കല്യാണീ കാൺക

You are here

രാഗം: 

പാടി

താളം: 

ചെമ്പട 32 മാത്ര

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

ദുര്യോധനൻ

ശ്ലോകം
ഉന്മീലത് പത്രവല്ലീം പൃഥുലകുചഭരാം രാജമാനദ്വിജാളീം
സാന്ദ്രച്ഛായാഭിരാമാം സ്ഫുടരസകുസുമേഷ്വാത്തഗന്ധാം നിതാന്തം
ആരാദാരാമലക്ഷ്മീമപി നിജദയിതാം വീക്ഷ്യ വിഭ്രാജമാനാം
കാലേ തസ്മിൻ കുരൂണാം പതിരിതി മുദിതഃ പ്രാഹ ദുര്യോധനാഖ്യഃ

പല്ലവി
കല്യാണീ! കാൺക മമ വല്ലഭേ!
മാമകം നല്ലോരുദ്യാനമിദം.
അനുപല്ലവി
മല്ലീസായക കേളിചെയ്‌വതിനതിവേലം
ഉല്ലാസമകതാരിൽ വളരുന്നു സാമ്പ്രതം.
ചരണം 1
ചൊല്ലാർന്ന തരു ജാലമെല്ലാം പുഷ്പിതമായി
ഉല്ലസിച്ചീടുന്നു വല്ലികളും.
മെല്ലേ മാരുതലോല പല്ലവാംഗുലികളാൽ
കല്ലോലചില്ലി നമ്മെ വിളിക്കുന്നു.
കാൺക നീ.
ചരണം 2
വിഭ്രമമെഴും നിന്റെ കുചവിജിതകുംഭമാം
അഭ്രവാരണഖേദം കാൺകയാൽ
അഭ്രവാഹനൻ നിന്റെ സന്തോഷം ലഭിപ്പാനായ്
സുഭ്രൂരത്നമേ! തന്ന നന്ദനവനം താനോ?
ചരണം 3
കോകി നിന്മുഖം കണ്ടു ചന്ദ്രനെന്നു ചിന്തിച്ചു
ഏകാന്തം വിരഹത്തെ ശങ്കിച്ചിതാ
ഏകലോചനം കൊണ്ടു കോപമോടു നിന്നെയും
ശോകമോടപരേണ നോക്കുന്നു പതിയേയും.
ചരണം 4
കേകികളിതാ നിന്റെ കേശഭംഗിയെക്കണ്ടു
കാർകൊണ്ടലിതി മോദാലാടീടുന്നു
മാകന്ദാങ്കുരജാലമാസ്വദിച്ചതിമോദം
കോകിലങ്ങളുമനുകൂലമായ് പാടുന്നു.

അർത്ഥം: 

ശ്ലോകം:-അക്കാലത്ത് കുരുക്കളുടെ പതിയായ ദുര്യോധനന്‍ വിടരുന്ന ഇലകളോടുകൂടിയ ലതകളോടും വലിയ അയനിചക്കകളോടും ശോഭിക്കുന്ന പക്ഷിക്കൂട്ടങ്ങളോടും കൂടിയതും ഇടതൂര്‍ന്ന് തണലുകൊണ്ട് അഭിരമിപ്പിക്കുന്നതും തേന്‍ നിറഞ്ഞ പൂക്കളില്‍നിന്ന് സുഗന്ധം വമിക്കുന്നതുമായ ആരാമലക്ഷിയേയും, തിളങ്ങുന്ന പത്തിക്കീറ്റണിഞ്ഞ് സ്ഥൂലിച്ച കുചഭാരത്തോടുകൂടിയവളും തിളങ്ങുന്ന ദന്തനിരയോടുകൂടിയവളും ഈടുറ്റ ദേഹകാന്തികൊണ്ട് അഭിരമിക്കുന്നവളും ശോഭിക്കുന്നവളുമായ സ്വപത്നിയേയും അടുത്തുകണ്ടിട്ട് ഏറ്റവും സന്തുഷ്ടനായി ഇങ്ങിനെ പറഞ്ഞു.
പദം:-മംഗളവതീ, എന്റെ വല്ലഭേ, എന്റെ ഈ നല്ല ഉദ്യാനം കണ്ടാലും. കാമകേളി ചെയ്യാന്‍ ഏറ്റവും തിടുക്കം. ഉള്ളിലിപ്പോള്‍ ഉല്ലാസം വളരുന്നു. ചക്രവാകപ്പിട നിന്റെ മുഖം കണ്ട് ചന്ദ്രനാണന്ന് ചിന്തിച്ച് ഏകാന്തവിരഹത്തെ വിചാരിച്ച് ഒരു കണ്ണുകൊണ്ട് കോപത്തോടെ നിന്നേയും മറ്റേകണ്ണുകൊണ്ട് ശോകത്തോടെ അവളുടെ പതിയേയും നോക്കുന്നു.