖദ്ധ്വനി

രാഗം: 

ശങ്കരാഭരണം

ആട്ടക്കഥ: 

കിർമ്മീരവധം

മുകുന്ദമുഖപങ്കജാകലിതമന്ദ്രശംഖദ്ധ്വനി
മ്മുഹുര്‍മ്മുഹുരു ദഞ്ചിതസ്തദനു ശുശ്രുവേ പാണ്ഡവൈ:
പ്രവൃദ്ധപുളകാംഗകാ: പ്രചുരഭക്തിമന്തസ്ത്വമീ
പ്രയാതുമഭിമാധവം പ്രസഭമുത്സുകാശ്ചഭവന്‍

അർത്ഥം: 

മുകുന്ദന്റെ മുഖപങ്കജത്തില്‍നിന്നും വീണ്ടും വീണ്ടും പുറപ്പെടുന്ന ശംഖദ്ധ്വനി കേട്ട് പരമഭക്തരായ പാണ്ഡവര്‍ പുളകമണിഞ്ഞുകൊണ്ട് മാധവനെ എതിരേല്‍ക്കാന്‍ ഉത്സുകരായി.

അരങ്ങുസവിശേഷതകൾ: 

ശ്ലോകത്തില്‍ ‘ശംഖദ്ധ്വനി’ എന്നതിനൊപ്പം ശംഖ്- വലന്തല നാദങ്ങള്‍ പുറപ്പെടുവിക്കുന്നു. അതുകെട്ട് ധര്‍മ്മപുത്രന്‍ ഇരുവശങ്ങളിലേക്കും മാറിമാറി നോക്കി ശ്രദ്ധിക്കുന്നു. അത് ഭഗവാന്റെ പാഞ്ചജന്യമാണെന്ന് മനസ്സിലാക്കി സന്തോഷസംഭ്രമങ്ങളോടെ‘എവിടെ?,എവിടെ?’ എന്നു നോക്കുന്നു. ‘പുളകാംഗക’ എന്നിടത്ത് പുളകംനടിച്ചിട്ട് കൂടുതല്‍ ഭക്തിയോടെ കണ്ണുകളടച്ച് നില്‍ക്കുന്നു.

ശ്ലോകത്തിന്റെ അന്ത്യത്തോടെ രംഗമദ്ധ്യത്തില്‍ അല്പം‌പിന്നിലായി പീഠത്തില്‍ പാഞ്ചജന്യധാരിയായി നിന്നുകൊണ്ട്, കോപഭാവത്തില്‍(തിരശ്ശീലതാഴത്തി) ശ്രീകൃഷ്ണന്‍ പ്രവേശിക്കുന്നു
(ചെണ്ടയില്‍ വലന്തലമേളം)
ധര്‍മ്മപുത്രന്‍ അത്ഭുതത്തോടെ‘തേജസ്സ്’ കണ്ട് തിരിഞ്ഞ് ശ്രീകൃഷ്ണനെ ദര്‍ശ്ശിക്കുന്നു. ഉടനെ ഓടിച്ചെന്ന് കുമ്പിട്ട്, ‘വരാം,ഇതാ ഇവിടെ ഇരിക്കാം’ എന്നു കാട്ടി ധര്‍മ്മപുത്രന്‍ ശ്രീകൃഷ്ണനെ എതിരേല്‍ക്കുന്നു. ധര്‍മ്മപുത്രനെ കണ്ട് കോപമടങ്ങിയ ശ്രീകൃഷ്ണന്‍ ചിരിച്ച് അനുഗ്രഹിച്ച് വന്ന് പീഠത്തില്‍ ഇരിക്കുന്നു.

അനുബന്ധ വിവരം: 

ശ്ലോകത്തെ തുടർന്ന് ശ്രീകൃഷ്ണൻ ബലഭദ്രർ,രേവതി,രുഗ്മിണിമാരോടൊപ്പം പകുതിപ്പുറപ്പാട് പണ്ട് പതിവുണ്ടായിരുന്നു. കഥാസന്ദർഭത്തിൽ അപ്രസക്തമായ ഇത് പില്ക്കാലത്ത് ഒഴിവാക്കപ്പെട്ടു. ഇപ്പോൾ കലാമണ്ഡലം ചിട്ടയിൽ ‘പകുതിപുറപ്പാടിന്’ ഈ നിലപ്പദം പാടുന്നു. ഇപ്പോൾ പതിവില്ല.

നിലപ്പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട [രംഗത്ത് പതിവില്ല]

ഭൂഭാരം തീര്‍പ്പതിനായ് ഭൂമിയില്‍ വന്നവതരിച്ച

ഭൂവനൈകനായകന്മാര്‍ ഭൂരികൃപാസാഗരന്മാര്‍

വിണ്ണവര്‍നാഥാര്‍ത്ഥിതന്മാർ ഉണ്ണികളായായര്‍കുലേ

പുണ്യവധൂഭവനന്തോറും വെണ്ണകവര്‍ന്നുണ്ണുന്നോര്‍

അവനീതന്മാരാകും അവനീശന്മാരെ വെന്നു

അവനീതലം അഴകോടെ അവനംചെയ്തീടുന്നോർ 

കാലികളും മേച്ചു വനേ ബാലകന്മാരായ് നടപ്പോര്‍

കാലിണകൈതൊഴുന്നവരെ കാലഭയാല്‍ വേര്‍പ്പെടുപ്പോര്‍

മാനിനിമാർ മനമലിയും മോഹനമെയ്ശോഭയുള്ളോർ

വാരിധിയില്‍ വിലസീടും ദ്വാരകയാം പുരിതന്നില്‍

പൌരജനങ്ങളുമായി സ്വൈരമോടെ വാഴുംകാലം

അന്തികമാഗതരാകും കുന്തീതനൂജന്മാരെ

ഹന്ത തദാ കാണ്മതിനായി ചന്തമോടങ്ങെഴുന്നള്ളി