നളചരിതം ഒന്നാം ദിവസം

കഥാസാരം

രംഗം 1

നളമഹാരാജാവിന്റെ കൊട്ടാരത്തിലേയ്ക്ക് വന്ന നാരദമഹർഷിയെ രാജാവ്  വന്ദിച്ച്  യഥോചിതം സ്വീകരിച്ചിരുത്തി കുശലാന്വേഷണങ്ങൾ നടത്തുന്നു. ദേവന്മാർ പോലും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന കുണ്ഡിനപുരിയിലെ ദമയന്തി നിനക്ക് അനുരൂപയാണെന്നും, അവളെ നേടാനായി യത്നിക്കണമെന്നും പറഞ്ഞു നാരദൻ  അവിടെ നിന്നും പോകുന്നു. നാരദവാക്കു കേട്ട നളൻ പിന്നീട് ദമയന്തിയുടെ രൂപഗുണങ്ങളെക്കുറിച്ച് തന്നെ ആലോചിച്ചിരിക്കുന്നു. മറ്റ് കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാൻ പറ്റാതായ നളൻ, രാജ്യഭാരം മന്ത്രിയെ ഏല്പിച്ച്‌ ഉദ്യാനത്തിലേക്കു യാത്രയാകുന്നു.

രംഗം 2

വിജനമായ ഉദ്യാനത്തിൽ വസിക്കുന്ന നളൻ അവിടെ ഒരു സ്വർണ്ണവർണമുള്ള അരയന്നത്തെ കണ്ടു കൗതുകത്തോടെ അതിനെ പിടിക്കുന്നു. ഹംസം ദയനീയമായി വിലപിച്ചപ്പോൾ നളൻ അതിനെ വിട്ടയയ്ക്കുന്നു. ആ ഹംസം ഉപകാരസ്മരണയോടെ തിരിച്ച് നളന്റെ അടുത്തെത്തി, താൻ ദമയന്തിയുടെ മനസ്സ് അറിഞ്ഞു വരാമെന്ന് പറഞ്ഞ് കുണ്ഡിനപുരിയിലെക്ക്  പോകുന്നു.

രംഗം 3

കുണ്ഡിനത്തിലെ ഉദ്യാനത്തിൽ ദമയന്തിയും തോഴിമാരും കാഴ്ചകൾ കണ്ടു നടക്കുന്നു. കാമപരവശയായ ദമയന്തി ഉദ്യാനവാസം ദുഷ്കരമായതിനാൽ തോഴിമാരോട്  കൂടി തിരിച്ച് കൊട്ടാരത്തിലേയ്ക്ക്  പോകാനൊരുങ്ങുമ്പോൾ, പറന്നു വരുന്ന സ്വർണ്ണഹംസത്തെ കാണുന്നു. ദമയന്തിയെ മെല്ലെ തോഴിമാരിൽ നിന്ന് അകറ്റി, ഹംസം തന്റെ വാക്ചാതുരിയാൽ അവളുടെ മനസ്സിലുള്ള നളനൊടുള്ള പ്രേമം വാക്കുകൊണ്ട്‌ പറയിച്ച്‌ അത്‌ ഇളക്കി ഉറപ്പിക്കുയും ചെയ്യുന്നു. ഈ വിവരം തിരിച്ച് നളനോട് പറയാൻ ദമയന്തിയും ആവശ്യപ്പെടുന്നു.

രംഗം 4

ഹംസം നിഷധരാജ്യത്തിലേക്കു തിരിച്ചു വന്നു ശോകമൂകനായി ഇരിയ്ക്കുന്ന നളനെ കാര്യങ്ങളെല്ലാം പറഞ്ഞു സമാധാനിപ്പിക്കുന്നു. ഇനി സ്മരിക്കുമ്പോൾ വരാമെന്ന് പറഞ്ഞ് ഹംസം ആകാശത്തിൽ മറയുന്നു. തുടർന്ന്‌ നളൻ ദമയന്തിയുടെ സ്വയംവരത്തിനായുള്ള ക്ഷണം സ്വീകരിച്ച്‌  കുണ്ഡിനത്തിലേയ്ക്ക് പുറപ്പെടുന്നു.

രംഗം 5

ഇവിടെ ദേവലോകമാണ് പശ്ചാത്തലം. ഇന്ദ്രനെ കാണാൻ പോകുന്ന നാരദമഹർഷിയോട്  കുശലം പറഞ്ഞ് പർവ്വതനും കൂടെ കൂടുന്നു.നാരദ പർവ്വതസംഭാഷണം.

രംഗം 6

കൂണ്ഡിനപുരിയിലേയ്ക്ക് പോകുന്ന ഇന്ദ്രാദികൾ വഴിമദ്ധ്യത്തിൽ നളനെ കണ്ടുമുട്ടുന്നു. നളൻ അവരെ വന്ദിക്കുന്നു. ദേവന്മാർ നാലുപേരിലൊരുത്തനെ വരിക്കണം എന്ന് ദമയന്തിയോട് ചെന്നു പറയാൻ ദേവന്മാർ ദമയന്തീകാമുകനായ നളനോട്  തന്നെ അഭ്യർത്ഥിക്കുന്നു. ആയതിന്നായി തിരസ്കരണി മന്ത്രം ഉപദേശിച്ച് കൊടുക്കുന്നു.

രംഗം 7

മറ്റാരും കാണാതെ ദമയന്തിയുടെ അന്തപുരത്തിൽ കടന്ന നളൻ ഇന്ദ്രന്റെ സന്ദേശം അവളെ അറിയിക്കുന്നു. തന്റെ മനസ്സിൽ ഒരു വല്ലഭൻ ഉണ്ടെന്നും അതുകൊണ്ട് ദേവന്മാർ ഇതാഗ്രഹിക്കുന്നത് ഉചിതമല്ലെന്നും ദമയന്തി ഉറപ്പിച്ച് പറയുന്നു.

