നല്ലാര്‍കുലമണിയും

രാഗം: 

നവരസം

താളം: 

അടന്ത 28 മാത്ര

ആട്ടക്കഥ: 

കിർമ്മീരവധം

കഥാപാത്രങ്ങൾ: 

ലളിത

അർത്ഥം: 

ഇത്ഥം വിനിശ്ചിതവതീ:
അങ്ങിനെ നിശ്ചയിച്ച ആ രാക്ഷസി പാണ്ഡവര്‍ പോയ തക്കംനോക്കി സുന്ദരീവേഷം ധരിച്ച്, സന്ധ്യാസമയത്ത് ഭര്‍ത്താക്കന്മാരോട് വേര്‍പിരിഞ്ഞ പാഞ്ചാലിയുടെ സമീപത്തുചെന്ന് അവളെ കൈക്കലാക്കാന്‍ ആഗ്രഹിച്ചുകൊണ്ട് ഇങ്ങിനെ പറഞ്ഞു.

നല്ലാര്‍കുലമണിയും:
സുന്ദരീസമൂഹം അണിയുന്ന ശിരോമാല്യമേ, ഭവതി എന്റെ നല്ല മൊഴികള്‍ കേട്ടാലും. ഇരുള്‍ പോലെ മനോഹരമായ മുടിയുളളവളേ, നിന്നെ അരികില്‍ കണ്ടതിനാല്‍ ക്ലേശമകന്നു. ചന്ദ്രമുഖി, ചെന്താമര ദളത്തിനൊത്ത കണ്ണുകളോടുകൂടിയവളേ, സിംഹങ്ങള്‍ വാഴുന്ന ഈ കാട്ടില്‍ ആരും തുണയില്ലാതെ നടക്കുന്നത് നല്ലതല്ല. എന്റെ സഖീ, മഹനീയതരമായ ഗുണശീലത്തോടു കൂടിയ ബാലികേ, മാത്സരഭാവം കോണ്ടാണെന്നു തെല്ലും തോന്നരുത്. വാത്സല്യത്തോടെ ഭവതിയുടെ കുലവും നാമവും വിശദമായി പറയുക. കുട്ടിആനയുടെ ഗമനത്തെ ജയിച്ച നടത്തത്തോടുകൂടിയവളേ, ഞാന്‍ ആകാശസഞ്ചാരിണികളില്‍ ഒരുവളാണെന്ന് അറിഞ്ഞാലും. വനാതിർത്തിയില്‍ നിന്നെ കണ്ടതിനാല്‍ ഇങ്ങോട്ട് വന്നതാണ്. ഗണിക എന്നാണ് എന്റെ പേര്‍.}
 

അരങ്ങുസവിശേഷതകൾ: 

കലാമണ്ഡലം പദ്മനാഭൻ നായരുടെ “ചൊല്ലിയാട്ടം“ എന്ന പുസ്തകത്തിൽ അടന്ത 28 മാത്ര എന്നാണ്. എന്നാൽ വെള്ളിനേഴി അച്ചുതൻ കുട്ടിയുടെ “കഥകളിപ്പദങ്ങൾ” എന്ന പുസ്തകത്തിൽ അടന്ത 56 മാത്ര എന്നാണ്.  കലാമണ്ഡലം പ്രിൻസിപ്പളായിരുന്ന ശ്രീ എം.പി.എസ്സ് നമ്പൂതിരി പറയുന്നത് കലാമണ്ഡലത്തിൽ കളരി പാഠം അടന്ത 56 അക്ഷരകാലത്തിൽ തുടങ്ങി ഹരിണാംഗോപമാനനേ മുതൽ 14 അക്ഷരകാലം എന്നതാണ്. 56 അക്ഷരകാലത്തിൽ തുടങ്ങി ചരണം 28ലും അരങ്ങിൽ പതിവുണ്ട്. (“ചൊല്ലിയാട്ടം“ ആണ് വെബ്‌സൈറ്റിൽ അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്. അതിൽ 28 മാത്ര എന്ന് കൊടുത്തിരിക്കുന്നത് അച്ചടി പിശകാണോ എന്നറിയില്ല. – അഡ്മിൻ)

‘കിടതകധിം,താ’മിനൊപ്പം തന്നെ ആരെങ്കിലും കാണുന്നുണ്ടോ എന്ന് ശങ്കിച്ച് ചുറ്റും നോക്കിക്കൊണ്ട് വലതുഭാഗത്തുകൂടി പ്രവേശിക്കുന്ന ലളിത, ഇടതുവശത്തിരിക്കുന്ന പാഞ്ചാലിയെ കണ്ടിട്ട് പദം അഭിനയിക്കുന്നു. പാഞ്ചാലി ലളിതയെ കണ്ട് അത്ഭുതപ്പെട്ട് ആപാദചൂടം നോക്കിയിട്ട്, കൌതുകത്തോടെ അവള്‍ പറയുന്നത് ശ്രദ്ധിച്ചിരിക്കുന്നു.