ഖേദമശേഷം തീർന്നു

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

ഭരതൻ

ഖേദമശേഷം തീർന്നു, നമുക്കിഹ മോദം വളരുന്നു

സോദര! സുമതേ! ശത്രുഘ്നാ! ശൃണു

സാദരമെൻ വചനം

ആർത്തി പെരുത്തെഴുമമ്മകളോടയി-

വാർത്തയിതോതുക വൈകീടാതെ

ആസ്ഥയോടൊത്തു സുമന്ത്രാദികളൊടു-

മാജ്ഞാപിക്കണമഖിലമിദാനീം

ജ്യേഷ്ഠൻ നാളെ വരുന്നൊരുദന്തം നാട്ടിലശേഷരുമറിയണമിപ്പോൾ

പട്ടണമഖിലമലംകൃതമാക്കണമൊട്ടും വൈകരുതതിനുമിദാനീം

ഒട്ടുക്കുള്ളൊരലങ്കാരാദികൾ കൊട്ടാരങ്ങളിലധികം വേണം

വെട്ടിയടിച്ചു വഴിയ്ക്കു നിരക്കെ-പ്പട്ടുവിരിച്ചഥ പൂ വിതറേണം

കെട്ടണമധുനാ കൊടിതോരണനിര നാട്ടണമഴകൊടു കുലവാഴകളും

കൊട്ടും ഘോഷവുമൊക്കെ മുറയ്ക്കിഹ പെട്ടെന്നിങ്ങു തുടങ്ങീടേണം

വന്ദികളൊക്കെ വരേണം ഗായക-വൃന്ദവുമങ്ങനെ നർത്തകവരരും

ഒന്നൊഴിയാതെ വരേണം കളികളി-ലൊന്നിനുമൊരുകുറവുണ്ടാകൊല്ല

ദേവാലയംതിലൊക്കെ വിശേഷാൽ സേവാദികളും ദീപാബലിയും

ആവും‌വിധമഥ പുഷ്പാഞ്ജലിയും രാവും പകലും വേണമിദാനീം

മാനവവരനേയെതിരേറ്റീടാൻ സേനകളൊക്കെ നിരന്നു വരേണം

നാനാജനനിരയൊത്തു നമുക്കും മാനമൊടങ്ങു ഗമിക്കണമുടനേ