രംഗം 8

നളൻ തിരിച്ചു വന്ന് ഇന്ദ്രനോട് , താൻ ഏൽപ്പിച്ച ദൗത്യം ചെയ്തുവെങ്കിലും ദമയന്തിയെ സമ്മതിപ്പിക്കാനായില്ല്യ എന്നു പറയുന്നു. എന്നാൽ സ്വയംവരത്തിനു ദമയന്തി നമ്മൾ അഞ്ചുപേരിൽ ഒരുവനേ വരിക്കൂ എന്ന് ഇന്ദ്രനും പറയുന്നു.

രംഗം 9

ദാനവനും രാക്ഷസനും തമ്മിലുള്ള സംവാദമാണിവിടെ. ഭൂമിയിലുള്ള ഒരു പെണ്ണിനെ ദേവന്മാർ മോഹിക്കുന്നതറിഞ്ഞ് അവളെ ലഭിയ്ക്കാൻ നമ്മളും ശ്രമിക്കണം എന്ന് പറഞ്ഞ്  സൈന്യസമേതരായ്  ഇരുവരും കുണ്ഡിനത്തിലേയ്ക്ക് പുറപ്പെടുന്നു.  

രംഗം 10

രാക്ഷസവീരന്മാരും ദാനവവീരന്മാരും ഉച്ചത്തിലുള്ള ശബ്ദത്തോടെ ചെന്നു കിന്നരന്മാർ, ദേവന്മാർ, നാഗന്മാർ തുടങ്ങി വിവാഹത്തിനെത്തിയവരോട്  ദമയന്തിയെ വരിക്കാൻ മോഹിക്കേണ്ടാ എന്ന് പറഞ്ഞ്  പോരിനുവിളിക്കുന്നു.

രംഗം 11

ദേവ-അസുര-നാഗ-മനുഷ്യ സമൂഹങ്ങളെ കൊണ്ട് കുണ്ഡിനം നിറഞ്ഞതു കണ്ട്‌ ഭയന്ന ഭീമരാജാവ്‌ വിഷ്ണുവിനെ ഭജിച്ചു. പ്രസന്നനായ മഹാവിഷ്ണു അയച്ച സരസ്വതീദേവി, ഭീമരാജാവിനോട്‌ ഇവിടെ വന്നിട്ടുള്ള ജനങ്ങളുടെ വംശവും മഹിമയും എല്ലാം താൻ തന്നെ വർണ്ണിക്കാം എന്ന് സമാധാനിപ്പിക്കുന്നു.

രംഗം 12

മംഗലസ്നാനം ചെയ്ത് സർവാലങ്കാര വിഭൂഷിതയായി, സരസ്വതീ സമേതയായി സ്വയംവരമണ്ഡലത്തിലെത്തിയ ദമയന്തി നിരവധി ഭൂപന്മാരുടെ ഇടയിൽ നളന്റെ തത്സ്വരൂപത്തിൽ അഞ്ചുപേരെ കാണുന്നു. തന്നെ പരീക്ഷിക്കരുതെന്ന് പ്രാർത്ഥിച്ച ദമയന്തിക്ക്  ദിക്പാലന്മാർ അവരവരുടെ ശരിക്കുള്ള സ്വരൂപം കാണിച്ചുകൊടുക്കുന്നു. വിദർഭനന്ദിനി നളന്റെ കഴുത്തിൽ വരണമാല്യം ഇടുന്നു. ഇന്ദ്രാദികളും സരസ്വതിയും നളന്  **വരദാനം ചെയ്ത് തിരോഭവിക്കുന്നു.

** നളനു കിട്ടിയ വരങ്ങൾ –

ഇന്ദ്രൻ- നീ യാഗം ചെയ്യുമ്പോൾ ഞാൻ നേരിട്ടുവന്ന് ഹവിസ്സ് സ്വീകരിക്കും (സാധാരണ അഗ്നിയാണു ഇന്ദ്രന്ന് ഹവിസ്സ് എത്തിക്കുന്നത്). നിനക്ക് ശിവസായൂജ്യം ലഭിക്കും.

അഗ്നി- പാചകം ചെയ്യുന്നതിലും കത്തുന്നതിലും പൊള്ളുന്നതിലും ഞാൻ നിനക്ക് അധീനനായിരിക്കും, നീ വെച്ചുണ്ടാക്കുന്ന കറികൾ അമൃതിനുസമം സ്വാദിഷ്ടമായിരിക്കും.

യമൻ- ആപത്തിലും നിന്റെ ബുദ്ധി അധർമ്മം പ്രവർത്തിക്കില്ല. എല്ലാ ആയുധവിദ്യകളും നിനക്ക് സ്വായത്തമാകും.

വരുണൻ – നീ സ്പർശിക്കുന്ന പൂക്കൾ ഒരിക്കലും വാടാതെ നിൽക്കും; മരുഭൂമിയിൽ പോലും നിനക്ക് വേണ്ടുവോളം വെള്ളം ലഭിക്കും.

സരസ്വതി- ക്ലേശമില്ലാത്ത യമകവും അമൃതം പോലെ പദങ്ങളും, അർത്ഥഗാംഭീര്യം തുടങ്ങിയ സാഹിത്യഗുണങ്ങളുമായ സാരസ്വതം നിനക്കും നിൻ ദയിതയ്ക്കൂം നിന്നെ നിനയ്ക്കുന്നവർക്കും ലഭിക്കും.